പാരീസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനമായി മനു ഭക്കാര്‍. രണ്ടാം ദിനത്തില്‍ ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് ആദ്യമെഡല്‍ സമ്മാനിച്ചിരിക്കുകയാണ് മനു ഭക്കാര്‍. ബോക്സര്‍മാര്‍ക്കും ഗുസ്തിക്കാര്‍ക്കും പേരുകേട്ട ഹരിയാനയിലെ ഝജ്ജറില്‍ നിന്നാണ് മനുവിന്റെ വരവ്. നന്നേ ചെറുപ്രായത്തില്‍ പിസ്റ്റള്‍ ഷൂട്ടിംഗിലെ അസാധാരണമായ കഴിവുകള്‍ കൊണ്ട് അന്താരാഷ്ട്ര രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യന്‍ കായിക താരമാണ് മനു ഭാക്കര്‍.രാജ്യം അര്‍ജ്ജുന അവാര്‍ഡ് നല്‍കി ആദരിച്ച യുവത്വം ഇന്ന് ഇന്ത്യയുടെ അഭിമാനം ഒരിക്കല്‍ കൂടി വാനോളമുയര്‍ത്തി.
ഇന്ന് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അഭിമാനമായി മാറുമ്പോഴും മനു ഭക്കാര്‍ എന്ന കായിക താരത്തിന്റെ വളര്‍ച്ചയുടെ കഥ അത്യന്ത രസകരവും പ്രചോദനവുമാണ്.കാരണം കുട്ടിക്കാലത്ത് ഷൂട്ടിങ്ങ് മനുവിന്റെ സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നു.കായിക രംഗത്തോട് മാത്രമായിരുന്നു മനുവിന്റെ പ്രിയം.അതിനാല്‍ തന്നെ കുട്ടിക്കാലം തൊട്ട് തന്നെ മറ്റു കായിക ഇനങ്ങളിലായിരുന്നു മനുവിന്റെ പരീക്ഷങ്ങള്‍.സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ടെന്നീസ്, സ്‌കേറ്റിംഗ്, ബോക്സിംഗ് തുടങ്ങിയ കായിക ഇനങ്ങളിലായിരുന്നു മനു പ്രധാനമായും പങ്കെടുത്തത്.അവിടെയൊന്നും വ്യത്യസ്തത കണ്ടെത്താന്‍ കഴിയാത്തതിനാലാവണം പുരാതന ആയോധന കലയായ ‘താങ് താ’ യിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വാളിന്റെയും കുന്തത്തിന്റെയും കല എന്നറിയപ്പെടുന്ന താങ് താ മണിപ്പൂരിലെ പരമ്പരാഗത ആയോധനകലയാണ്. താങ്-ടയുടെ ശരിയായ പേര് ‘സുരക്ഷിത സംരക്ഷണ രീതി’ എന്നര്‍ത്ഥം വരുന്ന ഹ്യുയെന്‍ ലാലോംഗ് എന്നാണ്.ഇ കല സ്വായത്തമാക്കിയ മനു ദേശീയ തലത്തില്‍ ഈ ഇനത്തില്‍ നിരവധി മെഡലുകള്‍ നേടിയെടുക്കുകയും ചെയ്തു.പക്ഷെ ഈ കലയുടെ അന്താരാഷ്ട്ര സാധ്യത വീണ്ടും മനുവിനെ ചിന്തിപ്പിച്ചു.അ സമയത്താണ് 2016 ലെ റിയോ ഒളിമ്പിക്‌സ് വരുന്നത്.കൃത്യമായി പറഞ്ഞാല്‍ മനുവിന് 14 വയസ്സ് പ്രായം.ഒളിമ്പിക്സിന്റെ തത്സമയം സംപ്രേഷണത്തില്‍ അവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഷൂട്ടിങ്ങ് ആയിരുന്നു.
