ചാലക്കുടി: കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ ആയിരിക്കാമെന്ന് ഉറപ്പിച്ച് പോലീസ്.കുടംബപരമായ പ്രശ്‌നങ്ങള്‍ അസ്വാഭാവികമായ മരണത്തിലേക്ക് വഴിവെച്ചുവെന്നാണ് പോലീസ് കരുതുന്നത്. കീടനാശിനി മണിയുടെ ശരീരത്തില്‍ എത്തിയത് തന്നെയാണ് മരണകാരണമെന്ന് പൊലീസ് ഉറപ്പിച്ചു. അതിനിടെ മണിക്ക് ഒരു വനിതാ ഡോക്ടറുമായുണ്ടായിരുന്ന അടുപ്പവും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ വനിതാ ഡോക്ടറുമായുള്ള മണിയുടെ ബന്ധത്തെ കുറിച്ച് വീട്ടുകാര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടാണ് വീടുമായി മണി അകന്നു കഴിഞ്ഞതെന്നാണ് പൊലീസ് വിലയിരുത്തല്‍. കുടുംബ പ്രശ്‌നമില്ലെന്ന വീട്ടുകാരുടെ മൊഴിയും പൊലീസ് സംശയത്തോടെ കാണുന്നു. അതുകൊണ്ട് മണിയുടെ ഭാര്യവീട്ടുകാരും സംശയ നിഴലിലാണ്.
മണിയുടെ ബന്ധുക്കള്‍ അവസാനം നടത്തിയ സാമ്പത്തീക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ഭാര്യ പിതാവിന്റെ ബിസിനസ് ബന്ധങ്ങളും കഴിഞ്ഞ ദിവസം പോലീസ് അന്വേഷിച്ചിരുന്നു.
കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. രണ്ട് സാധ്യതയ്ക്കും തുല്യ പരിഗണന നല്‍കി അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനാണ് പൊലീസ് ശ്രമിക്കുന്നത്. ആത്മഹത്യയെങ്കില്‍ അതിന്റെ കാരണം എന്തെന്ന് കണ്ടുപിടിക്കണം. മണി അറിയാതെ കീടനാശിനി കലക്കി കഴിപ്പിച്ചതാണെങ്കില്‍ അതിന്റെ സാധ്യതയും പരിശോധിക്കണം. അതിരൂക്ഷഗന്ധമുള്ള കീടനാശിനി മണി അറിയാതെ കഴിപ്പിക്കാന്‍ സാധിക്കുമോ എന്ന ചോദ്യവും ഉയരുന്നു. അങ്ങനെ കഴിക്കണമെങ്കില്‍ മണി മദ്യപിച്ചു ലക്കു കെട്ട സ്ഥിതിയിലായിരിക്കണമെന്നും നിരീക്ഷിക്കുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്.
മരണവുമായി ബന്ധപ്പെട്ട് അടുത്ത രണ്ടു ബന്ധുക്കളെ സംശയിക്കുന്നതായും മണിയുടെ മരണശേഷം ഇവരുടെ പ്രവൃത്തികളില്‍ അസ്വാഭാവികത ഉണ്ടായിരുന്നതായും ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നുമാണു അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇടുക്കിയിലെ ഒരു വനിതാ ഡോക്ടറുമായുള്ള മണിയുടെ സൗഹൃദം ഈ ബന്ധുക്കള്‍ ചോദ്യം ചെയ്തിരുന്നെന്നും ഇതേത്തുടര്‍ന്ന് ഇവരുമായി മണി അകല്‍ച്ചയിലായിരുന്നെന്നും അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മണിയുടെ മരണം കൂടുതല്‍ ദുരൂഹമായി.
മണി മരിക്കുന്നതിനു മുമ്പു കഞ്ചാവും കറപ്പും ഉപയോഗിച്ചിരുന്നെന്നു മണിയെ ചികിത്സിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ മൂത്ര സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നു. കന്നബീസ് പരിശോധനയിലൂടെയാണു കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കറപ്പ് നേരിട്ടോ വേദനസംഹാരികളിലൂടെയോ ശരീരത്തിലെത്തിയതാകാം എന്നാണു ഡോക്ടര്‍മാരുടെ നിഗമനം. വിഷമദ്യമായ മെഥനോളിന്റെ സാന്നിധ്യവും റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നു.
മരണകാരണം വിഷാംശമാണെന്നു സ്ഥിരീകരിച്ചെങ്കിലും ആന്തരികഅവയവങ്ങളുടെ രാസപരിശോധനയില്‍ കണ്ടെത്തിയ കീടനാശിനിയുടെ അംശം മൂത്രപരിശോധനയില്‍ കണ്ടെത്തിയില്ല. മാര്‍ച്ച് അഞ്ചിനു രാവിലെയാണു മണിയുടെ ശരീരത്തില്‍ വിഷാംശം കലര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഹൈ പെര്‍ഫോമന്‍സ് ലിക്വിഡ് ക്രോമാറ്റോഗ്രാഫി’ പരിശോധന നിര്‍ബന്ധമായും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത്തരം പരിശോധന നടത്തിയതായി ആശുപത്രി രേഖകളിലൊന്നും പറയുന്നില്ല. മദ്യാപാന സമയത്തല്ല വിഷാംശം ഉള്ളില്‍ ചെന്നതെന്ന് തെളിഞ്ഞതിനാല്‍ ജാഫര്‍ ഇടുക്കിയേയും സാബുവിനെയും ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്നാണ അന്വേഷണ സംഘത്തിന്റെ തീരുമാനം.