തൃശൂര്‍: ചേട്ടന്‍ നായകനായാല്‍ സാറ്റലൈറ്റ് റൈറ്റ് നല്‍കിലെന്ന പറഞ്ഞ് ചാനലുകള്‍ ഇപ്പോള്‍ ചേട്ടന്റെ മരണം ആഘോഷിക്കുകയാണെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍. മരണം ആത്മഹത്യയാക്കി മാറ്റാനാണു ശ്രമമെങ്കില്‍ വിട്ടുകൊടുക്കില്ലെന്നു സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍. പട്ടിണി കിടന്നു മരിക്കേണ്ടി വന്നാലും ചേട്ടന്റെ മരണത്തിനു പിന്നിലെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
തൃശൂര്‍ സാഹിത്യ അക്കാഡമി ഹാളില്‍ വേലൂര്‍ പുനര്‍ജ്ജനി ജീവജ്വാല കലാസമിതി നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാമകൃഷ്ണന്‍. എന്റെ ചേട്ടനെ കൊന്നത് ഞാനും എന്റെ ജ്യേഷ്ഠത്തിയമ്മയുടെ അച്ഛനുമാണെന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
സുഹൃത്തുക്കളുടെ കാന്തികവലയത്തിലായിരുന്നു ചേട്ടന്‍. വീട്ടിലേയ്ക്ക് വിടാന്‍ പോലും സുഹൃത്തുക്കള്‍ തയ്യാറായിരുന്നില്ല. അവസാന കാലത്ത് കൂട്ടുകാരില്‍ നിന്നും വിട്ടുപോരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ഒരു മിഠായിക്ക് പോലും വഴക്കിടാത്ത സഹോദരങ്ങളായിരുന്നു തങ്ങള്‍. എന്നാല്‍ സുഹൃത്തുക്കളുടെ കാര്യം പറഞ്ഞ് പലപ്പോഴും ഞങ്ങള്‍ തമ്മില്‍ വഴിക്കിട്ടിട്ടുണ്ട്. മൂന്ന് മാസം മുമ്പ് ധ്യാനത്തില്‍ പങ്കെടുക്കാനായി അദ്ദേഹത്തെ വിളിച്ചപ്പോള്‍ വരാന്‍ തയ്യാറായിരുന്നു. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ വന്നില്ല.
ചേട്ടത്തി ചേട്ടന്റെ തണലില്‍ മാത്രം ജീവിച്ച സാധാരണ വീട്ടമ്മയാണ്. ഇത്തരത്തില്‍ ദുഷ്പ്രചാരണം നടത്തുന്നത് ചേട്ടന്റെ ആത്മാവ് പോലും പൊറുക്കില്ല. ഞങ്ങളുടെ വീടിന് മുന്നില്‍ മാധ്യമവേട്ടയാണ് നടക്കുന്നത്. ഊഹാപോഹങ്ങള്‍ അടിച്ചുവിടുകയാണ്. പത്രദൃശ്യ സോഷ്യല്‍ മാധ്യമങ്ങള്‍ തന്റെ ചേട്ടനെ വര്‍ഷങ്ങളായി വേട്ടയാടുകയാണ്. അര്‍ബുദമാണെന്നും എയ്ഡ്‌സ് ആണെന്നും പ്രചരിപ്പിച്ചു. ഒരു വര്‍ഷമായി മെഡിക്കല്‍ പരിശോധനകള്‍ക്ക് പോലും പോകാന്‍ പേടിയായിരുന്നു. മാധ്യമചര്‍ച്ചകളില്‍ നിന്നും മനഃപൂര്‍വ്വം അകലം പാലിക്കുകയാണ് ഞങ്ങളുടെ കുടുംബം. എന്റെ ചേട്ടന്റെ സിനിമകള്‍ക്ക് സാറ്റലൈറ്റ് നല്‍കാത്ത ചാനലുകള്‍ ഇപ്പോള്‍ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ലൈവ് ഷോ ആക്കിയാണ് റേറ്റിങ് ഉണ്ടാക്കുന്നത്. ഇത്തരം കുപ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.