കൊച്ചി:നീണ്ട പതിനേഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം ലോക സുന്ദരിപട്ടം വീണ്ടും ഇന്ത്യയിൽ എത്തിയിരിക്കുന്നു. ചൈനയിലെ സാന്യയിൽ നടന്ന മത്സരത്തിൽ 108 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിറകിലാക്കിയാണ് ഹരിയാന സ്വദേശിയായ മാനുഷി ചില്ലർ ഈ നേട്ടം കരസ്ഥമാക്കിയത്. ആറാമത് മിസ് വേൾഡ് കിരീടമാണ് മെഡിക്കൽ വിദ്യാർഥിനിയായ ഈ ഇരുപത്തൊന്നുകാരിയിലൂടെ ഇന്ത്യയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ലോകസുന്ദരി മിസ് പോർട്ടോറിക്കോ, സ്റ്റെഫാനി ഡെൽ വാലേ മാനുഷിയെ കിരീടം ചൂടിച്ചപ്പോൾ ലോകസൗന്ദര്യത്തിെൻറ നെറുകയിൽ ഒരിക്കൽക്കൂടി ഒരിന്ത്യൻ സുന്ദരിയുടെ ആനന്ദക്കണ്ണീർ പതിച്ചു. അടുത്തറിയാം ഈ സുന്ദരിയെ…
ചില്ലറക്കാരിയല്ല ചില്ലർ
1997 മേയ് പതിനാലിനാണ് മാനുഷി എന്ന ഹരിയാനക്കാരി ജനിച്ചത്. അച്ഛൻ മിത്ര ബസു ചില്ലറും അമ്മ നീലം ചില്ലറും ഡോക്ടർമാർ. ദാൽമിത്ര ചില്ലറും ദേവാംഗന ചില്ലറുമാണ് സഹോദരങ്ങൾ. മാതാപിതാക്കളുടെ പാത പിന്തുടർന്ന് ഡോക്ടറാവാനായിരുന്നു ചെറുപ്പം മുതൽ മാനുഷിയുടെ ആഗ്രഹം. ന്യൂഡൽഹിയിലെ സെൻറ് തോമസ് സ്കൂളിലെ പഠനത്തിന് ശേഷം ഭഗത്ഫൂൽ സിംഗ് ഗവണ്‍മെൻറ് മെഡിക്കൽ കോളജിൽ മെഡിസിന് ചേർന്നു. അതേസമയം, സൗന്ദര്യമത്സര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന വലിയ സ്വപ്നം, ഡോക്ടറാവുക എന്ന ആഗ്രഹത്തിനും മുന്പേ അവളുടെ മനസിൽ കയറിക്കൂടിയിരുന്നു. അതാണിപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നതും.
2017 ജൂണിൽ ഫെമിന മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മിസ് വേൾഡ് മത്സരവേദിയിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് ചാരക്കണ്ണുകളുള്ള ഈ സുന്ദരിയെത്തിയത്. അന്ന് മിസ് ഫോട്ടോജെനിക് ആയും മാനുഷി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഠനത്തോടൊപ്പം നൃത്തവും പാട്ടും ചിത്രരചനയും കവിതാരചനയുമെല്ലാമുണ്ട് മാനുഷിക്ക്. കുച്ചിപ്പുടിയാണ് ഇഷ്ട നൃത്തയിനം. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും അംഗമാണ്, ഈ മിടുക്കി.
മോഡലിംഗിനൊപ്പം സാഹസികതയേയും ഇഷ്ടപ്പെടുന്ന മാനുഷി, പാരാഗ്ലൈഡിംഗ്, ബഞ്ചീ ജംപിംഗ്, സ്കൂബാ ഡൈവിംഗ് എന്നിവയിലും വിദഗ്ധയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇഷ്ട വ്യക്തിത്വം. 2000 ത്തിൽ അവസാനമായി ലോകസുന്ദരിപട്ടം ഇന്ത്യയിലെത്തിച്ച പ്രിയങ്ക ചോപ്രയാണ് മാനുഷിയുടെ ഇഷ്ടപ്പെ നടി.
മാനുഷിയെ ലോകസുന്ദരിയാക്കിയ ചോദ്യവും ഉത്തരവും
ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി ഏത്? എന്തുകൊണ്ട്? എന്ന അവസാന റൗണ്ടുകളിലൊന്നിലെ കുഴപ്പിക്കുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മാനുഷിയുടെ കിരീടനേട്ടത്തിലേക്കുള്ള വഴിതെളിച്ചത്. അമ്മ എന്നായിരുന്നു മാനുഷി നൽകിയ ഉത്തരം. എെൻറ ഏറ്റവും വലിയ പ്രചോദനം അമ്മയാണ്. പണമായി മാത്രമല്ല, സ്നേഹമായും ആദരവായും ഏറ്റവുമധികം പ്രതിഫലം ലഭിക്കേണ്ട ജോലി അമ്മയുടേതാണ്. ഇതായിരുന്നു മാനുഷിയുടെ മറുപടി. വിധികർത്താക്കൾക്ക് പിന്നീടൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.
