കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജനെ ചോദ്യം ചെയ്യുന്നതിനായി സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കോടതിയുടെ അനുമതി. മൂന്നു ദിവസത്തെ കസ്റ്റഡിക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ജയരാജനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിടണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി അനുമതി നല്‍കിയത്. ഉപാധികളോടെയാണ് ജയരാജനെ ചോദ്യം ചെയ്യാന്‍ വിട്ടുനല്‍കിയത്.
നാളെ മുതല്‍ മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ നല്‍കിയത്. ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളില്‍ ജയരാജനെ ചോദ്യം ചെയ്യാം. ആശുപത്രിയിലോ ജയിലിലോ വച്ചായിരിക്കണം ചോദ്യം ചെയ്യല്‍. രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് ആറു മണിവരെയായിരിക്കണം ചോദ്യം ചെയ്യല്‍. ആറു മണിക്കു ശേഷം ചോദ്യം ചെയ്യല്‍ തുടരാന്‍ കഴിയില്ല. ചോദ്യം ചെയ്യുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്ഥലത്തുണ്ടാകാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായാല്‍ സി.ബി.ഐ ജയരാജനെ കോടതിയില്‍ ഹാജരാക്കണം.
ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയരാജന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സി.ബി.ഐ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. സി.ബി.ഐ സംഘം ആശുപത്രിയില്‍ എത്തി ജയരാജനെ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് സൂചന.
ജയരാജനെ കസ്റ്റഡില്‍ വിട്ടുകിട്ടാന്‍ സി.ബി.ഐ നല്‍കിയ അപേക്ഷയെ ജയരാജന്റെ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു. നേരത്തെ കോടതിയില്‍ കീഴടങ്ങിയ ജയരാജനെ ഈ മാസം 11 വരെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചിരുന്നു. എന്നാല്‍ ഒരു ദിവസം പോലും ജയിലില്‍ കഴിയാതെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയ ജയില്‍ സൂപ്രണ്ടിന്റെ നടപടിയെ സി.ബി.ഐ കോടതിയില്‍ വിമര്‍ശിച്ചിരുന്നു.