നോട്ടുനിരോധനം വലിയ മണ്ടത്തരമായിരുന്നെന്ന് മോഡി സമ്മതിക്കണമെന്ന് മൻമോഹൻ സിങ്

നോട്ടുകൾ അസാധുവാക്കിയ നടപടി വലിയ മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. നോട്ടുനിരോധന വിഷയത്തിൽ രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി ബ്ലൂംബര്‍ഗ് ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് മുൻ റിസർവ് ബാങ്ക് ഗവർണർ കൂടിയായ മന്‍മോഹന്‍ സിങിന്റെ വിമർശനം. സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നോട്ടുനിരോധനം വരുത്തിയ തകർച്ച ഒരു സാമ്പത്തിക സൂചികകൾക്കും കണ്ടെത്താനാകാത്ത വിധത്തിലുള്ളതാണെന്നും രാജ്യത്ത് അസമത്വം വർധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ പോലുള്ള ബഹുസ്വര രാജ്യങ്ങളുടെ വളർച്ചയെ അസമത്വം വളരെയധികം പിന്നോട്ടടിക്കുമെന്നും മൻമോഹൻ സിങ് ചൂണ്ടിക്കാട്ടി. ഇനിയെങ്കിലും തെറ്റ് സമ്മതിച്ച് ഇന്ത്യൻ ജനതയോട് മാപ്പ് പറയണമെന്നും മൻമോഹൻ കൂട്ടിച്ചേർത്തു.

Top