ഇംഫാല്‍: എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ അംഗങ്ങള്‍ക്കെതിരെ മണിപ്പൂര്‍ സര്‍ക്കാര്‍ കേസെടുത്തു. സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. റിപ്പോര്‍ട്ട് തയ്യാറാക്കിയ സമിതിയിലെ മൂന്ന് അംഗങ്ങള്‍ക്കെതിരെയാണ് നടപടി.
കേസെടുത്ത വിവരം മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് ആണ് അറിയിച്ചത്. എല്ലാ സമുദായ പ്രതിനിധികളെയും കാണാതെ, ചില വിഭാഗങ്ങളെ മാത്രം കണ്ട് ഒരു നിഗമനത്തിലെത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്നാണ് ബിരേന്‍ സിംഗിന്റെ വാദം. ഇംഫാലിലെ സാമൂഹികപ്രവര്‍ത്തകന്‍ എന്‍ ശരത് സിംഗ് നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഓഗസ്റ്റ് 7 മുതല്‍ 10 വരെ മണിപ്പുര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സീമ ഗുഹ, സഞ്ജയ് കപുര്‍, ഭരത് ഭൂഷണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സമിതിയുടെ റിപ്പോര്‍ട്ട് ‘വ്യാജവും കെട്ടിച്ചമച്ചതും സ്പോണ്‍സേര്‍ഡും’ ആണെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നു. മണിപ്പൂര്‍ കലാപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി മെയ്തി വിഭാഗത്തിനൊപ്പം നിന്നെന്നാണ് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ കണ്ടെത്തല്‍.