ന്യൂഡല്‍ഹി: ഒടുവിൽ കൂടുതൽ നേതാക്കൾ ആ സത്യം തിരിച്ചറിഞ്ഞു തുടങ്ങി. കോൺഗ്രസ് ഷയിച്ചു തുടങ്ങിയിരിക്കുന്നു… കോണ്ഗ്രസിന്റെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാണെന്ന ജയറാം രമേശിന്റെ പ്രസതാവനയ്ക്ക് പിന്നാലെ പാര്‍ട്ടിയെ കുറ്റപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ രംഗത്ത്. കോണ്‍ഗ്രസ് യാഥാര്‍ഥ്യം തിരിച്ചറിയണമെന്നും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ‘നമുക്ക് ആകെയുള്ളത് 44എംപിമാര്‍ മാത്രമാണ്. വലിയ തിരിച്ചടിയാണ് പാര്‍ട്ടി നേരിടുന്നത്’, മണി ശങ്കര്‍ അയ്യര്‍ പറയുന്നു.
രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പ്രസക്തമാവാന്‍ നേതാക്കളുടെ കൂട്ടായ പരിശ്രമം വേണമെന്നും ജയറാം രമേശ് പറഞ്ഞിരുന്നു.വെറും തിരഞ്ഞെടുപ്പ് പ്രതിസന്ധിയല്ല നേരിടുന്നതെന്നും പാര്‍ട്ടി രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുന്നേയാണ് പാര്‍ട്ടി സ്വയം പരിശോധന നടത്തണമെന്ന ആവശ്യവുമായി മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് പുതിയ ആശങ്ങളും ചിന്തകളുമായി മുന്നോട്ടുവരണം. പുതിയ വഴികളും പ്രവര്‍ത്തന രീതികളുമാണ് പാര്‍ട്ടിക്കിനി വേണ്ടതെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു. ജയറാം രമേശിന്റെ വാക്കുകള്‍ക്ക് നേരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. പാര്‍ട്ടി അച്ചടക്കം ജയറാം രമേശ് ലംഘിച്ചുവെന്ന് വീരപ്പ മൊയ്ലി കുറ്റപ്പെടുത്തി. കെ.വി തോമസും രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു.‘ചില കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍വാതിലിലൂടെ പാര്‍ട്ടിയിലേക്കെത്തി എല്ലാ സുഖങ്ങളും ഉയര്‍ന്ന പദവികളും അനുഭവിച്ച ശേഷം ഇപ്പോള്‍ അസ്തിത്വ പ്രതിസന്ധി നേരിടുന്നുവെന്ന തോന്നലുകളുമായി രംഗത്തെത്തിയിട്ടുണ്ട്’ എന്നായിരുന്നു ജയറാം രേശിനെ കുറ്റപ്പെടുത്തി കെവി തോമസ് പറഞ്ഞത്.