കേരളത്തിൻ്റെ കായിക എൻജിന് ഇന്ധനം പകരാൻ മാന്നാനത്ത് സെൻ്റ് എഫ്രേംസ് സ്പോട്സ് അക്കാദമി ഉയരുന്നു; ഇന്ത്യൻ താരങ്ങളെ സംഭാവന ചെയ്ത അക്കാദമി ഉയരുന്നത് കേരളത്തിന് കരുത്ത് പകരാൻ

കോട്ടയം: കേരളത്തിൻ്റെ കായിക എൻജിന് ഇന്ധം പകരാൻ കരുത്തുമായി മാന്നാനത്ത് സെൻ്റ് എഫ്രേംസ് സ്പോട്സ് അക്കാദമി ഉയരുന്നു. കേരളത്തിൻ്റെ കായിക ഭൂപടത്തിൽ തന്നെ അടയാളപ്പെടുത്തലുകൾ ഏറെയുള്ള സെൻ്റ് എഫ്രേംസ് 35 സെൻ്റിൽ 24000 സ്ക്വയർ ഫീറ്റിൽ പുതിയ അക്കാദമി ഉയരുമ്പോൾ പ്രതീക്ഷകൾക്കും ചിറകു വയ്ക്കുകയാണ്.

കേരള സ്പോട്സ് കൌൺസിൽ അംഗീകാരത്തോടെ 2003 – 2004 ലാണ് മാന്നാനം സെൻ്റ് എഫ്രേംസ് സ്കൂളിൽ കായിക അക്കാദമി പ്രവർത്തനം ആരംഭിച്ചത്. പ്രധാനമായും ബാസ്ക്കറ്റ് ബോളിലായിരുന്നു അന്ന് പരിശീലനം നൽകിയിരുന്നത്. തുടർന്ന്, 2009ൽ പുരുഷ ക്രിക്കറ്റിലും, 2014 ൽ വനിതാ ക്രിക്കറ്റിലും അക്കാദമി ആരംഭിച്ചു. കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സിജോ മോനും , മുഹമ്മദ് അസറുദീനും ബാസ്ക്കറ്റ് ബോളിൽ ഇന്ത്യൻ ടീമിൽ എത്തിയ അഖിൽ മാത്യു സണ്ണി , മുഹമ്മദ് ഷിറാസ് , ജെറോം പ്രിൻസും ഈ അക്കാദമിയുടെ സംഭാവന തന്നെയാണ്. നോയിഡ എൻബിഎ അക്കാദമിയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണലാലും അക്കാദമിയിൽ നിന്നും ഉയർന്ന് വന്ന താരമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ അക്കാദമിയാണ് ഇപ്പോൾ പുതിയ ഉയരങ്ങൾ തേടുന്നത്. മാന്നാനം സെൻ്റ് എഫ്രേംസ് സ്കൂളിനു പിന്നിലെ 35 സെൻ്റ് സ്ഥലത്താണ് മൂന്നു നിലകളിലായി പുതിയ അക്കാദമി ഉയരുന്നത്. 12 മുതൽ 19 വരെ പ്രായത്തിലുള്ള ഒരേ സമയം 100 കുട്ടികൾക്ക് വരെ താമസിച്ചു പരിശീലനം നടത്തുന്ന സൗകര്യങ്ങളാകും അക്കാദമിയിൽ ഉണ്ടാകുക. 4.5 കോടി രൂപ മുടക്കി നിർമ്മിക്കുന്ന അക്കാദമി കെട്ടിടത്തിൽ കുട്ടികൾക്കുള്ള ഡോർമെറ്ററി, സ്വിമ്മിങ് പൂൾ, ലൈബ്രറി, അത്യന്താധുനിക സംവിധാനങ്ങളോട് കൂടിയുള്ള ജിംനേഷ്യം , കൌൺസിലിംങ് സെൻ്റർ , കോൺഫറൻസ് ഹാൾ, സ്പോട്സ് ലൈബ്രറി , ഗസ്റ്റ് റും , കോച്ച് റും , റീഹാബ് റൂം, സ്റ്റീം ബാത്ത് എന്നിവയ്ക്കുള്ള സൗകര്യം ഉണ്ടാകും. അക്കാദമി മന്ദിരത്തിന് മുന്നിലായി തന്നെ സെൻ്റ് എഫ്രേംസ് സ്കൂളിൻ്റെ ക്രിക്കറ്റ് മൈതാനവും, കോളേജിൻ്റെ ഇൻഡോർ , ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയവും പിച്ചും അടക്കം ഉണ്ട്. അന്തർദേശിയ പരിശീലകനായ വി എം പ്രേം കുമാറും , സഹ പരിശീലകനായി അജി തോമസുമാണ് ബാസ്കറ്റ്ബാൾ അക്കാദമിയിലെ പരിശീലകർ . ക്രിക്കറ്റ് കോച്ചുമാരായി ജിതിൻ ഫ്രാൻസിസ്,(ബോയ്സ്) ജിനി ജോമോൻ( വനിത ) എന്നിവർ മാന്നാനം ക്രിക്കറ്റ് ആക്കാഡമിക്ക് നേതൃത്തം കൊടുക്കുന്നു .

വിശുദ്ധ ചാവറ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്നതിന് സമീപത്ത് തന്നെ നിർമ്മിക്കുന്ന അക്കാദമിയ്ക്ക് സംസ്ഥാന സർക്കാരിൻ്റെയും,കേരള സംസ്ഥാന സ്പോട്സ് കൗൺസിലിൻ്റെയും, കേരള ക്രിക്കറ്റ് അസോസിയേഷൻ്റെയും, കേരള ബാസ്ക്കറ്റബോൾ  അസോസിയേഷൻ്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹായവും ലഭിക്കുന്നുണ്ട്. ഇത് കൂടാതെ ഏറ്റുമാനൂർ എംഎൽഎ കൂടിയായ മന്ത്രി വി.എൻ വാസവൻ്റെ സഹായ സഹകരണങ്ങളും അക്കാദമിയ്ക്കു ലഭിക്കുന്നുണ്ട്. സി എം ഐ സഭയുടെ ജനറാൾ റവ.ഡോ.തോമസ് ചാത്തൻപറമ്പിൽ , വികർ ജനറൽ ഫാ.ജോസി താമരശേരി , തിരുവനന്തപുരം
പ്രൊവിൻഷ്യൽ ഫാ.സെബാസ്റ്റ്യൻ ചാമത്തറ ,മാന്നാനം ആശ്രമ പ്രിയോർ ഫാ.മാത്യൂസ് ചക്കാലയ്ക്കൽ , തിരുവനന്തപുരം കോർപ്പറേറ്റ് മാനേജർ ഫാദർ എതിരേറ്റ് സി എം ഐ, കെ. ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജെയിംസ് മുല്ലശേരി , അക്കാദമി ഡയറക്ടർ ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ , സ്കൂൾ പ്രിൻസിപ്പൽ ജെയിംസ് പി ജേക്കബ് , ഹെഡ് മാസ്റ്റർ മൈക്കിൾ സിറിയക് എന്നിവർ അക്കാദമിയുടെ പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. തളർച്ചയെ അഭിമുഖീകരിക്കുന്ന കേരളത്തിലെ കായിക മേഖലയെ പിടിച്ചുയർത്തുക എന്ന ലക്ഷ്യവും മാന്നാനം സെൻ്റ് എഫ്രേംസ് അക്കാദമിയ്ക്കുണ്ട്.

Top