ന്യൂഡല്‍ഹി: ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മുപ്പത് വര്‍ഷമായി ബി.ജെ.പി നടത്തിയ പണസമാഹരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സീനിയര്‍ കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി രംഗത്ത്. 1986 മുതല്‍ 2016 വരെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശേഖരിച്ച പണം എത്രത്തോളം ഉണ്ടെന്നും ആ പണത്തിന് എന്താണ് സംഭവിച്ചതെന്നും മനീഷ് തീവാരി ചോദിച്ചു.
രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്താണെന്നതിന് ബി.ജെ.പിക്ക് യാതൊരു വ്യക്തതയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇലക്ഷന്‍ വരുന്നു എന്നറിയുമ്പോള്‍ മാത്രമാണ് രാമക്ഷേത്ര നിര്‍മ്മാണ പദ്ധതി പൊടി തട്ടിയെടുത്ത് ജനങ്ങള്‍ക്കു മുന്നില്‍ വാഗ്ദാനമായി അവതരിപ്പിക്കുന്നതെന്നും തീവാരി പറഞ്ഞു. കഴിഞ്ഞ ദിവസം അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ സര്‍ക്കാര്‍ നീക്കമുണ്ടെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ മനീഷ് തീവാരിയുടെ പ്രസ്താവന. 1988–89 കാലഘട്ടങ്ങളിലായി രാമക്ഷേത്ര നിര്‍മ്മാണത്തിനായി 600 കോടി രൂപ ശേഖരിച്ചിരുന്നതായും പണം സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നതായും ഇന്‍കം ടാക്‌സ് ഓഫീസറുടെ ബിശ്വ ബന്ദു ഗുപ്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായി തീവാരി കൂട്ടിച്ചേര്‍ത്തു. അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി കര്‍സേവകര്‍ രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നും ശിലകള്‍ എത്തിച്ചുകൊണ്ടിരുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.