ഇടുക്കി: നെറ്റ് വര്‍ക്ക് മാര്‍ക്കറ്റ് വഴി വില്‍പ്പന നടത്തിയ മരുന്ന് കഴിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. മരുന്നിനെ കുറിച്ച് പരാതിയില്ലെന്ന് ബന്ധുക്കള്‍ അവകാശപ്പെടുമ്പോള്‍ മരുന്നാണ് മരണകാരണമെന്നാമണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
മൂന്ന് മാസം കൊണ്ട് മനുവിന്റെ തൂക്കം 48 കിലോയോളം കുറഞ്ഞ മനുവിന്റെ ചിത്രം മരുന്ന് വിതരണത്തിനായി വ്യാപകമായി ഉപയോഗിച്ചതായും നാട്ടുകാര്‍ പറയുന്നു. ശരീരം മെലിയാനായുള്ള മരുന്ന് വിതരണം ചെയ്യുന്ന കമ്പനി ഏതാനും ആഴ്ച മുമ്പ് കുമളിയില്‍ സംഘടിപ്പിച്ച ക്ലാസില്‍ പങ്കെടുത്തവര്‍ക്ക് മരുന്നിന്റെ ഫലം വ്യക്തമാക്കിക്കൊടുക്കാനാണ് വണ്ണമുള്ളപ്പോഴും മെലിഞ്ഞശേഷവും പകര്‍ത്തിയ മനുവിന്റെ ചിത്രം ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കുമളിയിലെ ഒരു ഹോട്ടലില്‍ സംഘടിപ്പിച്ച ക്ലാസില്‍ സ്ത്രീകള്‍ അടക്കം നിരവധി പേര്‍ പങ്കെടുക്കുയുമുണ്ടായി. ഒരു സൊസൈറ്റിയുടെ നേതൃത്വത്തിലാണു ക്ലാസ് സംഘടിപ്പിച്ചതെന്നാണു വിവരം. കൂടുതല്‍ പേരെ മെലിയാനുള്ള മരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. മരുന്നിന്റെ സേവനം സംസ്ഥാന വ്യാപകമായി ലഭ്യമാണെന്ന് വ്യക്തമാക്കുന്ന ലഘുലേഖകള്‍ ക്ലാസില്‍ വിതരണം ചെയ്തതായും സൂചനയുണ്ട്. ഇതില്‍ പങ്കെടുത്ത പലരും മരുന്ന് ഉപയോഗിച്ചു വരുന്നതിനിടെയാണ് മനുവിന്റെ മരണ വിവരം അറിഞ്ഞത്.
പലരും മരുന്നിന്റെ ഉപയോഗം നിര്‍ത്തിയെങ്കിലും കഴിച്ചതിന്റെ പാര്‍ശ്വഫലം എന്തായിരിക്കുമെന്ന ആശങ്കയിലാണ്. മനുവിന്റെ ചിത്രം ഉപയോഗിച്ചിട്ടില്ലെന്നും മറ്റൊരു യുവാവിന്റെ ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്നുമാണ് സൊസൈറ്റി അധികൃതരുടെ വിശദീകരണം. മിമിക്രി കലാകാരനായ മനു നഗരത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ചലച്ചിത്രതാരങ്ങളുടെ രൂപഭാവങ്ങളില്‍ വേദിയില്‍ എത്താന്‍ അമിതവണ്ണം തടസമാകുന്നെന്ന മനോവിഷമംമൂലമാണ് മെലിയാനായി മരുന്ന് കഴിച്ചതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. 90 കിലോഗ്രാമുണ്ടായിരുന്ന മനുവിന്റെ തൂക്കം മൂന്നുമാസത്തിനിടെ പകുതിയോളം കുറഞ്ഞതോടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനിടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇതിനും മരുന്ന് കഴിച്ചിരുന്നതായി പറയപ്പെടുന്നു.
