സ്വന്തം ലേഖകൻ
കോട്ടയം: കേരള രാഷ്ട്രീയത്തിലെ മുന്നണി പരീക്ഷണത്തിനു ഇന്നു ജില്ലാ പഞ്ചായത്തിൽ തുടക്കമാകുന്നു. ഇടതു മുന്നണി പ്രവേശനം ലക്ഷ്യമിട്ടു കേരള കോൺഗ്രസുകളുടെ കൂട്ടായ്മയുടെ തുടക്കത്തോടെ ആരംഭിച്ച കർഷക മുന്നണിയുടെ ആദ്യ പരീക്ഷണ വേദിയാകുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഇടഞ്ഞു നിൽക്കുന്ന സിപിഐയെ നിലയ്ക്കു നിർത്താൻ കേരള കോൺഗ്രസിനെ ജില്ലാ പഞ്ചായത്തിൽ പിൻതുണയക്കാനാണ് ഇടതു മുന്നണി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
അതുകൊണ്ടു തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഇന്ന് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ അട്ടിമറിപ്പേടിയിലാണ് യുഡിഎഫ്. യുഡിഎഫ് മുന്നണിയ്ക്കു പുറത്തു നിൽക്കുന്ന കേരള കോൺഗ്രസ് എം ഇന്ന് സ്വീകരിക്കുന്ന നിലപാട് നിർണായകമാകുമെന്നാണ് സൂചന. കോൺഗ്രസിലെ സണ്ണി പാമ്പാടി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുമ്പോൾ കേരള കോൺഗ്രസിലെ സഖറിയാ കുതിരവേലിയും സ്ഥാനാർഥിയായി മത്സര രംഗത്തുണ്ടാകുമെന്നാണ് സൂചന. ഇടതു മുന്നണി പിൻതുണയോടെ കുതിരവേലി മത്സരിച്ചാൽ ഭരണം കോൺഗ്രസിനു നഷ്ടമാകുമെന്നും സൂചനയുണ്ട്.
22 അംഗ ജില്ലാ പഞ്ചായത്തിൽ ഒരു സിപിഐയുടെയും കോൺഗ്രസ് എസിന്റെയും അടക്കം എട്ട് അംഗങ്ങളാണ് ഇടതു മുന്നണിയ്ക്കുള്ളത്. കേരള കോൺഗ്രസിനു ആറ് അംഗങ്ങളും ജില്ലാ പഞ്ചായത്തിലുണ്ട്. എട്ട് അംഗങ്ങൾ മാത്രമാണ് കോൺഗ്രസിനുള്ളത്. കേരള കോൺഗ്രസ് യുഡിഎഫിന്റെ ഭാഗമായിരുന്നതിനാലാണ് കോൺഗ്രസ് ജില്ലാ പഞ്ചായത്ത് ഭരണം നടത്തിയിരുന്നത്. നിലവിൽ കേരള കോൺഗ്രസിന്റെ മേരി സെബാസ്റ്റിയനാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോഷി ഫിലിപ്പ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായതോടെയാണ് കോൺഗ്രസിനു പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ കണ്ടെത്തേണ്ടി വന്നത്. കോൺഗ്രസിലെ മുൻ ധാരണ പ്രകാരം സണ്ണി പാമ്പാടിയ്ക്കാണ് ഇനി പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടത്. മുൻ ധാരണ പ്രകാരം കഴിഞ്ഞ ആഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോഷി ഫിലിപ്പ് രാജി വയ്ക്കുകയും ചെയ്തിരുന്നു.
കോൺഗ്രസിനും ഇടതു മുന്നണിയ്ക്കും എട്ടു വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ അതുകൊണ്ടു തന്നെ കേരള കോൺഗ്രസിന്റെ നിലപാട് ഏറെ നിർണായകമാകും. ഇടതു മുന്നണിയുടെ പിൻതുണയോടെ കേരള കോൺഗ്രസിനു പ്രസിഡന്റ് സ്ഥാനം ലഭിക്കുമോ എന്നാണ് ഉറ്റു നോക്കുന്നത്.