
സ്വന്തം ലേഖകൻ
പാലാ: പാലായിൽ തോൽവി ഭയന്ന കെ.എം മാണി തിരഞ്ഞെടുപ്പിനു ഒരാഴ്ച മുൻപ് പി.സി ജോർജുമായി രഹസ്യധാരണയിൽ എത്തിയിരുന്നതായി കേരള കോൺഗ്രസ് വൃത്തങ്ങൾ. പി.സി ജോർജിനെ പൂഞ്ഞാറിൽ വിജയിപ്പിക്കാമെന്നതിനൊപ്പം പി.സിയുടെ തിരഞ്ഞെടുപ്പു ചിലവ് പൂർണമായും വഹിക്കാമെന്ന ധാരണയാണ് ഇരുവരും തമ്മിലുണ്ടായിരുന്നതെന്നും കേരള കോൺഗ്രസുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. സ്വന്തം നേട്ടത്തിനു വേണ്ടി യുഡിഎഫ് സ്ഥാനാർഥിയെ കാലുവാരിയ കെ.എം മാണിക്കെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം ജോർജ് നടത്തിയ പത്രസമ്മേളനത്തിൽ ഒരിടത്തു പോലും കെ.എം മാണിക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കാതിരുന്നതും ഈ ധാരണയ്ക്കു ആക്കം കൂട്ടുന്നു. പി.സി ജോർജിനു സ്വാധീനമുള്ള രണ്ടു പഞ്ചായത്തുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.എം മാണിയുടെ വിജയത്തിൽ ഏറെ നിർണായകമായിരുന്നത്. ഇക്കുറിയും ഈ പഞ്ചായത്തുകളും പാലാ നിഗരസഭയുമാണ് കെ.എം മാണിയെ സഹായിച്ചത്. പാലാ ഒഴികെ മറ്റൊരിടത്തു നിന്നും നേട്ടമുണ്ടാക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ മാണി വോട്ടെടുപ്പിനു ഒരാഴ്ച മുൻപ് പി.സി ജോർജുമായി രഹസ്യധാരണയിൽ എത്തിച്ചേരുകയായിരുന്നുവെന്നാണ് സൂചന.
ഈരാറ്റുപേട്ടയിലെ രഹസ്യകേന്ദ്രത്തിൽ വച്ച് ഇരുവരും തമ്മിലുള്ള കൂട്ടിക്കാഴ്ചയ്ക്കു കളമൊരുക്കിയത് പിസിജോർജിന്റെ വിശ്വസ്തനായ കോട്ടയത്തെ ഒറു മാധ്യമ പ്രവർത്തകനും മുൻ എംഎൽഎയുടെ മകനും ചേർന്നാണെന്നാണ് സൂചനകൾ. പാലായിൽ ഒരു മാസത്തിലേറെ പ്രചാരണത്തിനു ശ്രദ്ധ കേന്ദ്രീകരിച്ച കെ.എം മാണി തൊട്ടടുത്ത മണ്ഡലമായ പൂഞ്ഞാറിൽ ഒരു തവണ പോലും പ്രചാരണത്തിനു പോയില്ലെന്നതും ശ്രദ്ധേയമായി. ഇത്തരത്തിൽ പൂഞ്ഞാറിലെ തോൽവിയുടെ ഉത്തരവാദിത്വം കെ.എം മാണിയ്ക്കാണെന്നാണ് ഇപ്പോൾ ജില്ലാ കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്. ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി ആവശ്യപ്പെട്ട് സീറ്റ് കോൺഗ്രസ് നേതൃത്വം കേരള കോൺഗ്രസിനു കൈമാറുകയായിരുന്നു. ഇതും കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രകോപനത്തിനു കാരണമായിട്ടുണ്ട്.