![](https://dailyindianherald.com/wp-content/uploads/2016/04/mani.png)
തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണം സ്വാഭാവീകമാണെന്ന് വിലയിരുത്തലില്‍ പോലീസ് അടുത്ത ആഴ്ച്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മണിയുടെ രോഗം മുര്‍ച്ഛിച്ച അവസ്ഥയിലായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. മരണത്തിന്റെ തലേദിവസം മണി പതിനഞ്ച് കുപ്പി ബിയര്‍ കഴിച്ചിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇതിനൊപ്പം കടുത്ത രോഗബാധിതനാണ് താനെന്ന് മണിക്ക് അറിയാമായിരുന്നു. ഇതുകൊണ്ടാണ് കുടുംബത്തില്‍ നിന്ന് മണി അകന്നുനിന്നതെന്നും പൊലീസ് വിലയിരുത്തുന്നു. അതേ സയമം മണിയുടെ പാഡിയില്‍ സ്ഥിരമായി എത്തിയിരുന്ന സിനിമാ സീരിയല്‍ നടിയെ കൂടി പോലീസ് ഈ ദിവസങ്ങലിള്‍ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശോഷിച്ച ശരീരം മറച്ചുപിടിക്കാന്‍ ഷര്‍ട്ടിനടിയില്‍ കട്ടിയുള്ള ടീ ഷര്‍ട്ട് ധരിച്ചാണു പൊതുവേദിയില്‍ എത്തിയിരുന്നത്. മണിക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്നതിനാലാണ് കുടുംബവുമായുള്ള ബന്ധം കുറഞ്ഞതെന്ന പ്രചാരണം പൊലീസ് തള്ളുകയാണ്. ബ്രഷ് കൊണ്ട് പല്ലു തേയ്ക്കാനാവാത്തവിധം മോണയില്‍ നിന്നു രക്തം വരുന്ന തരത്തിലുള്ള അസുഖവും മണിക്കുണ്ടായിരുന്നു. ഇക്കാരണത്താല്‍ ഉമിക്കരി കൊണ്ടാണ് പല്ലു തേച്ചിരുന്നത്. കടുത്ത മഞ്ഞപ്പിത്തവും പ്രമേഹവും കാരണം ശരീരം ശോഷിച്ചിരുന്നെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശോഷിച്ച ശരീരം മറച്ചുപിടിക്കാന്‍ ഷര്‍ട്ടിനടിയില്‍ കട്ടിയുള്ള ടീ ഷര്‍ട്ട് ധരിച്ചാണു പൊതുവേദിയില്‍ എത്തിയിരുന്നത്. അത്രയും കടുത്ത രോഗമായിരുന്നു മണിക്ക്. ഇക്കാര്യം നടന് നല്ല ബോധ്യവുമുണ്ടായിരുന്നു. എന്ന് പറഞ്ഞ് ആത്മഹത്യ ചെയ്യേണ്ട സാഹചര്യവുമില്ല.
മണിയുടെ മരണകാരണം അമിത മദ്യപാനം മൂലമുണ്ടായ കരള്‍രോഗവും മഞ്ഞപ്പിത്തബാധയുമാണെന്ന് പൊലീസിനു വ്യക്തമായിട്ടുണ്ട്. മണി പ്രമേഹത്തിന് ഇന്‍സുലിന്‍ കുത്തിവയ്പ്പ് എടുത്തിരുന്നതായും തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മണിയുടേത് സ്വാഭാവികമരണമെന്ന നിലയിലുള്ള റിപ്പോര്‍ട്ട് അന്വേഷണസംഘം അടുത്തയാഴ്ച ഡി.ജി.പിക്കു കൈമാറും. മണിയുടെ ആന്തരികാവയവങ്ങളുടെയും മറ്റും പരിശോധനാ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെയാവും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കാക്കനാട്ടെ ലാബിലെ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ വിശദമായ പരിശോധനയ്ക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം രണ്ടോ മൂന്നോ ദിവസത്തിനകം ലഭിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് പ്രത്യേക മെഡിക്കല്‍ സംഘം വിലയിരുത്തും. മണിയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സിനിമാ മേഖലയില്‍ ബന്ധപ്പെട്ടവര്‍, മരണത്തിന്റെ തലേന്നു പാഡിയിലുണ്ടായിരുന്നവര്‍ തുടങ്ങിയവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഏതെങ്കിലും ദുരൂഹതയുള്ളതായി തെളിഞ്ഞിട്ടില്ല.
ശാസ്ത്രീയ തെളിവുകളും മരണം സ്വാഭാവികമെന്ന സൂചനയാണ് നല്‍കുന്നത്. പാഡിയില്‍ നിന്നും പരിസരത്തു നിന്നും കണ്ടെത്തിയ തെളിവുമുതലുകളിലും സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്. അമിതമായ ബിയര്‍ ഉപയോഗമാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. രക്തത്തില്‍ കലര്‍ന്ന വിഷാംശം കണ്ടെത്തിയുള്ള ചികില്‍സയും നടന്നില്ല. ഇതോടെ നടന്‍ മരണത്തിലേക്ക് വീഴുകയായിരുന്നു. മണിയുടെ മരണത്തിന്റെ തലേദിവസം നടന്നതെല്ലാം കൃത്യമായി തന്നെ പൊലീസ് വിശകലനത്തിന് വിധേയമാക്കി. അതിന് ശേഷമാണ് നിഗമനത്തില്‍ എത്തിയത്. ഹൈദരബാദിലെ ലാബില്‍ നിന്ന് ഞെട്ടിക്കുന്ന പരിശോധനാ ഫലം വന്നാല്‍ മാത്രമേ ഇത് മാറുകയുള്ളൂ. മരണത്തിന്റെ തലേന്ന് നടന്‍ ജാഫര്‍ ഇടുക്കിയും തരികിട സാബുവും വരുമെന്നറിഞ്ഞ് രാവിലെ കരുതിയിരുന്ന ഏഴു കുപ്പി ബിയറിനു പുറമേ പത്തു കുപ്പി ബിയറും നാലു കുപ്പി വിദേശമദ്യവും സംഘടിപ്പിച്ചു വച്ചിരുന്നു. പെപ്‌സി കോളയും കരുതി. മണിക്കു നല്‍കാനായി ജാഫറും കൂട്ടരും നാലു കുപ്പി ബിയര്‍ കൊണ്ടുവന്നിരുന്നു.