ഈ ആവേശത്തില്‍ മനു അച്ഛനോട് ആവശ്യപ്പെട്ടത് ഒരു കാര്യം തന്റെ കരവിരുത് വികസിപ്പിക്കാന്‍ ഒരു സ്‌പോര്‍ട്‌സ് ഷൂട്ടിംഗ് പിസ്റ്റള്‍ വാങ്ങിത്തരാന്‍.മകളുടെ കായിക സ്വപ്നങ്ങള്‍ക്ക് എന്നും കരുത്തായ അച്ഛന്‍ ഇവിടെയും മകളെ കൈവിട്ടില്ല.അച്ഛന്‍ രാം കിഷന്‍ ഭേക്കര്‍ അവള്‍ക്ക് ഒരു തോക്ക് വാങ്ങി നല്‍കി.പക്ഷെ അന്നുവരെ പറയാത്ത ഒരു കാര്യം അന്ന് മകളോട് അദ്ദേഹം പറഞ്ഞു ഒരു ദിവസം നീ ഒരു ഒളിമ്പ്യന്‍ ആകണം.അവിടെ തുടങ്ങിയതാണ് ഷൂട്ടര്‍ മനുഭക്കാറിന്റെ സ്വപ്നസമാനമായ യാത്ര.തൊട്ടടുത്ത വര്‍ഷം തന്നെ 2017ലെ ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പ്യനും മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായ ഹീന സിദ്ധുവിനെ മനു ഭാക്കര്‍ അമ്പരപ്പിച്ചു.
അതേ വര്‍ഷം തന്നെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി. അടുത്ത വര്‍ഷം തന്റെ പതിനാറാം വയസ്സില്‍ മനു ഭേക്കര്‍ ഒരു വലിയ വേദിയില്‍ തന്റെ വരവറിയിച്ചു.മെക്സിക്കോയിലെ ഗ്വാഡലജാരയില്‍ നടന്ന ഇന്റര്‍നാഷണല്‍ സ്പോര്‍ട് ഷൂട്ടിംഗ് ഫെഡറേഷന്റെ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച മനു ഭേക്കര്‍ യോഗ്യതാ റൗണ്ടിലെ ജൂനിയര്‍ ലോക റെക്കോര്‍ഡ് തകര്‍ത്ത് വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനലില്‍ കടന്നു.ആ ഫൈനലില്‍ മനു സ്വര്‍ണ്ണമണിയുമ്പോള്‍ തോല്‍പ്പിച്ചത് ഒട്ടും നിസ്സാരക്കാരെ ആയിരുന്നില്ല.
ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് അന്ന കൊറകാക്കി, മൂന്ന് തവണ ലോകകപ്പ് മെഡല്‍ ജേതാവ് സെലിന്‍ ഗോബര്‍വില്ലെ, പ്രാദേശിക ഫേവറിറ്റ് അലജാന്ദ്ര സവാല എന്നിവര്‍ക്കെതിരെ ഫൈനലില്‍ മനു ഭാക്കര്‍ ആകെ 237.5 സ്‌കോര്‍ ചെയ്താണ്് അരങ്ങേറ്റത്തില്‍ തന്നെ സ്വര്‍ണം നേടിയത്.വെറും 16 വയസ്സുള്ളപ്പോള്‍ കരസ്ഥമാക്കിയ നേട്ടത്തിലൂടെ ഐഎസ്എസ്എഫ് ലോകകപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി എന്ന റെക്കോര്‍ഡും മനു സ്വന്തം പേരില്‍ കുറിച്ചു.അതേ ചാമ്പ്യന്‍ഷിപ്പില്‍ തന്നെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ ഓം പ്രകാശ് മിഥെര്‍വാളുമായി ചേര്‍ന്ന് മനു ഭേക്കര്‍ തന്റെ രണ്ടാം സ്വര്‍ണം നേടി.
ഒരു മാസത്തിനുശേഷം, ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ നടന്ന 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍, വനിതകളുടെ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ പുതിയ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.തന്റെ രണ്ടാം ഐഎസ്എസ്എഫ് ജൂനിയര്‍ ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മറ്റൊരു സ്വര്‍ണം നേടിയ അവര്‍ മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലവും നേടി.പിന്നീട് അങ്ങോട്ട് മനുവിന്റെ കാലമായിരുന്നു.2018ല്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടന്ന യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണം നേടി,ചരിത്രം സൃഷ്ടിച്ചാണ് മനു ഭേക്കര്‍ ആ വര്‍ഷം അവസാനിപ്പിച്ചത്.
