കൊച്ചി: ചിക്കിംങ് ഉടമ മന്‍സൂറിനെതിരായ അന്വേഷണം ദേശിയ ഏജന്‍സികള്‍ ശക്തമാക്കിയതോടെ മന്‍സൂറുമായി സാമ്പത്തീക ഇടപാടുകള്‍ നടത്തിയിരുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം വി നികേഷ് കുമാറിനേയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. വാര്‍ത്താ ചാനലിന്റെ ഡയറക്ടറായി എട്ട് പാസ്‌പോര്‍ട്ടുകളില്‍ യാത്ര ചെയ്യുന്ന ഒരുവ്യക്തി എങ്ങിനെയെത്തിയെന്നതാണ് പരിശോധിക്കുക.
രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ സാമ്പത്തീക ഇടപാടുകള്‍ നടത്തിയെന്ന് സംശയിക്കുന്ന മന്‍സൂര്‍ ഒരു മാധ്യമത്തിന്റെ തലപ്പെത്തുന്നത് ഗൗരവമായാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. എം വി നികേഷ് കുമാറുമായി ഇപ്പോള്‍ സാമ്പത്തീക ഇടപാടുകളുടെ പേരില്‍ തെറ്റിപിരിഞ്ഞെങ്കിലും കുറേ കാലം റിപ്പോര്‍ട്ടര്‍ ചാനല്‍ നിലനിന്നത് മന്‍സൂറിന്റെ പണം കൊണ്ടായിരുന്നു. മാധ്യമ മേഖലയിലെ ഇടപെടലില്‍ മന്‍സൂറിന് എതെങ്കിലും പ്രത്യേക താല്‍പ്പര്യങ്ങള്‍ ഉണ്ടായിരുന്നോ എന്നാണ് പുതിയ അന്വേഷണം.
കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വാര്‍ത്താ വിതരണ മന്ത്രാലയവും കര്‍ശന നിയമ വ്യവസ്ഥകളോട് കൂടിയാണ് രാജ്യത്ത് മധ്യമ സ്ഥാപനങ്ങള്‍ ലൈസന്‍സ് അനുവദിക്കുന്നത്. പ്രത്യേകിച്ച് ദൃശ്യമാധ്യമ രംഗത്ത് കടുത്ത നിയന്ത്രണങ്ങളാണുള്ളത്. രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ഇത്തരം കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന മന്‍സൂര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രധാനിയായി എത്തിയത് വാര്‍ത്താവിതരണ മന്ത്രാലയവും പരിശോധിക്കും. മന്‍സൂറിനെ അറസ്റ്റ് ചെയ്ത് രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ കേസുകള്‍ കണ്ടെത്തിയാല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ കാര്യവും പരുങ്ങലിലാകുമെന്നാണ് സൂചന. വര്‍ഷങ്ങളോളം ചാനലിന്റെ നടത്തിപ്പുകാരനായ വ്യക്തിയെയാണ് ഇപ്പോള്‍ ദേശിയ അന്വേഷണ ഏജന്‍സികള്‍ തപ്പികൊണ്ടിരിക്കുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് മാത്രം എട്ട് വ്യത്യസ്ഥ പാസ്‌പോര്‍ട്ടുകളിലാണ് ഇയാള്‍ യാത്ര ചെയ്തത്. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേയ്ക്കാണ് ഈ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് മന്‍സൂര്‍ യാത്ര ചെയ്തിരുന്നത്. എമിഗ്രേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്തോഷ് കെ നായര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉള്ളത്.