![](https://dailyindianherald.com/wp-content/uploads/2016/03/maani-chalakudi.png)
തൃശൂര്‍: കലാഭവന്‍ മണിക്ക് ബോധപൂര്‍വ്വം വിഷം നല്‍കിയതെന്ന് വിലയിരുത്തലിലേക്ക് അന്വേഷണ സംഘം നീങ്ങുന്നു. മദ്യാപാനത്തിലൂടെ വിഷാംശം ശരീരത്തില്‍ ചെന്നിട്ടില്ലെന്നും അതിനുശേഷമാണ് വിഷം അകത്തുചെന്നതുമെന്നുമാണ് പോലീസിന്റെ വിലയിരുത്തല്‍. മരണത്തില്‍ സഹായികള്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ഇവരുടെ സാമ്പത്തീക ഇടപാടുകള്‍ പരിശോധിക്കാന്‍ തയ്യാറെടുക്കുകയാണ്.
അതേസമയം, മണിയുടെ സഹായികളായ അരുണ്‍, മുരുകന്‍, വിപിന്‍ എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനും തീരുമാനമുണ്ട്. ഇവര്‍ മണിയെ അപായപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായാണിത്. മണിയുടെ സുഹൃത്തുക്കളും ചലച്ചിത്രതാരങ്ങളുമായി ജാഫര്‍ ഇടുക്കി, സാബു എന്നിവരെ ഉടന്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം.
മണിയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ ഏഴു കീടനാശിനി കുപ്പികളില്‍ ക്ലോര്‍പൈറിഫോസ് അടങ്ങിയിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരിച്ചിരുന്നു. ചാലക്കുടിയില്‍ ക്ലോര്‍പൈറിഫോസ് വില്‍ക്കുന്ന നാലു കടകളുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഈ കടകളില്‍ നിന്ന് അടുത്ത ദിവസങ്ങളില്‍ ക്ലോര്‍പൈറിഫോസ് വാങ്ങിയവരെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണത്തിന്റെ അടുത്തഘട്ടം. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ചിലര്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും അന്വേഷണസംഘം സൂചിപ്പിച്ചു.
വാഴകൃഷിക്കായി സൂക്ഷിച്ചിരുന്ന കീടനാശിനിയാണ് ഇവയെന്നായിരുന്നു പറമ്പിലെ തൊഴിലാളികള്‍ പ്രതികരിച്ചത്. ഇന്നലെ പാഡി ഔട്ട് ഹൗസ് കേന്ദ്രീകരിച്ച് കീടനാശിനിക്കായി തെരച്ചില്‍ നടത്തിയ സംഘം പത്തിലധികം കുപ്പികള്‍ ശേഖരിച്ചിരുന്നു. ഇതിനുശേഷം പ്രദേശത്ത് വ്യാപകമായി നടത്തിയ തെരച്ചിലിലാണ് തറവാട്ടു വീടിന് സമീപത്തു നിന്ന് ഏഴ് കീടനാശിനി കുപ്പികള്‍ കണ്ടെത്തിയത്. ഇവയില്‍ മൂന്നെണ്ണം ഉപയോഗിക്കാത്തവയാണെന്നും പൊലീസ് കണ്ടെത്തി.
കേസില്‍ അന്വേഷണ ചുമതല ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് എസ്.പി പി.എന്‍ ഉണ്ണിരാജ ഇന്ന് അന്വേഷണ സംഘവുമായി 12 മണിക്ക് കൂടിക്കാഴ്ച്ച നടത്തും. പാഡിയില്‍ തെളിവെടുപ്പ് നടത്തുന്ന സംഘം ബന്ധുക്കളെയും സുഹൃത്തുക്കളെയും വീണ്ടും ചോദ്യം ചെയ്യും. ഇതിനിടെ കസ്റ്റഡിയിലുള്ള നാലു പേരെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. മണിയുടെ സഹായികളായ അരുണ്‍, മുരുകന്‍, വിപിന്‍, ബിനു എന്നീ നാലുപേരെയാണ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നടന്‍ ജാഫര്‍ ഇടുക്കി, ടെലിവിഷന്‍ താരം സാബുമോന്‍ എന്നിവരെ ഇനിയും വിളിച്ചു വരുത്തിയേക്കും.
മരിക്കുന്നതിനു തലേദിവസം രാത്രി നടന്ന മദ്യസല്‍ക്കാരത്തിനിടെ കലാഭവന്‍ മണി വാറ്റ് കഴിച്ചിരുന്നില്ലെന്ന് സുഹൃത്തുക്കളുടെ മൊഴി. കസ്റ്റഡിയിലുള്ള സുഹൃത്തുക്കളാണ് മൊഴി നല്‍കിയത്. ചോദ്യം ചെയ്തപ്പോള്‍ കസ്റ്റഡിയിലുള്ള എല്ലാവരും ഈ കാര്യമാണ് പറഞ്ഞതെന്നും അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
കീടനാശിനിയുടെ സാന്നിധ്യം ശരീരത്തിലുണ്ടാകാന്‍ രണ്ടു സാധ്യതകളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഒന്നുകില്‍ ബോധപൂര്‍വം മണിയുടെ സുഹൃത്തുക്കള്‍ തന്നെ കീടനാശിനി കലര്‍ത്തിയ മദ്യം നല്‍കിയതാകാം അല്ലെങ്കില്‍ മണി സ്വയം കീടനാശിനി കഴിച്ചതാകാം. ഇത്തരമൊരു നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. മണിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.