![](https://dailyindianherald.com/wp-content/uploads/2016/03/MANMMM.png)
ചാലക്കുടി: നടന് കലാഭവന്‍ മണി മരിച്ചതു വിഷം ഉള്ളില്‍ച്ചെന്നാണെന്നു തെളിഞ്ഞതോടെ കൊലപാതക സധ്യതതയിലേക്ക് വിരല്‍ ചൂണ്ടിയാണ് പോലീസ് അന്വേഷണം. കലാഭവന്‍ മണി ആത്മഹത്യ ചെയ്യില്ല എന്നാണ് വിലയിരുത്തുന്നതെങ്കിലും അത്തരമൊരു സാഹചര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യ അല്ലെങ്കില്‍ കൊലപാതകം ഇതില്‍ കൊലപാതകമായിരിക്കാം മരണ എന്നതിനാണ് പോലീസ് മുന്‍തൂക്കം നല്‍കുന്നത്.
ലാഭവന്‍ മണിയുടെ മരണത്തിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മുരുകന് തമിഴ്നാട്ടില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയെന്നു വിവരം. മണിയുടെ ഔട്ട്ഹൗസ് ആയ പാടിയില്‍ പാചകക്കാരനായി കയറിക്കൂടിയ മുരുകനെ പൊലീസ് നിരന്തരം ചോദ്യംചെയ്യുന്നുണ്ട്. ഇയാള്‍ കൊലക്കേസിലടക്കം പ്രതിയാണെന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക സൂചന. കഴിഞ്ഞ ക്രിസ്മസിനു മണിയെ കാണാനെത്തിയാണ് മുരുകന് പരിചയം സ്ഥാപിച്ചത്. പിന്നീടു പാടിയിലെ സഹായിയായും പാചകക്കാരനായും മാറി. മുരുകന് അപകടകാരിയാണെന്നറിഞ്ഞു സഹോദരന് രാമകൃഷ്ണനും ബന്ധുക്കളും മണിക്കു മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒഴിവാക്കാന്‍ മണി തയാറായില്ല. ഇതും പൊലീസ് ദുരൂഹമായാണ് കാണുന്നത്.
അതിനിടെ കലാഭവന്‍ മണിയുടെ പാഡിയിലെത്തിച്ച ചാരായം ഉണ്ടാക്കിയ ആള് പൊലീസ് പിടിയിലായി. മണിയുടെ ശരീരത്തില്‍ വിഷാംശം എത്തിയത് ഈ ചാരായത്തിലൂടെയാണെന്നാണ് പൊലീസിന്റെ നിഗമനം. ഒരുമാസം മുമ്പാണ് ഈ ചാരായം ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ ചാരായം ആരെല്ലാം കഴിച്ചുവെന്നതാണ് ഇനി നിര്‍ണ്ണായകം. മണി മാത്രമേ ചാരായം കുടിച്ചിട്ടൂള്ളൂവെങ്കില്‍ അതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് കരുതുന്നു. മണിയെ പലരും സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്ന ഭാര്യ നിമ്മിയുടെ മൊഴിയും പൊലീസ് ഗൗരവത്തോടെ കാണുന്നുണ്ട്. ഇതും വിശദമായി അന്വേഷിക്കും. ആത്മഹത്യാ സാധ്യതയും പരിശോധിക്കും. മണിയുടെ സഹായികളായി കൂടെയുണ്ടായിരുന്നവര്‍ സ്റ്റേജ് ഷോകളിലും മറ്റും ലഭിച്ച തുകയില്‍ വെട്ടിപ്പു നടത്തിയതായി മണിയുടെ സഹോദരന് രാമകൃഷ്ണന് ആരോപിച്ചിട്ടുണ്ട്.
ആന്തരികാവയവ പരിശോധനാഫലത്തില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെയാണു വിഷമാണു മരണകാരണമെന്നു സ്ഥിരീകരിച്ചത്. ആത്മഹത്യയോ കൊലപാതകമോ ആകാമെന്നതിനാല്‍ അന്വേഷണത്തിന്റെ ഗതിമാറ്റാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ആവശ്യമെങ്കില്‍ അന്വേഷണസംഘത്തില്‍ അഴിച്ചുപണി നടത്തും. മണിയുടെ സുഹൃത്തുക്കളടക്കം 10 പേര് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ രണ്ടു ദിവസമായി തുടര്‍ച്ചയായി ചോദ്യംചെയ്തു വരികയാണ്. പാഡിയിലേക്ക് ചാരയമെത്തിയ വരന്തരപ്പിളി സ്വദേശിയേയും പോലീസ് ചോദ്യം ചെയ്തു.
