കോട്ടയം: അപൂര്‍വ്വ രോഗത്തിന് അടിമപ്പെട്ട് മരണവുമായി പൊരുതുന്ന അമ്പിളി ഫാത്തിമയ്ക്ക് മനക്കരുത്തും ആത്മവിശ്വാസവും നല്‍കി നടി മഞ്ജു വാര്യര്‍.ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്ന അമ്പിളിക്ക് തുടര്‍ചികില്‍സയ്ക്ക് സഹായമായി അഞ്ച് ലക്ഷം രൂപ മഞ്ജു നല്‍കും. ഒപ്പം, സിവില്‍ സര്‍വീസ് പഠനത്തിനും എല്ലാ സഹായവും നല്‍കും.അപൂര്‍വമായ രോഗാവസ്ഥയിലായിരുന്ന അമ്പിളിയുടെ കഥ വായിച്ചറിഞ്ഞ നിരവധിപേര്‍ ശസ്ത്രക്രിയയ്ക്കും ചികില്‍സയ്ക്കുമുള്ള സഹായം ചെയ്തിരുന്നു.
ഹൃദയ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ അമ്പിളി ഫാത്തിമയ്‌ക്ക് സഹായം നീട്ടിയാണ് മഞ്‌ജു വാര്യര്‍ വാര്‍ത്തയില്‍ നിറയുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അമ്പിളിക്ക് സഹായമായി മഞ്‌ജു അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചതായിട്ടാണ് വിവരം.
അമ്പിളിയുടെ ഹൃദയ-ശ്വാസകോശം മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ സുമനസുകളുടെ സഹായത്തോടെ കഴിഞ്ഞു. ഇതിന് പിന്നാലെയാണ് സഹായവുമായി മഞ്‌ജു എത്തിയത്. പഠിക്കാന്‍ മിടുക്കിയായ അമ്പിളിക്ക് സിവില്‍ സര്‍വീസ് പഠനത്തിന് വേണ്ടുന്ന സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. എംകോമിന് 85 ശതമാനം മാര്‍ക്കു വാങ്ങി ജയിച്ച അമ്പിളി വെറും പരീക്ഷയല്ല പാസ്സായതെന്നും ജീവിതമെന്ന വലിയ പരീക്ഷ കൂടിയാണെന്നും മഞ്‌ജു ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നു. അമ്പിളി വിജയിച്ചപ്പോള്‍ തോറ്റുപോയത് നമ്മള്‍ വിധിയെന്നും ദൗര്‍ഭാഗ്യമെന്നും വിളിക്കുന്ന പലതുമാണെന്നും നിന്റെ വിജയം കാണുമ്പോള്‍ ജീവിതയാത്രയിലെ പരീക്ഷണങ്ങളോട് തോല്‍പ്പിക്കാനാകില്ല എന്ന് ഞങ്ങള്‍ക്കും പറയാന്‍ തോന്നുന്നെന്നും താരം പറഞ്ഞു. അടുത്ത ദിവസം അമ്പിളിയെ കാണാന്‍ ചെന്നൈയ്‌ക്ക് മഞ്‌ജു പറക്കും.
വേര്‍പിരിഞ്ഞെങ്കിലും ജീവകാരുണ്യത്തിന്റെ ഉത്തമ മാതൃകയായി മാറുകയാണ് മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ജോഡികളായിരുന്ന ദിലീപും മഞ്‌ജുവും. കഴിഞ്ഞ ദിവസം പട്ടിണിയിലായ നാല് ആണ്‍കുട്ടികളും അമ്മയും അടങ്ങുന്ന ആദിവാസികുടുംബം കുട്ടികള്‍ പഠിക്കുന്ന ഉച്ചക്കഞ്ഞിയെ ആശ്രയിച്ചു ജീവിക്കുന്നതിന്റെ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് ദിലീപ് രംഗത്ത് വന്നിരുന്നു. പിന്നീട് ഇതിലേക്ക് ജയസൂര്യയും ചേര്‍ന്നിരുന്നു. തൊട്ടു പിന്നാലെയാണ് മഞ്‌ജുവിന്റെ വാര്‍ത്തയും വരുന്നത്.
(അമ്പിളി ഫാത്തിമക്ക് ആത്മവിശ്വാസം പകര്‍ന്ന് മഞ്ജുവാര്യര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ)
പ്രിയപ്പെട്ട അമ്പിളി ഫാത്തിമ…പേരില്‍ നിലാവും കണ്ണില്‍ രണ്ട് കുഞ്ഞ് നക്ഷത്രങ്ങളുമുള്ള നിന്റെ അധീരമാകാത്ത ഹൃദയത്തിനും നിലയ്ക്കാത്ത നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ തലകുനിക്കുന്നു. അതിന് വലിയൊരു സല്യൂട്ട്. 85 ശതമാനം മാര്‍ക്ക് വാങ്ങി നീ ജയിച്ചത് ജീവിതമെന്ന വലിയ പരീക്ഷകൂടിയാണ്. അവിടെ തോറ്റുപോയത് വിധിയെന്നും ദൗര്‍ഭാഗ്യമെന്നും നമ്മള്‍ വിളിക്കുന്ന പല ചോദ്യചിഹ്നങ്ങളുമാണ്. നിന്റെ വിജയം കാണുമ്പോള്‍ ജീവിതയാത്രയിലെ പരീക്ഷണങ്ങളോട് ഞങ്ങള്‍ക്കും പറയാന്‍ തോന്നുന്നു; ‘തോല്പിക്കാനാകില്ല’ എന്ന്. രണ്ടാംവയസ്സില്‍ സുഷിരംവീണ ഹൃദയവുമായി തുടങ്ങിയതാണ് നിന്റെ ധീരമായ യാത്ര. കിതയ്ക്കുമ്പോഴും തളരാതെ മുന്നോട്ട്..വീണ്ടും മുന്നോട്ട്..സഹപാഠികളെപ്പോലെ നീ പറത്തിവിട്ട പട്ടങ്ങളും ആകാശം തന്നെയാണ് കൊതിച്ചത്.