
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഐസ്ക്രീം പാർലർ, ബാർ കോഴക്കേസുകളിൽ മൃദുസമീപനവുമായി പിണറായി വിജയൻ രംഗത്തെത്തിയതോടെ കോൺഗ്രസ് വിമുക്ത കേരളം എന്ന ലക്ഷ്യവുമായി സിപിഎം നേതൃത്വം രംഗത്ത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കേരള കോൺഗ്രസിനെയും മുസ്ലീം ലീഗിനെയും ഇടതു മുന്നണി സഖ്യത്തിൽ എത്തിക്കുക ലക്ഷ്യത്തോടെയാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതു സർക്കാർ ഇപ്പോൾ പ്രവർത്തിക്കുന്നത്. അഞ്ചു വർഷത്തിനു ശേഷവും ഇടതു മുന്നണിയ്ക്കു ഭരണം പിടിക്കുക എന്നതാണ് സിപിഎമ്മിന്റെ ഇത്തവണത്തെ പ്രഖ്യാപിത ലക്ഷ്യം.
ഇതിന്റെ ഭാഗമായാണ് സിപിഎം തന്ത്രങ്ങൾ അണിയറയിൽ ഒരുക്കുന്നത്. 91 സീറ്റ് നേടിയിട്ടും സിപിഎമ്മിനും – ഇടതു മുന്നണിയ്ക്കും കാര്യമായ നേട്ടമുണ്ടാക്കാനാവാതെ പോയ രണ്ടു ജില്ലകൾ കോട്ടയവും മലപ്പുറവുമാണ്. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസിനെയും മുസ്ലീം ലീഗിനെയും ഒപ്പം നിർത്തി ഈ രണ്ടു ജില്ലകൾ കൂടി പിടിച്ചടക്കി കംപ്ലീറ്റ് വൈറ്റ് വാഷാണ് സിപിഎം ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി പ്രത്യേകം അടവു നയം ലക്ഷ്യമിടുകയാണ് ഇടതു മുന്നണി ഇപ്പോൾ തയ്യാറാക്കുന്നത്.
ഐസ്ക്രീം പാർലർ കേസിൽ മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയ്ക്കു അനുകൂലമായി ഇപ്പോൾ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് സ്വീകരിച്ചിരിക്കുന്നത് ഇതിന്റെ ഭാഗമായാണെന്ന സൂചനകളാണ് ശക്തമായിരിക്കുന്നത്. ബാർ കോഴക്കേസിൽ ഇപ്പോൾ കോൺഗ്രസ് സർക്കാരിനെയും ഉമ്മൻചാണ്ടിയയും കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുന്ന കെ.എം മാണി ലക്ഷ്യമിടുന്ന മുന്നണി പ്രവേശനം ബിജെപിയിലേയ്ക്കല്ലെന്ന ധാരണകളും ശക്തമായിട്ടുണ്ട്. ബിജെപിയിലേയ്ക്കു പോകുമെന്ന തെറ്റിധാരണ പടർത്തി അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപു ഇടതു മുന്നണിയുടെ ഭാഗമാകുന്നതിനാണ് കെ.എം മാണി തന്ത്രമൊരുക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളിൽ നിന്നു കേരള കോൺഗ്രസ് സ്ഥാനാർഥികൾക്കു ശക്തമായ വെല്ലുവിളി നേരിടേണ്ടി വരും. ഇത് ഒഴിവാക്കാൻ ഇടതു മുന്നണിയുടെ ഭാഗമാകാനാണ് ആലോചന. ഇടുക്കി, കോട്ടയം സീറ്റുകൾ ഇടതു മുന്നണി നൽകിയാൽ പത്തനംതിട്ട അടക്കമുള്ള മലയോര മേഖലകളിൽ കേരള കോൺഗ്രസിനും ഇടതു മുന്നണിക്കും ഒരു പോലെ ശക്തി തെളിയിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.