അവിടെയെത്തിയ സുഹൃത്തുക്കളില്‍ മൂന്നുപേരൊഴികെയുള്ളവരെല്ലാം മദ്യം കഴിച്ചിരുന്നു. അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വീര്യമുള്ള മദ്യം പൂര്‍ണമായും ഒഴിവാക്കിയിരുന്ന മണി അന്ന് പതിനഞ്ചിലേറെ കുപ്പി ബിയര്‍ കഴിച്ചതായാണ് സുഹൃത്തുക്കള്‍ നല്‍കിയ മൊഴി. കൂടുതല്‍ മദ്യം കഴിച്ച തരികിട സാബുവിനെ കാറില്‍ കൊണ്ടുവിടാന്‍ മണിയാണു നിര്‍ദേശിച്ചത്. സാബു മദ്യപിച്ചിട്ടില്ലെന്ന മൊഴി തെറ്റാണെന്ന് പൊലീസിന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ ഈ മൊഴിയും മണിയുടെ മരണവുമായി യാതൊരു ബന്ധവുമില്ലെന്നും പൊലീസ് കണ്ടെത്തി. അന്നു രാത്രി ഒരു മണിയോടെ മണി ഉണര്‍ന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും ചോറ് വേണമെന്നും പറഞ്ഞു. സുഹൃത്തുക്കള്‍ ഭക്ഷണം നല്‍കുകയും ചെയ്തു. ഉറങ്ങുന്നതിനു മുമ്പും ബിയര്‍ കഴിച്ചു. ചാലക്കുടിയിലെ ഒരു ഹോട്ടലില്‍ പ്രതിമാസം കൂട്ടുകാര്‍ക്കുള്ള ഭക്ഷണത്തിന്റെ വകയില്‍ മാത്രം ഒരു ലക്ഷത്തോളം രൂപയാണു മണി നല്‍കിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
അന്വേഷണ പുരോഗതി വിലയിരുത്തുന്ന പൊലീസ് മേധാവി ടിപി സെന്‍കുമാറിനോട് അന്വേഷണ സംഘം കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഹൈദരബാദിലെ ലാബിലെ വിവരങ്ങള്‍ പുറത്തുവരുന്നതുവരെ കാത്തിരിക്കും. മണിയുടെ ആന്തരികാവയവത്തില്‍ കീടനാശിനിയുണ്ടെന്ന കാക്കനാട്ടെ ഫോറന്‍സിക് ലാബിലെ പരിശോധനാ ഫലത്തിന് വിരുദ്ധമായവ ഹൈദരബാദിലെ ലാബിലെ റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ആന്തരികാവയവത്തില്‍ കിടാനാശിനി എത്താനുള്ള സാധ്യത പൊലീസ് കാണുന്നില്ല. കരള്‍ പ്രവര്‍ത്തന രഹിതമായതുകൊണ്ട് ഭക്ഷ്യവസ്തുക്കളില്‍ നിന്ന് കീടനാശിനെ അടിഞ്ഞതെന്ന വാദം ഒട്ടു നിലനില്‍ക്കുന്നതല്ല. അതുകൊണ്ട് തന്നെ കാക്കനാട്ടെ ലാബിലെ പരിശോധനയില്‍ പിഴവുണ്ടായി എന്നാണ് പൊലീസിന്റെ നിഗമനം.
കാക്കനാട്ടെ ലാബിലെ പരിശോധനയില്‍ മാരക കീടനാശിനിയുടെ അംശം മണിയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. ക്‌ളോര്‍ പൈറിഫോസ് എന്ന കീടനാശിനിക്ക് അതിരൂക്ഷ ഗന്ധമാണ്. സ്വാഭാവികമായും ഇതിന്റെ അളവ് കൂടുതലുണ്ടെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് മനസിലാകേണ്ടിയിരുന്നു. എന്നാലത് കണ്ടെത്താനായിരുന്നില്ല. അതേസമയം ചില വിഷഹാരികള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാലത് ഈ കീടനാശിനി ആണെന്ന് ഉറപ്പും ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്തരീകാവയങ്ങള്‍ രാസപരിശോധനക്ക് കാക്കനാട്ടെ ലാബിലേക്ക് അയച്ചത്. സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും കണ്ടെത്താന്‍ കഴിയാത്ത കീടനാശിനിയുടെ സാന്നിദ്ധ്യം കാക്കനാട്ടെ സര്‍ക്കാര്‍ ലാബില്‍ കണ്ടെത്തുകയും ചെയ്തു. ഇതോടെ ആശയക്കുഴപ്പമായി. ഇതുകൊണ്ടാണ് ഹൈദരാബാദിലേക്ക് പരിശോധനയ്ക്ക് അയച്ചത്.