ബാര്‍ക്കോഴ കേസില്‍ മാണിയുടെ ഹര്‍ജി ഹൈക്കോടതി തളളി; എന്ത് കുറ്റമാണ് സുകേശനെതിരെയുള്ളതെന്നും കോടതി

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്ക് തിരിച്ചടി. കെ.എം മാണിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. വിജിലന്‍സ് കോടതിയുടെ നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിജിലന്‍സ് എസ്. പി. ആര്‍. സുകേശനെതിരായ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ഹൈക്കോടതി അതൃപ്തിയും രേഖപ്പെടുത്തി.

ഹര്‍ജി പരിഗണിക്കവേ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചത്. സുകേശനെതിരെ തെളിവുണ്ടോ? ഉദ്യോഗസ്ഥര്‍ ഹാജരാക്കിയ സിഡിയുടെ ആധികാരികത എന്താണ്?. അന്വേഷണഘട്ടത്തില്‍ ശേഖരിച്ച തെളിവെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. ശാസ്ത്രീയ പരിശോധനകള്‍ നടത്താതെ സിഡി ഹാജരാക്കിയതെന്തിനാണ്? ബാര്‍ കോഴക്കേസില്‍ പുകമറ സൃഷ്ടിക്കുന്നതിനാണോ സുകേശനെതിരായ കേസെന്നും കോടതി ചോദിച്ചു. ബാര്‍കോഴക്കേസില്‍ വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന കെ എം മാണിയുടെഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാര്‍കോഴക്കേസില്‍ വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ ഗൂഢാലോചന നടത്തിയെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി നിയമപരമല്ലെന്നായിരുന്നു കെ എം മാണിയുടെ വാദം.

എന്തുകുറ്റമാണ് സുകേശന്റെ പേരിലുള്ളതെന്ന് കോടതി ആരാഞ്ഞു. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ മറുപടി. കുറ്റക്കാരനെങ്കില്‍ സുകേശനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതെന്തിനെന്നായി കോടതി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പുരോഗതി നാളെതന്നെ അറിയിക്കാനും ജസ്റ്റീസ് പി ഡി രാജന്‍ നിര്‍ദേശിച്ചു. ബാര്‍ കോഴക്കേസില്‍ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ എസ് പി സുകേശന്‍ ബാര്‍ ഉടമ ബിജുരമേശുമായി ഗൂഢാലോചന നടത്തിയെന്നാണ് ഉയര്‍ന്ന ആരോപണം. എസ്പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണ ചുമതല ആഭ്യന്തരവകുപ്പ് കൈമാറുകയും ചെയ്തു.

ഈ അന്വേഷണം പൂര്‍ത്തിയാകും മുമ്പ് അതേ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് കെ എം മാണിയുടെ ആവശ്യം. നാലു മന്ത്രിമാരുടെ പേര് മാധ്യമങ്ങളോട് വിളിച്ചുപറയാന്‍ സുകേശന്‍ പ്രേരിപ്പിച്ചുവെന്ന് ബിജു രമേശ് ബാറുടമകളുടെ യോഗത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാക്കിയ ശബ്ദരേഖ പരിശോധിച്ചശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയത്.

Top