പിന്നാലെ യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ ഷൂട്ടറും രാജ്യത്ത് നിന്നുള്ള ആദ്യ വനിതാ അത്‌ലറ്റുമായി.2019 ല്‍ ന്യൂ ഡല്‍ഹിയില്‍ നടന്ന ലോകകപ്പിലും കൗമാരക്കാരന്‍ സൗരഭ് ചൗധരിയോടൊപ്പം ചേര്‍ന്നു മിക്‌സഡ് ടീം സ്വര്‍ണ്ണ മെഡലുകള്‍ നേടി, ചൈനയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ മനു ഭാക്കര്‍ വ്യക്തിഗത, മിക്‌സഡ് ടീം ഇനങ്ങളില്‍ സ്വര്‍ണം നേടി.2019 മ്യൂണിച്ച് ലോകകപ്പില്‍ നാലാം സ്ഥാനത്തോടെ മനു ഭാക്കര്‍ ഒളിമ്പിക്‌സ് സ്ഥാനവും ഉറപ്പിച്ചു.2021 ലെ ന്യൂഡല്‍ഹി ഐഎസ്എസ്എഫ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണവും വെള്ളിയും മെഡലും 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലവും നേടിയതോടെ ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ ഫേവറിറ്റുകളില്‍ ഒരാളായി മാറി
പക്ഷെ ഗെയിംസിലെ മനുവിന്റെ അരങ്ങേറ്റം പ്രതീക്ഷിച്ചതുപോലെ നടന്നില്ല.10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതമത്സരത്തില്‍ പിസ്റ്റളിന് വന്ന തകരാര്‍ പ്രതീക്ഷകളെ തകിടം മറിച്ചു.തകരാര്‍ പരിഹരിച്ച് മനു വീണ്ടും ഫയറിംഗ് റേഞ്ചിലെത്തി. എന്നാല്‍ താളം അപ്പോഴേക്കും തകര്‍ന്നിരുന്നു, 36 മിനിറ്റിനുള്ളില്‍ അവളുടെ ശേഷിക്കുന്ന 44 ഷോട്ടുകള്‍ പൂര്‍ത്തിയാക്കാന്‍ സമയത്തിനെതിരായി മത്സരിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തിച്ചു.സ്മ്മര്‍ദ്ദത്തിലും പരമാവധി ശ്രമിച്ചെങ്കിലും ഫൈനല്‍ യോഗ്യത നേടിയില്ല.വ്യക്തിഗത ഇനത്തിലെ ഈ നിരാശ മിക്സഡിനെയും ബാധിച്ചു.അവിടെയും യോഗ്യത റൗണ്ടില്‍ പുറത്തായി.
അങ്ങിനെ അപ്രതീക്ഷിത കണ്ണീരുമായാണ് മനു ടോക്യോ വിട്ടത്.പക്ഷെ വീഴ്ച്ചയില്‍ സങ്കടപ്പെടാന്‍ മനു തയ്യാറായിരുന്നില്ല.വീണിടത്തു നിന്നും പൂര്‍വ്വാധികം ശക്തിയോടെ മനു എഴുന്നേറ്റ് ഓടി.2022 ലെ കെയ്‌റോ ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വെള്ളിയും 2023 ല്‍ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇതേ ഇനത്തില്‍ സ്വര്‍ണവും മനു ഭേക്കര്‍ നേടി.2023-ല്‍ ചാങ്വോണില്‍ നടന്ന ഏഷ്യന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ അഞ്ചാം സ്ഥാനത്തെത്തിയതോടെയാണ്് മനു പാരീസിലേക്ക് ടിക്കറ്റ് എടുത്തത്.
ഇന്ന് പാരീസില്‍ ഇന്ത്യയ്ക്ക് ആദ്യമെഡല്‍ സമ്മാനിച്ച് രാജ്യത്തിന്റെയാകെ പ്രതീക്ഷയും അച്ഛനും നല്‍കിയ വാക്കും കാക്കുകയാണ്.ഒരു സിനിമ ഡയലോഗ് പോലെ വലിയ വിജയങ്ങള്‍ വീഴ്ച്ചയില്‍ പതറാതെ വീണ്ടും എഴുന്നേറ്റ് ഓടുന്നവര്‍ക്കുമാത്രമാണ്.. മനുവിന്റെ മെഡലും അത് അടിവരയിടുന്നു.