തലശേരി: ആര്‍എസ്എസ് നേതാവ് ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 25-ാം പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പ്രതി ചേര്‍ക്കപ്പെട്ടതിന് ശേഷം ആദ്യമായി നല്‍കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. വെള്ളിയാഴ്ചയാണ് അഡ്വ. കെ വിശ്വന്‍ മുഖേന ജാമ്യ ഹരജി നല്‍കിയിരുന്നത്. പ്രതി ചേര്‍ക്കുന്നതിന് മുമ്പ് ജയരാജന്‍ നല്‍കിയ രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെയും ആര്‍.എസ്.എസിന്റെയും സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് തന്നെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി പ്രതി ചേര്‍ത്തതെന്നും മനോജ് വധക്കേസിലെ ഒന്നാംപ്രതി വിക്രമന്‍ തന്റെ ഡ്രൈവറായിരുന്നില്ലെന്നും മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2014 സെപ്തംബര്‍ ഒന്നിന് 11.15ന് ഉക്കാസ്‌മെട്ടയില്‍ വെച്ചാണ് ആര്‍.എസ്.എസ്. ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് ഇളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ടത്.