![](https://dailyindianherald.com/wp-content/uploads/2016/03/mani-3.png)
തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പാതിവഴിയില്‍ നിലച്ചിട്ടും ക്‌സറ്റഡിയിലുള്ള മുഴുവന്‍ പേരെയും വിടാതെ പോലീസ് അന്വേഷണം തുടരുന്നു. മണിയുടെ ഭാര്യാ സഹോദരനായ വിപിന്‍, സുഹൃത്തും സഹായിയുമായ അരുണ്‍, ഭക്ഷണം പാചകം ചെയ്ത മുരുകന്‍ എന്നിവരാണ് ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. നിയമപരമായി ഇത്രയും ദിവസം പോലീസ് കസ്റ്റഡി അന്യായമായതിനാല്‍ കസ്റ്റഡിയിലുള്ള വിവരം പോലീസ് വെളിപ്പെടുത്തുന്നില്ല.
മാര്‍ച്ച് 7 ന് പോലീസ് കസ്റ്റഡിയിലെടുത്ത ഇവരെ അഞ്ജാത കേന്ദ്രത്തിലേക്ക് അന്വേഷണസംഘം ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്. മണി കഴിച്ച വ്യാജ ചാരായത്തിലെ കീടനാശിനിയും വിഷവുമാണ് മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം കൃത്യതയില്ലാതെ അവസാനിപ്പിച്ചാല്‍ മറ്റ് ഏജന്‍സികളുടെ തുടരന്വേഷണത്തില്‍ മാനക്കേടുണ്ടാകുമെന്നതിനാല്‍ വളരെ കര്‍ക്കശമായാണ് അന്വേഷണം നീങ്ങുന്നത്. അത് കൊണ്ട തന്നെ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിലും ഡിജിപി വിലക്കേര്‍പ്പെടുത്തി. കാക്കനാട് ലബോറട്ടറിയില്‍ നിന്ന് ലഭിച്ച പരിശോധനാ ഫലം മാധ്യമങ്ങളാണ് അന്വേഷണത്തെ വഴിതെറ്റിക്കുന്ന രീതിയിലേക്ക് പ്രചരിപ്പിച്ചതെന്ന നിലപാടിലാണ് ഉന്നത ഉദ്യേഗസ്ഥരുള്ളത്.
മണിയും സംഘവും ചാരായം കഴിച്ചുവെന്നും ഗുരുതരമായ കരള്‍ രോഗമുണ്ടായതിനാല്‍ അത് മണിയുടെ മരണത്തിന് കാരണമാകുകയായിരുന്നുവെന്നുള്ള നിഗമനമാണ് തൃശൂര്‍ ഐജി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനുള്ളത്. ചാരായത്തില്‍ വീര്യം കൂട്ടാന്‍ ചേര്‍ത്ത കീടനാശിനി തന്നെയാകും മരണത്തിന് കാരണമായിരിക്കുകയെനാനണ് നിഗമനം. ഇതിന്റെ അളവ് എത്രയെന്ന് വിദഗ്ധ പരിശോധനയിലൂടെ വ്യകതമായാല്‍ അത് കേസില്‍ നിര്‍ണ്ണായകമാവും.
കാക്കനാട് ഫോറന്‍സിക് ലാബില്‍ നിന്ന് കിട്ടിയ മണിയുടെ ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ടിനു പുറമേ ഇപ്പോള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ലാബിലെ വിദഗ്ധ റിപ്പോര്‍ട്ടിനായാണ് അന്വേഷണ സംഘം കാത്തിരിക്കുന്നത്.
പാഡിയിലെ വസതിയിലെ പറമ്പില്‍ നിന്ന് കണ്ടെടുത്ത രണ്ട് കീടനാശിനി കുപ്പികള്‍ സംബന്ധമായി കടക്കാരന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് മണിയുടെ ഭാര്യാപിതാവിനെ നേരത്തെ അന്വേഷണം സംഘം രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ താന്‍ കൃഷിയാവശ്യത്തിനായി വാങ്ങിയതാണ് കീടനാശിനിയെന്നാണ് ഭാര്യാപിതാവ് സുധാകരന്‍ മൊഴി നല്‍കിയിരുന്നത്.
ചാരായം മണിയുടെ വസതിലെത്തിച്ചത് ഇപ്പോള്‍ ഗള്‍ഫിലുള്ള സുഹൃത്താണെന്നും പോലീസിന് തുടക്കത്തില്‍ തന്നെ വിവരം ലഭിച്ചിരുന്നു.മീഥെയ്ല്‍ഈഥെയ്ല്‍ ആല്‍ക്കഹോളുകള്‍ മണിയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് ആദ്യം അമൃത ഹോസ്പിറ്റലും പിന്നീട് കാക്കനാട് കെമിക്കല്‍ ലാബും നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ സ്ഥിതിക്ക് അറസ്റ്റ അനിവാര്യമാകുമെന്നാണ് സൂചന.
അതുകൊണ്ട് തന്നെ ഹൈദരാബാദില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ചില കടുത്ത നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.നിരോധിക്കപ്പെട്ട ചാരായം വാറ്റിയവരും എത്തിച്ചവരും കുടിച്ചവരുമെല്ലാം പ്രതികളാകുമെന്നു തന്നെയാണ് ലഭിക്കുന്ന വിവരം.
നിരോധിക്കപ്പെട്ടവ ശരീരത്തില്‍ കണ്ടെത്തിയതായി അമൃത ഹോസ്പിറ്റല്‍ അധികൃതര്‍ വിവരം നല്‍കിയ ഉടനെ കേസെടുത്ത് തുടര്‍നടപടി അടിയന്തിരമായി സ്വീകരിക്കേണ്ടിയിരുന്ന ചേരാനല്ലൂര്‍ പോലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരുന്നത്. നിരോധിക്കപ്പെട്ടവ ഉപയോഗിച്ച് ആരെങ്കിലും മരണപ്പെട്ടാല്‍ മരണപ്പെട്ടവരെയടക്കം പ്രതിയാക്കി ആദ്യം സിആര്‍പിസി 174 പ്രകാരം കേസ് എടുക്കുകയും പിന്നീട് ചാര്‍ജ് കൊടുക്കുമ്പോള്‍ പ്രസ്തുത വ്യക്തിയെ കുറവ് ചെയ്യുകയും ചെയ്യാമെന്നാണ് നിയമത്തില്‍ പറയുന്നത്.
ഹൈദരാബാദിലെ വിദഗ്ധ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം സ്ഥിരീകരിച്ചാലും ഇല്ലെങ്കിലും നിരോധിക്കപ്പെട്ട ചാരായം മരണകാരണമായെന്ന് ഉറപ്പുവരുത്തിയാല്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരടക്കം പ്രതികളാകും.ഇതിന് വേണ്ടിയാണ് മറ്റുള്ളവരെ വിട്ടയച്ചിട്ടും ഇവരെ മാത്രം വിട്ടയക്കാതെ ഇരിക്കുന്നാണ് അറിയുന്നത്. മണിക്ക് ബോധപൂര്‍വ്വം വിഷം നല്‍കിയതായോ മണി വിഷം കഴിച്ചതായോ ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ആയിട്ടില്ല. അത് കൊണ്ട് തന്നെ വ്യാജ മദ്യത്തിലെ വിഷമാണ് വില്ലനായത് എന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ് .