വേഗത്തില്‍ മെലിയുകയും അതിനൊപ്പം രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുകയും ചെയ്തതാണ് മനുവിന്റെ മരണത്തിനു കാരണമായതായി പറയുന്നത്. ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ഉയരുന്നതിടെയാണ് ജില്ലയില്‍ വ്യാപകമായി ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായുള്ള വിവരം പുറത്തുവരുന്നത്. മണി ചെയിന്‍ മാതൃകയിലാണ് ഈ കമ്പനിയിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ഇതിലേയ്ക്ക് കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നവര്‍ക്ക് 40 ശതമാനം വരെ ലാഭവിഹിതം ലഭിക്കുമത്രേ. മരുന്ന് കഴിച്ചവരുടെ അനുഭവ സാക്ഷ്യങ്ങളും മെലിഞ്ഞവരുടെ ചിത്രങ്ങളുമെല്ലാം പ്രദര്‍ശിപ്പിച്ചാണ് പുതുതായി ചങ്ങലയില്‍ കണ്ണികളാകുന്നവരുടെ വിശ്വാസം നേടുന്നത്.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മരുന്നുപയോഗിച്ച് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം പ്രമേഹരോഗ ബാധക്ക് കാരണമാകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്‌തെന്ന റിപ്പോര്‍ട്ടിനിടെയാണ് തൊടുപുഴയിലെ മരുന്നിനെക്കുറിച്ച് വിവരം പുറത്തുവരുന്നത്. മനു മാത്രമല്ല, ജില്ലയില്‍ നിരവധി യുവാക്കള്‍ ഈ മരുന്ന് കഴിച്ചിരുന്നതായും വിവരമുണ്ട്. മരുന്നു നല്‍കിയവരുടെ നിര്‍ദേശാനുസരണം കഴിക്കുന്ന മരുന്നിനെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റുള്ളവരോട് പങ്കുവയ്ക്കാതിരിക്കുകയും ശാരീരിക വിഷമതകളുണ്ടായാലും അടുത്ത കോഴ്‌സ് മരുന്ന് കഴിക്കുന്നതോടെ അവ മാറുമെന്നുള്ള മരുന്നുവില്‍പനക്കാരുടെ വാക്കുകളിലുള്ള അമിതവിശ്വാസവുമാണ് മനുവിനെ അകാലത്തില്‍ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
രണ്ട് ഇളയസഹോദരങ്ങളടങ്ങുന്ന അഞ്ചംഗ നിര്‍ധന കുടുംബത്തിന്റെ അത്താണിയായിരുന്ന ഈ യുവാവിന്റെ ആകസ്മിക മരണം ആളെക്കൊല്ലി മുറിവൈദ്യന്മാരുടെയും പാര്‍ശ്വഫലമുണ്ടാക്കുന്ന മരുന്നുകള്‍ പരസ്യങ്ങളിലൂടെയും നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗിലൂടെയും വിറ്റഴിക്കുന്ന വമ്പന്‍ തട്ടിപ്പുകാരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണെന്നാണ് തെളിയിക്കുന്നത്.
തന്റെ തൂക്കം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആറ് മാസത്തോളമായി മരുന്നുകളെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു മനു. പല മല്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികളുടെയും ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ഏറ്റവുമൊടുവില്‍ ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ ഫുഡ് സപ്ലിമെന്റുകളുടെ വിതരണാര്‍ത്ഥം നടത്തിയ ക്ലാസില്‍ നാല് മാസം മുമ്പ് പങ്കെടുത്തു. പിന്നീട് തൊടുപുഴയില്‍നിന്നു മരുന്നു വാങ്ങി തേനില്‍ ചാലിച്ച് കഴിച്ചതായാണ് സുഹൃത്തുക്കളില്‍നിന്നു ലഭിക്കുന്ന വിവരം. മൂന്നു മാസം മുമ്പുവരെ ആരോഗ്യവാനായിരുന്ന മനു ചുറുചുറുക്കോടെ ഓടിനടന്ന് ജോലികള്‍ ചെയ്തിരുന്നു. തൂക്കം കുറഞ്ഞുതുടങ്ങിയതോടെ ക്ഷീണവും അനുഭവപ്പെട്ടു. ഇതോടെ ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. മരുന്നു ചേര്‍ത്ത വെള്ളം വീട്ടില്‍നിന്ന് കൊണ്ടുവന്നാണ് ജോലിക്കിടയില്‍ കുടിച്ചിരുന്നത്.
അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരും പരാതി നല്‍കിയിട്ടില്ല. പ്രമേഹം കടുത്തതിനെ തുടര്‍ന്നാണ് മരണമുണ്ടായതെന്നാണ് പോസ്റ്റ്‌മോര്‍്ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. ആന്തരീകാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നാലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ.