സിനിമാ ലേഖകൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ അറസ്റ്റിലായ ദിലീപിനെതിരെ സിനിമാ മേഖലയിൽ നിന്നു കൂടുതൽ ആരോപണങ്ങൾ. മഞ്ജുവാര്യരെ വിവാഹം കഴിക്കും മുൻപ്് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ലിബർട്ടി ബഷീർ ദിലീപിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇക്കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് ലിബേർട്ടി ബഷീർ പറയുന്നത്. വ്യക്തിപരമായി ഒരാളെ അധിക്ഷേപിക്കേണ്ട എന്നുള്ളത് കൊണ്ടാണ് ഇക്കാര്യം നേരത്തെ പറയാതിരുന്നത് എന്ന് ലിബർട്ടി ബഷീർ പറയുന്നു. വിവാഹക്കാര്യം പറഞ്ഞ് ദിലീപ് തന്നെ കളിയാക്കിയപ്പോഴും ഇക്കാര്യം പറയാതിരുന്നത് മര്യാദ കൊണ്ടാണെന്നും ബഷീർ വ്യക്തമാക്കി.
തിയേറ്റർ സമരം വന്ന സമയത്തായിരുന്നു ദിലീപ് ലിബർട്ടി ബഷീർ മൂന്ന് വിവാഹം കഴിച്ചതിനെ കളിയാക്കിയത്. താങ്ങളുടെ മതവിശ്വാസ പ്രകാരം നാല് കെട്ടാമെന്നും, കെട്ടിയ മൂന്ന് പേരെയും നന്നായി നോക്കുന്നുണ്ട് എന്നും അന്ന് ബഷീർ മറുപടി നൽകിയിരുന്നു. മൂന്ന് കെട്ടിയെങ്കിലും മൂന്ന് പേരെയും നന്നായി നോക്കുന്നുണ്ട് എന്നും മറ്റ് ചിലരെ പോലെ ഒന്ന് കഴിഞ്ഞ് മറ്റൊന്ന്, അത് കഴിഞ്ഞ് മറ്റൊന്ന് എന്ന നിലയിലല്ല എന്ന് ഇന്ന് ബഷീർ പറയുന്നു.
ദിലീപിന്റെ വീട്ടിൽ മഞ്ജു ഒരുപാട് പീഡനങ്ങൾ അനുഭവിച്ചിരുന്നു എന്നും ലിബർട്ടി ബഷീർ പറയുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വർഷം കഴിഞ്ഞാണ് മഞ്ജു ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് അറിഞ്ഞത്. ഒരു വർഷം കഴിയുമ്പോഴേക്കും ദിലീപിന്റെ വീട്ടുകാർ മഞ്ജുവിനോട് മോശമായി പെരുമാറാൻ തുടങ്ങി. ആ കുട്ടിക്ക് ആ വീട്ടിൽ സ്വാതന്ത്രം നൽകിയില്ല. അത്രയും ബുദ്ധിമുട്ടുകൾ നേരിട്ടപ്പോഴും തറവാടിത്തം കൊണ്ടാണ് മഞ്ജു ആ വീട്ടിൽ നിന്നത് എന്നും ബഷീർ പറഞ്ഞു.
മീശ മാധവൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് കാവ്യയും ദിലീപും അടുത്തത് എന്ന് ബഷീർ പറയുന്നു. പിന്നീട് ഇതൊരു ചിന്നവീട് പോലെ കൊണ്ടു നടക്കുകയായിരുന്നു. ഇത് മഞ്ജുവിന് അറിയാമായിരുന്നു എന്നും ലിബർട്ടി ബഷീർ പറഞ്ഞു.