ശാലിനി ( ഹെറാൾഡ് EXCLUSIVE )
ന്യൂഡല്‍ഹി: അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ ജിയോളജി ഗവേഷണ വിദ്യാര്‍ഥി മന്നാന്‍ വാനി ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നതായി വാര്‍ത്തകള്‍ പുറത്തു വരുന്നു. സൈന്യം അന്വേഷണം ഊര്‍ജിതമാക്കി. സാമൂഹ്യമാധ്യമങ്ങളില്‍ ഇയാള്‍ എകെ 47 റൈഫിളെന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. മന്നാന്‍ വാനിയുടെ സ്വദേശം ജമ്മു കശ്മീരിലെ കുപ്വാരയിലെ താക്കിപോറയാണ്. ഇയാളെ കാണാനില്ല എന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപെട്ടതിനു അടുത്ത ദിവസമാണ് ഈ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. 25 കാരനായ വാനി ജനുവരി മൂന്നിന് വീട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു എന്നാല്‍ പിന്നീട് ബന്ധപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇയാളെ കാണാനില്ല എന്ന് പോലീസില്‍ പരാതി നല്‍കിയത്.
ഇയാള്‍ ഭീകരവാദ സംഘടനയില്‍ ചേര്‍ന്നോ എന്നതിന് ശക്തമായ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല എന്നാല്‍ പ്രചരിക്കുന്ന ഫോട്ടോ സത്യമാണോ എന്ന് അറിയേണ്ടതുണ്ട്. അത് ഫോട്ടോഷോപ്പ് ഇമേജ് ആണോ എന്നാണു ആദ്യം കണ്ടെത്തേണ്ടത് എന്ന് കാഷ്മീര്‍ ഐജി മാധ്യമങ്ങളെ അറിയിച്ചു.
എന്തായാലും വാനിയെ കണ്ടെത്താന്‍ പോലിസ് സൈന്യത്തിന്റെ സഹായമടക്കം എല്ലാ വഴികളും നോക്കുന്നുണ്ട്. ഇയാളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചപ്പോള്‍ അവസാനമായി ലോക്കേറ്റ് ചെയ്തത് ഡല്‍ഹിയാണ് എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
കാഷ്മീര്‍ താഴ്വരയിലെ ഫിദായീന്‍ ആക്രമണങ്ങള്‍ ഏറി വരുന്ന സാഹചര്യത്തില്‍ സുരക്ഷാ സേന കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട് വീടാന്തരം തെരചിലുകളും നടത്തുന്നുണ്ട്. അതിശക്തമായ മഞ്ഞു വീഴ്ച മുതലെടുത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താഴ്വരയില്‍ കാസോ ഓപറേഷന് സൈന്യം നേതൃത്വം നല്‍കി വരികയാണ്.
കഴിഞ്ഞ ദിവസം അഞ്ചു സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച ഫിദായീന്‍ ആക്രമണം നടത്തിയത് കശ്മീരിലെ ഒരു 16 കാരനായ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു. അയാളുടെ പോലീസുകാരനായ അച്ഛനും കുടുംബാംഗങ്ങളും ഇതുവരെ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല. വെറും മൂന്നു മാസത്തെ പരിശീലനമാണ് ഈ കുട്ടിക്ക് ലഷ്കര്‍ ഇ തോയിബ ഭീകരസംഘടന നല്‍കിയത്. ആക്രമണം നടത്തുന്നതിനു മുന്‍പ് ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ തത്സമയ പ്രഭാഷണവും നടത്തിയിരുന്നു. അടുത്തിടെയായി നിരവധി കശ്മീരികളെ പാക്കിസ്ഥാന്‍ കേന്ദ്രമായ ഭീകര സംഘടനകള്‍ കശ്മീരികള്‍ക്കെതിരായി ഉപയോഗിച്ച് വരികയാണ്. ഇവരുടെ മതവികാരവും കാഷ്മീര്‍ എന്ന വികാരവും ഇളക്കി വിട്ടാണ് ഭീകര സംഘടനകള്‍ വളരെകുറച്ച് ദിവസങ്ങളിലെ പരിശീലനം കൊണ്ട് ഭീകരാക്രമണങ്ങള്‍ നടത്തിക്കുന്നത് എന്നും നേരത്തെ സൈന്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്നലെ കാശ്മീരില്‍ നാല് പോലീസുകാരുടെ വീരമൃത്യുവിന് കാരണമായ ഉഗ്ര സ്ഫോടനം ഭീകര സംഘടനകള്‍ തന്നെയാണ് നടത്തിയതെന്ന് വ്യക്തം. 2015 നു ശേഷം ഭീകരവാദികള്‍ ഇത്രയും ഉഗ്രമായ നാടന്‍ ബോംബുകള്‍ ഇതാദ്യമായാണ് ഉപയോഗിക്കുന്നത് എന്നും സൈന്യം അറിയിച്ചു.
അതിനിടെ ഡല്‍ഹി അതീവ സുരക്ഷാ നിരീക്ഷണത്തില്‍ ആണ്. മൂടല്‍ മഞ്ഞ് തെരച്ചിലിനുംമറ്റും തടസം സൃഷ്ടിക്കുന്നുണ്ട് എങ്കിലും റിപബ്ലിക് ദിനം അടുത്ത് വരുന്നതിനാല്‍ അവിടെയും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൂരക്കാഴ്ച വളരെ കുറവാണ് ഇവിടെ. മൂടല്‍ മഞ്ഞ് ഇനിയും ഒന്നൊന്നര ആഴ്ച്ചകൂടി തത്സ്ഥിതിയില്‍ തുടരും എന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. പ്രതികൂല കാലാവസ്ഥ ഭീകരര്‍ മുതലെടുത്തെക്കുമെന്ന് സൈന്യം കരുതുന്നു. വാനിയെ കണ്ടെത്തി ഇയാളെ ചോദ്യം ചെയ്താലേ തിരോധാനത്തെ കുറിച്ചും പ്രചരിക്കുന്ന ഫോട്ടോയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.