മാണിയെ എതിർത്തു: സിപിഐയെ കടന്നാക്രമിച്ച് ദേശാഭിമാനി

സ്വന്തം ലേഖകൻ

കൊച്ചി: കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ കേരള കോൺഗ്രസ് – കോൺഗ്രസ് ബന്ധത്തിനൊപ്പം ഇടതു മുന്നണിയിലെ ഘടകകക്ഷികളിലും വിള്ളൽ വീഴുന്നതായി സൂചന. ഇടതു മുന്നണിയിൽ ഘടകകക്ഷികളായി പ്രവർത്തിക്കുന്ന സിപിഎമ്മും സിപിഐയും തമ്മിലാണ് മാണിയെച്ചൊല്ലി ഇപ്പോൾ ഉടക്കുന്നത്. കെ.എം മാണിയ്ക്കു പിന്തുണ നൽകിയതിനെ പരസ്യമായി എതിർത്ത സി.പി.ഐയെ രൂക്ഷമായി വിമർശിക്കുന്ന എഡിറ്റോറിയലാണ് സി.പി.എം മുഖപത്രമായ ദേശാഭിമാനി ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ തോൽവി അസ്വസ്ഥരാക്കിയത് എൽ.ഡി.എഫിലെ സഹജീവികളെയാണ്. ഇന്ദിരാ ഭവനിൽ നിന്നുള്ളതിനേക്കാൾ വലിയ മുറവിളി സി.പി.ഐക്കാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുകയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യമെന്ന് വിശദീകരിക്കുന്ന മുഖപ്രസംഗം, പ്രദേശിക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റതിന് ഇത്ര ഒച്ചപ്പാടുവേണോയെന്നും ചോദിക്കുന്നു. കോട്ടയം സംഭവ വികാസങ്ങളിൽ കോൺഗ്രസ് -മാണി തർക്കം രൂക്ഷമാവുമ്പോൾ സമാനമായ ഭിന്നതകൾ ഇടതുമുന്നണിയിലും തുടരുന്നുവെന്ന സൂചനയാണ് പുതിയ സംഭവ വികാസങ്ങൾ നൽകുന്നത്.
ഇന്ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
കോൺഗ്രസ് തോറ്റതിന് ഇത്ര വേവലാതിയോ
കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയം ആ പാർടിയെയും യുഡിഎഫിനെയും വിഷമിപ്പിക്കുന്നതിൽ അത്ഭുതത്തിന് അവകാശമില്ല. പക്ഷേ, കോൺഗ്രസിന്റെ തോൽവി ഞങ്ങളുടെ സഹജീവികളിൽ ഉൾപ്പെടെ ചിലകേന്ദ്രങ്ങളിൽ വലിയ അസ്വസ്ഥത സൃഷ്ടിച്ചതായി കണ്ടു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽനിന്ന് ഉയർന്നതിനേക്കാൾ വലിയ വിലാപവും മുറവിളിയുമാണ് ഇത്തരം കേന്ദ്രങ്ങളിൽനിന്ന് ഉണ്ടായത്. കോൺഗ്രസും കേരള കോൺഗ്രസുമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 22 ഡിവിഷനുള്ള അവിടെ കോൺഗ്രസിന് എട്ടംഗങ്ങളും കേരള കോൺഗ്രസിന് ആറംഗങ്ങളുമാണ് ഉള്ളത്. സിപിഐ എമ്മിന് ആറും സിപിഐക്ക് ഒന്നും അംഗമുണ്ട്. പി സി ജോർജിന്റെ ജനപക്ഷത്തിനും ഒരംഗം. സിപിഐ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നപ്പോൾ ജോർജിന്റെ പാർടി വോട്ട് അസാധുവാക്കി. സിപിഐ എം അംഗങ്ങൾ കേരള കോൺഗ്രസിലെ സഖറിയാസ് കുതിരവേലിക്ക് വോട്ട് ചെയ്തപ്പോൾ കോൺഗ്രസിന്റെ സണ്ണി പാമ്പാടി പരാജയപ്പെട്ടു. പ്രാദേശിക തെരഞ്ഞെടുപ്പിലുണ്ടായ ഈ പരാജയം യുഡിഎഫിനെ കൂടുതൽ ദുർബലപ്പെടുത്തുന്നതാണെന്നതിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. ഈ സമീപനത്തോടെ കോട്ടയം ജില്ലയിലെ യുഡിഎഫ് സംവിധാനം തീർത്തും ശിഥിലമാകുകയും ചെയ്തു.
