മാണി വീണ്ടും ബിജെപിയോട് അടുക്കുന്നു: മധ്യസ്ഥന്‍ പി.സി തോമസ്; കേരള കോണ്‍ഗ്രസുകളുടെ ഏകീകരണം ലക്ഷ്യം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായി രാജി വയ്‌ക്കേണ്ടി വന്ന മന്ത്രി കെ.എം മാണി കോണ്‍ഗ്രസുമായി പൂര്‍ണമായും അകലുന്നു. ബിജെപിയുമായി സഖ്യ നീക്കങ്ങളോടെ കളം പിടിക്കാനാണ് ഇപ്പോള്‍ മാണിയുടെ നീക്കം. മാണിയും ബിജെപിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്് കേരള കോണ്‍ഗ്രസ് നേതാവ് പി.സ്ി തോമസാണെന്നാണ് സൂചനകള്‍.
കേരളത്തില്‍ കാലു പൊള്ളിയ മാണി ദേശീയ രാഷ്ട്രീയത്തിലെ സാദ്ധ്യതകളാണ് ഇപ്പോള്‍ നോക്കുന്നത്. ബിജെപി നയിക്കുന്ന എന്‍ഡിഎയുമായും വെള്ളാപ്പള്ളി നടേശന്റെ കക്ഷിയുമായി കൈകോര്‍ക്കാന്‍ വഴി നോക്കുന്ന മാണി, യുഡിഎഫില്‍ നിന്ന് പതുക്കെ അകലുകയാണ്.
പക്ഷേ, മാണിയുടെ കളി എത്രത്തോളം ജയിക്കുമെന്നു കണ്ടറിയണം. കൂടെ നില്‍ക്കുന്ന ജോസഫ് ഗ്രൂപ്പ് കാലുവാരുമോ എന്ന ഭയം മാണിയെ വല്ലാതെ വേട്ടയാടുന്നുണ്ട്.
പക്ഷേ, മാണി കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടി കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ കൈക്കൊണ്ട നിലപാടിലൂടെയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പാര്‍ലമെന്റ് ബഹിഷ്‌കരിക്കുകയും ബഹളം വയ്ക്കുകയും ചെയ്തപ്പോള്‍ ജോസ് കെ മാണി ഒരു ബിജെപി എംപിയെ പോലെയാണ് പെരുമാറിയത്. ഇതു കോണ്‍ഗ്രസിനെ ഞെട്ടിച്ചു. തന്റെ പാര്‍ട്ടി ബഹിഷ്‌കരണത്തിനില്ലെന്ന് ജോസ് കെ മാണി പരസ്യമായി പറയുകയും ചെയ്തു.
ജോസ് കെ മാണിയുമായി പിന്നീട് കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ബിജെപി നേതൃത്വമാകട്ടെ ഇതില്‍ പ്രതീക്ഷ വയ്ക്കുന്നുമുണ്ട്. രാജ്യസഭയില്‍ അവര്‍ക്ക് അംഗബലമില്ലാത്തതിനാല്‍ ആരെയും കൂടെ കൂട്ടാന്‍ ബിജെപി ഒരുക്കമാണ്. ഈ പേരില്‍ നാളെ ജോസ് കെ മാണി ഒരു കേന്ദ്ര സഹമന്ത്രി ആയാല്‍ പോലും അതിശയിക്കാനില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പോലും വെള്ളാപ്പള്ളിക്കെതിരേയും മുഖ്യമന്ത്രിക്ക് അനുകൂലമായും നിലപാടെടുത്തിട്ടും മാണി മിണ്ടിയില്ലെന്നതും ഇതിനോടു ചേര്‍ത്തു വായിണം.
മാണി അകലുമ്‌ബോള്‍ കോണ്‍ഗ്രസ് നേതൃത്വം മറ്റു ചില സാദ്ധ്യതകള്‍ കാണുകയാണ്. പിജെ ജോസഫിനെ അടര്‍ത്തിയെടുത്ത് കൂടെ നിര്‍ത്തുക, പിണങ്ങി നില്‍ക്കുന്ന ആര്‍ ബാലകൃഷ്ണ പിള്ളയുമായി രമ്യതയില്‍ എത്തുക, ഇതിനെല്ലാം പുറമേ ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി കൈകോര്‍ക്കുക. ഇത്രയും ചെയ്താല്‍ മാണി പോകുന്നതുകൊണ്ട് വലിയ നഷ്ടം വരാനില്ലെന്ന ചിന്തയിലാണ് മുഖ്യമന്ത്രിയും കൂട്ടരും.

Top