തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരികരിക്കാതെ പോലീസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ കേസില്‍ വഴിത്തിരിവായി കിടനാശിനി വില്‍പ്പനയ്ക്കാരന്റെ മൊഴി. മണിയുടെ പറമ്പില്‍ നിന്ന് കണ്ടെത്തിയ കീടനാശിനി കുപ്പികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കീടനാശിനി വാങ്ങിയത് മണിയുടെ ഭാര്യപിതാവാണെന്ന മൊഴി പോലീസിന് ലഭിച്ചതായി റിപ്പോട്ടുകള്‍ ഉളളത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. ഏതാനും ആഴ്ച്ചകളായി പാഡിയില്‍ തന്നെ തങ്ങുന്ന മണി എന്ത് കൊണ്ട് വീട്ടിലേക്ക് പോയില്ലെന്ന കാര്യം ഗൗരവമായാണ് പോലിസ് കരുതുന്നത്.
മണിയുടെ ഭാര്യ പിതാവ് സുധാകരനാണ് ആഴ്ച്ചകള്‍ക്ക് മുമ്പ് കീടനാശിനി വാങ്ങിയിരുന്നതായി വില്‍പ്പനക്കാരന്‍ മൊഴിനല്‍കിയത് കഴിഞ്ഞ ദിവസമാണ്. വര്‍ഷങ്ങളായി മണിയുടെ ഭാര്യപിതാവ് മണിയുടെ വീട്ടിലാണ് താമസിക്കുന്നത്.മണിയുടെ വീട്ടിലെ കാര്യങ്ങള്‍ നോക്കി നടത്തുന്ന സുധാകരനുമായി മണിക്ക് എന്തെങ്കിലും വിയോജിപ്പുകളുണ്ടായിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഒരു മാസത്തിനുള്ളിലാണ് ഭാര്യപിതാവ് കീടനാശിനി വാങ്ങിയതായി തെളിവ് ലഭിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഭാര്യപിതാവിനെയും ഇയാളുടെ ബന്ധുക്കളെയും പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ആഴ്ചകളായി മണി വീട്ടിലേക്ക് പോയിട്ടില്ലെന്ന് വെളിപ്പെടുത്തലുകളും ഇതുമായി ബന്ധപ്പെടുത്തി അന്വേഷിക്കുകയാണ് പോലീസ്. മണിയുടെ സഹായിയായി നിന്നിരുന്ന വിപിനും ഭാര്യയുടെ ബന്ധുവാണ്. മണിയുടെ സാമ്പത്തീക ഇടപാടുകളുമായി ബന്ധപ്പെട്ട് ഭാര്യവീട്ടുകാരുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുണ്ടായിരുന്നതായും പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അതേസമയം, കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ കീടനാശിനി വാങ്ങിയ കാര്യം ഭാര്യാപിതാവ് സമ്മതിച്ചതായാണ് ലഭിക്കുന്ന വിവരം. ഈ കീടനാശിനി തന്നെയാണോ പാടിയിലെ പറമ്പില്‍ നിന്ന് കണ്ടെടുക്കപ്പെട്ടത് എന്നതാണ് അന്വേഷണ സംഘം ഇപ്പോള്‍ പരിശോധിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ നല്‍കുന്നത് ഭാര്യപിതാവ് എതിര്‍ത്തിരുന്നതായും ഇത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നതായുമാണ് പോലീസ് കരുതുന്നത്.