കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ‘ആമി’ സിനിമയുടെ ഷൂട്ടിങ് ഈമാസം 24ന് പുന്നയൂര്‍ക്കുളത്ത് തുടങ്ങുമെന്ന് സംവിധായകന്‍ കമല്‍. പുന്നയൂര്‍ക്കുളത്തെ നീര്‍മാതളച്ചുവട്ടില്‍ നിന്നാണ് ഷൂട്ടിങ് ആരംഭിക്കും. ആമിയില്‍ കമല സുരയ്യയായി അഭിനയിക്കുന്നതിനായി മഞ്ജു വാര്യര്‍ ശരീര ഭാരം വര്‍ദ്ധിപ്പിക്കുമെന്നും കമല്‍ വെളിപ്പെടുത്തി. മഞ്ജു തന്നെയാണ് ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടത്. ശരീര ഭാരം വര്‍ദ്ധിപ്പിക്കുന്നതിനായി രണ്ടാഴ്ചത്തെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞാല്‍ രണ്ടു മാസത്തെ ഇടവേളയെടുക്കുമെന്നും അദ്ദേഹം പഞ്ഞു. കമലാ സുരയ്യയെ കുറിച്ച് കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ചിത്രീകരണം ഉള്ളതിനാാല്‍ തന്നെ മലപ്പുറത്ത് സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമയാണ് എന്റെ ഉപജീവനമാര്‍ഗ്ഗവും പാഷനും. അതുകഴിഞ്ഞേ വേറെന്തുമുള്ളൂ. സിപിഎം ഇതുവരെ സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് സംസാരിച്ചിട്ടില്ല. സംസാരിച്ചാല്‍ ഇല്ലായെന്ന് പറഞ്ഞ് ഒഴിയും. ആമി തന്റെ സ്വപ്ന ചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ നേരത്തെ എന്ന് നിന്റെ മൊയ്തീനു വേണ്ടി കാഞ്ചനയായി അഭിനയിച്ച പാര്‍വതി ശരീര ഭാരം വര്‍ദ്ധിപ്പിച്ചിരുന്നു. അടുത്തിടെ ഡംഗല്‍ എന്ന സിനിമയ്ക്കുവേണ്ടി അമീര്‍ ഖാന്‍ ഭാരം വര്‍ദ്ധിപ്പിച്ചതും ഭാരം കുറച്ച് സിക്സ് പാക്ക് ആക്കിയതും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഗംഗയായി വരാന്‍ ജനപ്രിയതാരം വിനായകനും കമ്മട്ടിപ്പാടചത്തിനിടയ്ക്ക് ശരീരഭാരം വര്‍ദ്ധിപ്പിച്ചിരുന്നു.
കമല സുരയ്യയെ കുറിച്ച് മറ്റൊരു സിനിമ എടുക്കുന്ന തമിഴ് കവയത്രി ലീന മണിമേഖല കമലയായി അഭിനയിക്കാന്‍ ആദ്യം തന്റെ സിനിമയില്‍ അവസരം ചോദിച്ചിരുന്നുവെന്ന് കമല്‍ പറഞ്ഞു. ലീന എന്റെ സുഹൃത്താണ്. ആമിയുടെ തിരക്കഥ എഴുതുന്ന സമയത്ത് ലീന അതുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് വിളിച്ചിരുന്നു. താന്‍ മലയാളത്തിലാണ് ചെയ്യുന്നതെന്നും ഇംഗ്ലീഷിലല്ലെന്നും എങ്കിലും സഹകരിപ്പിക്കാമെന്നും ലീനയോട് പറഞ്ഞതായി കമല്‍ പറഞ്ഞു. പിന്നീടാണ് ആമിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് വിളിച്ചത്. എന്നാല്‍ തന്റെ മനസ്സില്‍ ലീന കവയത്രിയാണെന്നും അഭിനേത്രിയല്ലെന്നും താന്‍ മറുപടി നല്‍കി. വിദ്യാ ബാലന്‍ ആമിയാകുന്നതില്‍ നിന്ന് പിന്‍മാറിയപ്പോള്‍ നിരവധി സ്ത്രീകള്‍ തന്നെ വിളിച്ച് ആമിയാകാന്‍ അവസരം ചോദിച്ചുവെന്നും കമല്‍ പറഞ്ഞു. പിന്നീട് കഴിഞ്ഞ ഐഐഎഫ്കെയുടെ സമയത്താണ് കമലയെ കുറിച്ച് താനും ഒരു സിനിമയെടുക്കുന്നതായി ലീന എന്നോട് പറഞ്ഞത്. അത് അവരുടെ സ്വാതന്ത്ര്യമാണ്. ആര്‍ക്കുവേണമെങ്കിലും ആമിയെ കുറിച്ച് സിനിമയെടുക്കാം-കമല്‍ പറഞ്ഞു.
ബയോപിക് എടുക്കുന്നതിന് ആരുടേയും കൈയില്‍ നിന്ന് റൈറ്റ്സ് വാങ്ങേണ്ടതില്ലെന്നും പക്ഷേ, മാധവിക്കുട്ടിയുടെ മക്കളുമായി സംസാരിച്ച് അനുവാദം വാങ്ങിയശേഷമാണ് സിനിമയെടുക്കുന്നതെന്നും കമല്‍ പറഞ്ഞു. ഈ സിനിമയെ കുറിച്ച് എല്ലാവരുമായും ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. സിനിമയില്‍ ശ്രദ്ധിക്കുന്നതുകൊണ്ട് രാഷ്ട്രീയ രംഗത്തേക്കിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കമല്‍ പറഞ്ഞു.