കേരള കോണ്‍ഗ്രസ്‌ പിളര്‍പ്പിലേയ്ക്ക്‌: മാണിയെ വിമര്‍ശിച്ച പിസിയെ വേദിയില്‍ മര്‍ദിച്ചു

കോട്ടയം: പിസി ജോര്‍ജ്ജിന്റെ പ്രംസഗത്തിനിടെ പൊതുപരിപാടിയില്‍ മന്ത്രിമാരെ അതിഷേപിച്ചതായി ആരോപിച്ച് സംഘര്‍ഷം. ഓടുവില്‍ വാക്കേറ്റതിലും കയ്യാന്‍കളിയിലുമെത്തി. വേദിയിലുണ്ടായിരുന്ന പ്രസംഗപീഠവും മേശകളും തകര്‍ത്തു. ഇന്നലെ തിടനാട് പഞ്ചായത്തില്‍ കുടുംബശ്രീ വാര്‍ഷികവും ജലനിധിയുടെ ഉദ്ഘാടനവും നടന്ന വേദിയില്‍ പി.സി.ജോര്‍ജിന്റെ പ്രകോപനപരമായ പ്രസംഗത്തെ തുടര്‍ന്നാണ് ചടങ്ങ് അലങ്കോലമായത്. രണ്ടായിരത്തിലേറെ കുടുംബശ്രീ പ്രവര്‍ത്തകരായ വനിതകളാണ് സമ്മേളനത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം അരങ്ങേറിയത്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് പി.സി.ജോര്‍ജ് സമ്മേളനം അലങ്കോലപ്പെടുത്തിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പി.സി.ജോര്‍ജ് ജനപ്രതിനിധികളെ ആക്ഷേപിച്ച് സംസാരിച്ചതാണ് സമ്മേളനം കയ്യാങ്കളിയില്‍ കലാശിക്കാന്‍ കാരണമെന്നും നിര്‍മ്മലാ ജിമ്മി പറഞ്ഞു. സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന പി.സി.ജോര്‍ജ് പ്രസംഗത്തിലുടനീളം ജനപ്രതിനിധികളെ അധിക്ഷേപിക്കുകയായിരുന്നു. തന്റെ അനുവാദം കൂടാതെയാണ് മന്ത്രിമാര്‍ ചടങ്ങിനെത്തിയതെന്ന് പറഞ്ഞാണ് ജോര്‍ജ് പ്രസംഗം ആരംഭിച്ചത്. എന്നാല്‍ പ്രസംഗം വളരെയേറെ നീണ്ടുപോയപ്പോള്‍ പഞ്ചായത്ത് മെമ്പര്‍മാരിലൊരാള്‍ മന്ത്രിമാര്‍ക്ക് തിരക്കുള്ളതിനാല്‍ പ്രസംഗം ചുരുക്കണമെന്ന് ജോര്‍ജിന്റെ ചെവിയില്‍ പറഞ്ഞതോടെ പ്രകോപിതനായ എം.എല്‍.ഏ വാക്കേറ്റത്തിനൊരുങ്ങുകയായിരുന്നു. ഇതിനിടെ പി.സി.ജോര്‍ജിന്റെ ഏതാനും അനുയായികള്‍ വേദിയിലേക്ക് കടന്നുകയറി സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നുവെന്ന് നിര്‍മ്മലാ ജിമ്മി പറഞ്ഞു. സ്ത്രീകള്‍ മാത്രം ഇരിക്കുന്ന സമ്മേളനത്തില്‍ മോശമായി സംസാരിക്കരുതെന്ന് പറഞ്ഞ് നിര്‍മ്മലാ ജിമ്മി മൈക്ക് പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. ഇതോടെ അധ്യക്ഷ പ്രസംഗം കഴിഞ്ഞതായും യോഗം പിരിച്ചു വിട്ടെന്നും പി.സി.ജോര്‍ജ് പ്രഖ്യാപിച്ചതായി കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രാജമ്മ കൃഷ്ണന്‍കുട്ടി പറഞ്ഞു. തൊട്ടുപിന്നാലെ തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോര്‍ജ് പ്രതിഷേധവുമായെത്തി. തുടര്‍ന്ന് സംഘാടകര്‍ പി.സി. ജോര്‍ജിന്റെ മൈക്ക് ഓഫ് ചെയ്തതോടെ പ്രകോപിതനായ ജോര്‍ജ് മൈക്ക് തല്ലിത്തകര്‍ത്തു.
വേദിയില്‍ ഉന്തും തള്ളുമുണ്ടായി. വേദിയില്‍ മന്ത്രി പി.ജെ. ജോസഫും ആന്റോ ആന്റണി എംപിയുമുണ്ടായിരുന്നു. ഇതിനിടെ വേദിക്ക് താഴെ മന്ത്രിമാര്‍ ശിലഅനാച്ഛാദനം ചെയ്തപ്പോഴും പി.സി.ജോര്‍ജ് മോശമായ പരാമര്‍ശങ്ങളാണ് മൈക്കിലൂടെ നടത്തിയത്. ബഹളത്തിനു പിന്നാലെ മന്ത്രിമാര്‍ വേദി വിട്ടു. ജനപ്രതിനിധികളെ അധിക്ഷേപിച്ച് സംസാരിച്ചതിനാലാണ് താന്‍ ജോര്‍ജിന്റെ പ്രസംഗം തടസപ്പെടുത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പിന്നീട് വിശദീകരിച്ചു.
എന്നാല്‍ കര്‍ഷകരുടെ പ്രശ്‌നത്തെപ്പറ്റി പി.സി. ജോര്‍ജ് പറഞ്ഞപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും മാണിയെയും പി.ജെ. ജോസഫിനെയും നിര്‍മല ജിമ്മിയെയും അധിക്ഷേപിച്ചപ്പോഴാണ് ഇടപെട്ടതെന്നും തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോര്‍ജ് പറഞ്ഞു. പ്രസംഗം അധിക്ഷേപത്തിലേക്കു പോയപ്പോള്‍ ഇതൊരു പൊതുച്ചടങ്ങാണെന്നും രാഷ്ട്രീയ വേദിയല്ലെന്നും ഓര്‍മിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തത്. ദയവുചെയ്ത് ഇങ്ങനെയുള്ള പ്രസംഗം നിര്‍ത്തണമെന്നും പറഞ്ഞു. എന്നാല്‍ അദ്ദേഹം എന്നെ അടിക്കാനായി കൈയ്യോങ്ങി. എന്നാല്‍ താന്‍ ഒഴിഞ്ഞുമാറിയതിനാല്‍ ദേഹത്ത് കൊണ്ടില്ലെന്നും ജോസഫ് ജോര്‍ജ് പറഞ്ഞു.

Top