കഴിഞ്ഞ തദ്ദേശഭരണതെരഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണി ചർച്ച ചെയ്‌തെടുത്ത തീരുമാനങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഈ അവസരത്തിൽ ഓർമിക്കുന്നത് നന്ന്. യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുക എന്നതായിരുന്നു അത്. ഈ ലക്ഷ്യം മുൻനിർത്തി കോൺഗ്രസും ബിജെപിയും ഒഴികെയുള്ള വ്യക്തികളെയും സഹകരിക്കാവുന്ന ഗ്രൂപ്പുകളിൽനിന്നുള്ളവരെയും സ്ഥാനാർഥികളാക്കാമെന്നും അന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനിച്ചിരുന്നു. അന്നത്തെ നിലപാടിലൂന്നിയ കാര്യം തന്നെയാണ് കോട്ടയത്ത് കണ്ടത്. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എടുത്ത നിലപാടിലും സ്വേച്ഛാപരമായ സമീപനത്തിലും എല്ലാവരിൽനിന്നും എതിർപ്പ് ഉയർന്നിരുന്നു എന്നത് മറ്റൊരു കാര്യം. അവിടെ ഒരു അധികാരമാറ്റം മിക്കവാറും എല്ലാവരും ആഗ്രഹിച്ചിരുന്നു എന്നതും മറച്ചുവയ്ക്കേണ്ടതില്ല. പ്രസിഡന്റ് രാജിവച്ചതിനെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒരു വശത്തും നേരത്തെ യുഡിഎഫിന്റെ ഭാഗമായിരുന്ന കേരള കോൺഗ്രസ് എം മറുവശത്തുമായി മത്സരിക്കാനിറങ്ങി. അവിടെ സിപിഐ എമ്മിനോ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കോ ഭൂരിപക്ഷമില്ല. ഈ സാഹചര്യത്തിൽ കോൺഗ്രസിനെ ജയിപ്പിക്കണോ എന്ന ചോദ്യം തന്നെയാണ് അവിടെ ഉയരുക. കോൺഗ്രസിനെ ജയിപ്പിക്കേണ്ട രാഷ്ട്രീയ ഉത്തരവാദിത്തം ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ടോ എന്ന ചോദ്യവും പ്രസക്തം. പ്രാദേശിക തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ കൈക്കൊണ്ട നിലപാട് നിഷേധിക്കേണ്ട സാഹചര്യം അവിടെ രൂപപ്പെടാത്തിടത്തോളം യുഡിഎഫിനെ പരാജയപ്പെടുത്തിയ നടപടി തെറ്റാണെന്ന് എങ്ങനെ ചിത്രീകരിക്കാനാകും.
രാജ്യത്താകെ കോൺഗ്രസിനും സംഘപരിവാർ നിയന്ത്രിക്കുന്ന ബിജെപിക്കും എതിരെ സുചിന്തിതമായ നിലപാടാണ് സിപിഐ എമ്മും സിപിഐ ഉൾപ്പെടെയുള്ള മറ്റ് ഇടതുപാർടികളും ജനാധിപത്യ പാർടികളും സ്വീകരിക്കുന്നത്. തീവ്രഹിന്ദുത്വത്തിലൂന്നി ബിജെപി ഇന്ത്യയിലാകെ അടിച്ചേൽപ്പിക്കുന്ന വർഗീയരാഷ്ട്രീയത്തിലും അമിതാധികാരപ്രവണതകളിലും സ്വേച്ഛാപരമായ നടപടികളിലും രാജ്യത്തെ ജനാധിപത്യ-മതനിരപേക്ഷ വിശ്വാസികൾ കടുത്ത ആശങ്കയിലാണ്. യുപി തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം സംഘപരിവാറും ബിജെപിയും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഫെഡറലിസത്തിനുമെതിരായ കടന്നാക്രമണം കൂടുതൽ ശക്തമാക്കി. അത് എല്ലാ അതിരും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ നേരിടാനും ജനങ്ങുടെ ഐക്യനിര പടുത്തുയർത്താനും ഇടതുപക്ഷ പാർടികളാണ് മുന്നിൽ നിൽക്കുന്നത്. കോൺഗ്രസ് അനുദിനം ദുർബലപ്പെടുകയും ശക്തമായ നേതൃത്വത്തിന്റെ അഭാവത്തിലെന്നോണം രാജ്യത്തെ അപായകരമായ സംഭവവികാസങ്ങൾക്കു മുന്നിൽ പകച്ചുനിൽക്കുകയുമാണ്. കോൺഗ്രസിന്റെ സമുന്നത നേതാക്കൾ ഉൾപ്പെടെ ബിജെപി വീശിയ വലയിൽ കുരുങ്ങുകയോ അതിലേക്ക് ചാടിക്കയറുകയോ ചെയ്യുന്നു. മണിപ്പൂരിൽ കോൺഗ്രസ് മന്ത്രിസഭാഗം ബിജെപിയിൽ ചേക്കേറി മുഖ്യമന്ത്രിയായി.യുപിയിലാകട്ടെ മുൻ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ ബിജെപിയിൽ അഭയം തേടി. കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളും ബിജെപി മോഹവലയത്തിൽ അകപ്പെട്ടെന്നത് നിഷേധിക്കാനും സ്വന്തം അണികളുടെ സംശയം നീക്കാനും കെപിസിസിയുടെ ആക്ടിങ് അധ്യക്ഷനുപോലും കഴിഞ്ഞിട്ടില്ല. ബിജെപി ഉയർത്തുന്ന ആപത്ത് ചെറുക്കാൻ കോൺഗ്രസിനാകില്ലെന്ന വ്യക്തമായ സൂചനകളാണ് ഇത്.
യുഡിഎഫിനെയും ബിജെപിയെയും ദുർബലപ്പെടുത്തുകയെന്ന നിലപാടിലൂന്നിയ സമീപനമാണ് കോട്ടയത്തുണ്ടായത്. അതിനെതിരെയാണ് വിവിധ കേന്ദ്രങ്ങളിൽനിന്ന് ആക്ഷേപം ഉയർന്നത്. അത് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിൽ ഊന്നിയുള്ളതാണെന്നു കരുതാനുള്ള മൌഢ്യം ആർക്കുമുണ്ടാകില്ലെന്നു കരുതാം. കോട്ടയം മറയാക്കി സിപിഐ എമ്മിനെതിരെ ഉയർത്തുന്ന ആക്ഷേപങ്ങൾ കോൺഗ്രസിന് ജയിക്കാനും കോൺഗ്രസിനെ ജയിപ്പിക്കാനുമുള്ള ശ്രമങ്ങൾ വിഫലമായതിന്റെ വികാരപ്രകടനങ്ങൾ മാത്രമായേ കാണാനാകൂ. ഒരു പ്രാദേശിക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റുപോയതിന് ഇത്രയും ഒച്ചപ്പാട് ഉണ്ടാക്കേണ്ടതുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചുപോയാൽ അവരെ കുറ്റപ്പെടുത്താനാകുമോ. കോൺഗ്രസിനെ അധികാരക്കസേരയിൽ അവരോധിക്കാൻ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കോ സിപിഐ എമ്മിനോ ചുമതലയുണ്ടോ. അഴിമതിയിൽ മുങ്ങിയ കോൺഗ്രസിനെ വിജയിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നതാണോ ധാർമികതയുടെ അടിസ്ഥാനം. ഇടതുപക്ഷഐക്യവും ജനാധിപത്യശക്തികളുടെ കൂട്ടായ്മയും അടിസ്ഥാനമാക്കി കേരളത്തിൽ വലിയ മാറ്റങ്ങൾക്ക് എൽഡിഎഫ് സർക്കാർ തുടക്കം കുറിച്ചിരിക്കുകയാണ്. അധികാരത്തിലേറിയ നാൾ മുതൽ എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ യുഡിഎഫും ബിജെപിയും കിണഞ്ഞുശ്രമിക്കുന്നു. എന്നാൽ, അവരുടെ നീക്കങ്ങൾ ഒന്നൊന്നായി പരാജയപ്പെടുകയും ജനക്ഷേമ നടപടികളുമായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുകയുമാണ്. തളരുന്ന കോൺഗ്രസിനെയും യുഡിഎഫിനെയും എങ്ങനെയെങ്കിലും താങ്ങിനിർത്താൻ വിവാദങ്ങളിലൂടെ ഊർജം പകരുന്ന മാധ്യമങ്ങൾ ഈയിടെയായി സമനില തെറ്റിയപോലെയാണ് പെരുമാറുന്നത്. വിവാദങ്ങളുടെ കാറ്റുപോകുന്നത്് അവരെ വല്ലാതെ അസ്വസ്ഥരാക്കുന്നു. ഒരേ മനസ്സോടെ ഇത്തരം ആക്രമണങ്ങളെ അതിജീവിച്ച് പുതിയ കേരളം എന്ന സ്വപ്നസാക്ഷാൽക്കാരത്തിന് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കഴിയും എന്നുറപ്പാണ്. അപസ്വരങ്ങൾക്കപ്പുറം അതാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top