മനോജ്‌ ഏബ്രഹാം കണ്ണൂരിലേക്ക്‌ !…അക്രമം അടിച്ചമര്‍ത്തും ?

തിരുവനന്തപുരം :കണ്ണൂരിലെ ആക്രമം മനോജ്‌ ഏബ്രഹാം  അടിച്ചമര്‍ത്തുമോ ? സംഘര്‍ഷബാധിതമായ കണ്ണൂരില്‍ ക്രമസമാധാനം പുനഃസ്‌ഥാപിക്കാന്‍ ഐ.ജി: മനോജ്‌ ഏബ്രഹാമിനെ നിയോഗിക്കും. കണ്ണൂരില്‍ എസ്‌.പിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച മനോജ്‌ ഇപ്പോള്‍ തിരുവനന്തപുരം റേഞ്ച്‌ ഐ.ജിയാണ്‌.രാഷ്‌ട്രീയസംഘര്‍ഷം നേരിടുന്നതിന്‍െറ ഭാഗമായി അദ്ദേഹത്തെ കണ്ണൂര്‍ ഐ.ജിയുടെ അധികച്ചുമതല നല്‍കി നിയമിക്കാന്‍ ഇന്‍റലിജന്‍സ്‌ എ.ഡി.ജി.പി: എ. ഹേമചന്ദ്രന്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയോടു ശിപാര്‍ശ ചെയ്‌തു.
തിങ്കളാഴ്‌ച ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ എ.ഡി.ജി.പിയുടെ നിര്‍ദേശത്തെ പോലീസ്‌ മേധാവി ടി.പി. സെന്‍കുമാറും അനുകൂലിച്ചു. ആഭ്യന്തരമന്ത്രിക്കും ഇക്കാര്യത്തില്‍ വിയോജിപ്പില്ല.
കണ്ണൂര്‍ ഡി.ഐ.ജി: ദിനേന്ദ്രകശ്യപ്‌ ഉപരിപഠനാര്‍ഥം അവധിയിലായതിനാല്‍ സംഘര്‍ഷത്തില്‍ കാര്യമായ നടപടികളൊന്നും ഉത്തരമേഖലാ പോലീസ്‌ സ്വീകരിക്കുന്നില്ല. കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ പോലും പോലീസ്‌ ഭയക്കുന്നുവെന്നാണ്‌ ആരോപണം. മലബാര്‍ മേഖലയില്‍ സംഘര്‍ഷം കൈവിട്ടുപോയേക്കാവുന്ന അവസ്‌ഥയിലാണെന്ന്‌ ഇന്‍റലിജന്‍സ്‌ വിഭാഗം റിപ്പോര്‍ട്ട്‌ നല്‍കിയ സാഹചര്യത്തിലാണ്‌ ഉദ്യോഗസ്‌ഥതലത്തില്‍ കര്‍ശനനടപടിക്കുള്ള സര്‍ക്കാര്‍ നീക്കം.

Top