കലാഭവന്‍ മണി മരിച്ചതു ഗുരുതര കരള്‍ രോഗം മൂലമാണെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. എന്നാല്‍ കൊച്ചിയിലെ രാസപരിശോധനാ ലാബില്‍ നിന്നുള്ള പരിശോധനാ ഫലത്തില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തി. മണിയുടെ ശരീരത്തില്‍ എങ്ങനെ വിഷാംശം എത്തി എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഫൊറന്‍സിക് സര്ജന്മാരായ ഡോ. പി.എ. ഷീജു, ഡോ. രാഗില്‍, ഡോ. ഷേയ്ക്ക് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ മണിയുടെ ഔട്ട്ഹൗസായ പാടിയില്‍ പരിശോധന നടത്തിയിരുന്നു. ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇവര്‍ പരിശോധനാ ഫലങ്ങള്‍ പങ്കുവച്ചു.
ഇതിനിടെ, മണിയുടെ സഹായികളായി കൂടെയുണ്ടായിരുന്നവര്‍ സ്റ്റേജ് ഷോകളിലും മറ്റും ലഭിച്ച തുകയില്‍ വെട്ടിപ്പു നടത്തിയതായി മണിയുടെ സഹോദരന് രാമകൃഷ്ണന് ആരോപിച്ചു. പക്ഷേ, പരാതികളൊന്നും രേഖാമൂലം പൊലീസിനു നല്‍കിയിട്ടില്ല. ഐജി എം.ആര്. അജിത്കുമാര്‍, ജില്ലാ റൂറല്‍ പൊലീസ് മേധാവി കെ. കാര്‍ത്തിക്, സിഐ ക്രിസ്പിന് സാം എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നു കേസിന്റെ സ്ഥിതി വിലയിരുത്തി. തുടര്‍ന്ന് അന്വേഷണ സംഘത്തിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം നടത്തി. ഇതേസമയം, മുന്‍പ് അന്വേഷണ സംഘത്തെ നയിച്ചിരുന്ന ഡിവൈഎസ്പി കെ.എസ്. സുദര്ശന് ഇപ്പോള്‍ സംഘത്തില്‍ ഇല്ലെന്നാണു വിവരം.
കൊച്ചി കാക്കനാട്ടെ രാസപരിശോധനാ ലാബില്‍ നടന്ന മണിയുടെ ആന്തരികാവയവ പരിശോധനയില്‍ ‘ക്ലോര്‍പൈറിഫോസ്’ എന്ന വീര്യം കൂടിയ കീടനാശിനിയും മീഥെല്‍ ആല്‍ക്കഹോളും (വിഷമദ്യം) കണ്ടെത്തി. സാധാരണ മദ്യമായ ഇഥെയില്‍ ആല്‍ക്കഹോളും വിഷമദ്യമായ മീഥെയില് ആല്‍ക്കഹോളും തുല്യ അളവിലാണു കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ശേഖരിച്ച ആമാശയം, കരള്‍, വൃക്കകള്‍, രക്തം എന്നിവയിലാണു കീടനാശിനിയും വിഷമദ്യവും കണ്ടെത്തിയത്. മണിയുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ മീഥെയില് ആല്‍ക്കഹോളിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.
എന്നാല്‍ കീടനാശിനി ഉള്ളില്‍ കടന്നതിന്റെ ലക്ഷണങ്ങള്‍ മണി കാണിച്ചിരുന്നില്ല. രാസപരിശോധനാ ഫലം രണ്ടു നിഗമനങ്ങളിലേക്കാണു ഫൊറന്‍സിക് വിദഗ്ധരെ എത്തിക്കുന്നത്. വീര്യം കൂട്ടാന്‍ ചെറിയ അളവില്‍ കീടനാശിനി കലര്‍ത്തിയ വിഷമദ്യം അറിയാതെ കഴിക്കാന്‍ ഇടവരിക, അല്ലെങ്കില്‍ ബോധപൂര്‍വം കഴിക്കുക. ക്ലോര്‍പൈറിഫോസ് അതിരൂക്ഷ ഗന്ധമുള്ള കീടനാശിനിയായതിനാല്‍ ഇത് ഒരാള്‍ അറിയാതെ കഴിക്കണമെങ്കില്‍ അതിന്റെ അളവു ചെറുതായിരിക്കണം. ചെറിയതോതില്‍ കീടനാശിനി കലര്‍ന്ന വിഷമദ്യം മണി അറിയാതെ കഴിച്ചതാവാനുള്ള സാധ്യത ബലപ്പെടുത്തുന്നതാണു രാസപരിശോധനാ ഫലമെന്നു ഫൊറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.