കൊച്ചി: ആമിയായി താന്‍ തന്നെ എത്തുമെന്ന് മഞ്ജുവാര്യര്‍… വിദ്യാബാലന് പിന്നാലെ മഞ്ജുവാര്യരും കമല്‍ ചിത്രത്തില്‍ നിന്ന് പിന്മാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് മഞ്ജുനിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
മാധ്യമം ലിറ്ററി ഫെസ്റ്റില്‍ ഭാഗ്യലക്ഷ്മിയോടു സംസാരിക്കുമ്പോഴായിരുന്നു മഞ്ജു വാര്യര്‍ കമലിന് അനകൂലമായി മനസ്സു തുറന്നത്. മഞ്ജവാര്യര്‍ കമലസുരയ്യയുടെ റോള്‍ ചെയ്യുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഹിന്ദുത്വവാദികള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ഇതിനോട് മഞ്ജു പ്രതികരിക്കാന്‍ പോലും തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ദിലീപുമായി ബന്ധപ്പെട്ട സംശയങ്ങളില്‍ അന്വേഷണം വേണമെന്ന് കമല്‍ പറഞ്ഞത്. തൊട്ടു പിറകേ പ്രതികരണം എത്തുന്നു. അതും നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവിന് എല്ല പിന്തുണയും നല്‍കുന്ന ഭാഗ്യലക്ഷ്മിയോട്. നടിയ്ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുമ്പില്‍ നിരാഹാരം പോലും മഞ്ജു പദ്ധതിയിട്ടിരുന്നു. ഇതിന് പൂര്‍ണ്ണ പിന്തുണയുമായി ഒപ്പം നിന്നതും ഭാഗ്യലക്ഷ്മിയായിരുന്നു.
ഏതായാലും കമലിന് ആശ്വാസമായി ആമിയില്‍ മനസ്സ് തുറക്കുകായണ് മഞ്ജു. കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടു പോലും ഇല്ലെന്നു മഞ്ജു വാര്യര്‍ പറയുന്നു. ‘ഒരിക്കലും പിന്മാറില്ല. അങ്ങനെയൊന്നും ചിന്തിച്ചിട്ടേയില്ല’ എന്നായിരുന്നു ഇതു സംബന്ധിച്ച് മഞ്ജുവിന്റെ പ്രതികരണം. എഴുത്തുകാരി എന്ന നിലയിലും വ്യക്തി എന്ന നിലയിലും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളെ സിനിമയില്‍ അവതരിപ്പിക്കാന്‍ ലഭിച്ചതു സ്വപ്നതുല്യമായ നേട്ടമാണ് എന്നും മഞ്ജു പറഞ്ഞു. ഈ പ്രൊജക്ട് ആരംഭിച്ച സമയത്ത് ആമി എന്ന കഥാപാത്രം എന്നിലേയ്ക്കു വരുമെന്നു സ്വപ്നത്തില്‍ പോലും കരുതിരുന്നില്ല. വിദ്യാബാലന്‍ ആമിയായി അഭിനയിക്കും എന്നു പറഞ്ഞപ്പോള്‍ നന്നാകും എന്നും തോന്നി. വിദ്യാ ബാലന്‍ പിന്മാറി എന്നറിഞ്ഞപ്പോള്‍ തന്നെ പരിഗണിക്കും എന്നും കരുതിയില്ല. പലരും ഇക്കാര്യം എന്നോട് അന്വേഷിച്ചു. പിന്നീട് കുറെ കഴിഞ്ഞാണ് കമല്‍ സാര്‍ സിനിമയിലേയ്ക്കു വിളിച്ചത്.
ഇത്രയധികം ആളുകള്‍ ഇഷ്ടപ്പെടുന്ന കഥാപാത്രം ചെയ്യുമ്പോള്‍ ആളുകള്‍ക്കു ഒരുപാടു പ്രതീക്ഷയുണ്ടാകും. അതിനോടു നീതിപുലര്‍ത്താന്‍ സാധിക്കണമെന്നാണു പ്രാര്‍ത്ഥന. അതിനു വേണ്ട തയ്യാറെടുപ്പുകള്‍ തുടങ്ങുന്നതേയുള്ളു. ലുക്ക്‌സ് ടെസ്റ്റ് കഴിഞ്ഞു. കമല സുരയ്യയുടെ പുസ്തകങ്ങള്‍ വായിച്ചു. സാഹചര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നു. അവരുടെ കുടുംബാഗംങ്ങളുമായി ഇടപഴകാന്‍ സാഹചര്യം ഉണ്ടാക്കി എന്നും മഞ്ജു പറഞ്ഞു. ‘അതേസമയം ഒരുപാട് പേടിയുണ്ട്. ആളുകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മാധവിക്കുട്ടി. അവരുടെ കഥ സിനിമയാകുമ്പോള്‍ അതിനെ ഏറെ പ്രതീക്ഷയോടെയാണ് ആളുകള്‍ നോക്കിക്കാണുക. അപ്പോള്‍ ആ കഥാപാത്രത്തോട് പൂര്‍ണമായി നീതി പുലര്‍ത്താനാവണം. എന്റെ നൂറുശതമാനവും ഞാനതിനു ശ്രമിക്കും.’-മഞ്ജു പറയുന്നു.