മണിക്ക് പത്ത് വീടുകളും കോടികളുടെ സ്വത്തും; വിവിധ സ്ഥലങ്ങളില്‍ ഏക്കറുകണക്കിന് തോട്ടം; ഇന്‍ഷ്യൂറന്‍സ് ഇനത്തില്‍ മാത്രം മൂന്നരകോടി: സാമ്പത്തീക പ്രതിസന്ധി എന്ന വാദം തള്ളി പോലീസ്

തൃശ്ശൂര്‍: മണിക്ക് കടുത്ത സാമ്പത്തീക ബുദ്ധിമുട്ടായിരുന്നുവെന്ന വാദം പൂര്‍ണ്ണമായി തള്ളി അന്വേഷണ സംഘം.മണിക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടികളുടെ വിലവരുന്ന സ്വത്തുക്കള്‍ ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. മണിക്ക് സാമ്പത്തീക പ്രതിസന്ധകള്‍ ഉണ്ടായിരുന്നെന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് പോലീസ് ഇക്കാര്യം അന്വേഷിച്ചത്.

പത്ത് വീടും ഏക്കര്‍ കണക്കിന് പുരയിടവും മണിക്ക് ഉണ്ടെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. കോടിക്കണക്കിന് വരുന്ന ഈ വഹകള്‍ നോക്കി നടത്തുന്നത് അദ്ദേഹത്തിന്റെ ഭാര്യാപിതാവ് സുധാകരനാണ്. മണിക്ക് രൂക്ഷമായ സാമ്പത്തിക പ്രശ്‌നം ഉണ്ടെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. രജിസ്ട്രാര്‍ ഓഫീസിലും വില്ലേജ് ഓഫീസുകളിലും നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് രൂപയുടെ ഭൂമിയുണ്ടെന്ന് തെളിഞ്ഞു. നിലവിലുള്ള പത്ത് വീടുകളില്‍ കൂറ്റന്‍ ബംഗ്ലാവുകള്‍ ഉള്‍പ്പെടെയാണ് പത്തുവീടുകളുള്ളത്. ഇതില്‍ കൂടുതലും വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. പലയിടത്തുമായി ഏക്കര്‍ കണക്കിനാണ് ഭൂമി. പാടി സ്ഥിതി ചെയ്യുന്ന സ്ഥലം മാത്രം ഒരേക്കറാണ്. ഇതിന് രണ്ടു കോടി രൂപയോളം വിലമതിക്കും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചേനത്തുനാട് സെന്ററില്‍ മറ്റൊരു വലിയ പറമ്പും മണിയുടെ പേരിലുണ്ട്. ഇരുപതിനും അമ്പതിനും ഇടയ്ക്ക് സെന്റുകളിലായി മറ്റു പലയിടത്തും വേറെയും ഭൂമികളുണ്ട്. അടിമാലിയില്‍ ഒരു തോട്ടമുണ്ട്. പാടിയുടെ തൊട്ടടുത്തുള്ള മൂന്നേക്കര്‍ ജാതിത്തോട്ടം വാങ്ങാന്‍ കലാഭവന്‍ മണി തീരുമാനിച്ചിരുന്നു. ചാലക്കുടിയിലെ ഒരു പ്രമുഖ വിദ്യാഭ്യാസസ്ഥാപന ഉടമയുടേതാണ് ഈ ഭൂമി. അഞ്ച് കോടി രൂപയ്ക്ക് വാങ്ങുന്നതിന് രണ്ടുമാസം മുമ്പ് ടോക്കണും നല്‍കിയിരുന്നു. ചാലക്കുടി പ്രാന്തപ്രദേശത്ത് വലിയൊരു ഫ്‌ളാറ്റ് പണിയുന്നതിനുള്ള ഒരുക്കത്തിലുമായിരുന്നു.

കലാഭവന്‍ മണി സ്വന്തം പേരില്‍ എടുത്തിട്ടുള്ള ഇന്‍ഷ്വറന്‍സ് പോളിസികള്‍ തന്നെ കോടികളുതേടാണ്. ഇവയുടെ കാലാവധിയും പൂര്‍ത്തിയായിട്ടുണ്ട്. ഈയിനത്തില്‍ മൂന്നരക്കോടിയാണ് മണിയുടെ കുടുംബത്തെ കാത്തുകിടന്നിരുന്നത്. മൂന്നുമാസം കൂടുമ്പോള്‍ മൂന്നര ലക്ഷം രൂപ പുതിയ പോളിസികള്‍ക്കായി അടയ്ക്കുന്നുമുണ്ട്. ഇത്തരത്തില്‍ നോക്കുമ്പോള്‍ മണിക്ക് സാമ്പത്തിക പ്രശ്‌നം ഉള്ളതായി കരുതാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇത്തരം പ്രചരണങ്ങളെ മുളയിലെ നുള്ളുകയാണ് അന്വേഷണ സംഘം.

അതിനിടെ, മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ ചാലക്കുടി പുഴയില്‍ തെരച്ചില്‍ നടത്തി. ഔട്ട് ഹൗസായ പാടിയുടെ തൊട്ടുതാഴെയുള്ള ഭാഗത്തായിരുന്നു പരിശോധന. വഞ്ചിയിലെത്തിയ അന്വേഷണ സംഘത്തോടൊപ്പം പരിസരത്തെ മുങ്ങല്‍ വിദഗ്ദ്ധരും ഉണ്ടായിരുന്നു. ഇരുപത്തിയഞ്ച് അടിയോളം ആഴമുള്ള പുഴയില്‍ മുങ്ങി പരിശോധിച്ചെങ്കിലും പറയത്തക്ക തെളിവുകളൊന്നും ലഭിച്ചില്ല. പെര്‍ഫ്യൂം അടക്കമുള്ള കുപ്പികള്‍ കണ്ടെത്തിയെങ്കിലും അന്വേഷണത്തിന് അനുകൂലമായ തെളിവുകളൊന്നും പൊലീസിന് ലഭിച്ചില്ല. രാവിലെ ആരംഭിച്ച പുഴയിലെ തെരച്ചില്‍ വൈകിട്ട് മൂന്നോടെയാണ് അവസാനിപ്പിച്ചത്. ഒട്ടേറെ കുപ്പികള്‍ തീരത്തും പുഴയിലുമായി കണ്ടെത്തി. ഇതില്‍ രാസ വസ്തുക്കള്‍ അടങ്ങിയ കുപ്പികളുമുണ്ട്. ഇവയെല്ലാം വിദഗ്ദ്ധ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.

Top