ബ്യൂട്ടി വിത്ത് എ പർപ്പസ്
സൗന്ദര്യം മാത്രമല്ല മാനുഷി എന്ന ഈ സുന്ദരിയെ ശ്രദ്ധേയയാക്കുന്നത്. ലോക സുന്ദരി മത്സരത്തിെൻറ ഭാഗമായി നടത്തപ്പെടുന്ന ബ്യൂട്ടി വിത്ത് എ പർപ്പസ് മത്സരത്തിലും സഹവിജയി ആണ് മാനുഷി.
ബ്യൂട്ടി വിത്ത് എ പർപ്പസ് പ്രോജക്ട്?
ഇന്ത്യയിൽ ഇപ്പോഴും കോടിക്കണക്കിന് സ്ത്രീകൾ ആർത്തവ ശുചിത്വവുമായി ബന്ധപ്പെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരാണ്. പലർക്കും ഇത് സംബന്ധിച്ച് വ്യക്തമായ ബോധ്യം പോലും ഇല്ല എന്നതാണ് സത്യം. മെഡിക്കൽ വിദ്യാർഥി കൂടിയായ മാനുഷിക്ക് അത് നന്നായി മനസ്സിലായിട്ടുണ്ടാവണം. ഇത് തന്നെ ആയിരുന്നു മാനുഷിയുടെ ബ്യൂട്ടി വിത്ത് എ പർപ്പസ് പ്രോജക്ടും. പ്രോജക്ട് ശക്തി എന്നായിരുന്നു മാനുഷിയുടെ ബ്യൂട്ടി വിത്ത് എ പർപ്പസ് പ്രോജക്ടിെൻറ പേര്. ആർത്തവ ശുചിത്ത്തെക്കുറിച്ച് ബോധവത്കരണം നടത്തുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി ഇന്ത്യയിലെ ഇരുപതിൽ പരം ഗ്രാമങ്ങൾ അവർ നേരിട്ട് സന്ദർശിച്ചു. അയ്യായിരത്തിലധികം സ്ത്രീകളുമായി സംവദിക്കുകയും അവർക്ക് മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
ഫിറ്റ്നസ് രഹസ്യം
മത്സരത്തിനു വേണ്ടി തയ്യാറെടുക്കുന്ന സമയത്ത് പലപ്പോഴായി സൗന്ദര്യപരിപാലനത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി താൻ പാലിക്കുന്ന കാര്യങ്ങളെക്കുറിച്ച് മാനുഷി വെളിപ്പെടുത്തിയിരുന്നു. ഇതിൽ പ്രധാനമായി മാനുഷി പരിചയപ്പെടുത്തുന്നതും നന്ദി പറയുന്നതും മിസ് വേൾഡ് മത്സരത്തിനു വേണ്ടി തന്നെ സജ്ജയാക്കിയ ഡോ. അമിത് കർഖാനീസിനോടാണ്. ഡോക്ടർ ത്വച എന്ന സ്ഥാപനത്തിെൻറ ഡയറക്ടർ കൂടിയായ അദ്ദേഹം ഹെയർ, സ്കിൻ, സ്ലിിംഗ്, ആൻറി ഏജിംഗ് എന്നിവയിൽ പ്രഗത്ഭനാണ്.
എട്ടുമണിക്കൂറുള്ള ഉറക്കം. പിന്നെ ആറുനേരം ഡയറ്റനുസരിച്ച് ഭക്ഷണം. ആറുനേരം കഴിക്കേണ്ട മികച്ചൊരു ഡയറ്റ് ചാർട്ടാണ് മാനുഷിയുടെ ഫിറ്റ്നസ് ഗുരുവും സെലിബ്രിറ്റി ന്യൂട്രീഷനുമായ നമാമി അഗർവാൾ തയാറാക്കിയത്. എല്ലാ നേരവും പഴവർഗങ്ങളും പച്ചക്കറികളും നിർബന്ധം. ഓരോ ദിവസവും മൂന്നു ലിറ്റർ വെള്ളമാണ് മാനുഷിക്ക് കുടിക്കാൻ നിർദേശിച്ചിരുന്നത്. ഒപ്പം യോഗയും വർക്കൗട്ടും എല്ലാ ദിവസവും മുടങ്ങാതെ ചെയ്തിരുന്നു. ഒരുപാട് മേക്കപ്പ് അണിയാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഒരു മികച്ച ഡയറ്റാണ് ഏറ്റവും പ്രധാനം. ചർമം എല്ലായ്പ്പോഴും മോയിസ്ചറൈസ്ഡ് ആയിരിക്കാനും ശ്രദ്ധിക്കും മാനുഷി പറയുന്നു. നമാമി അഗർവാളിെൻറ ഡയറ്റ് ടിപ്സ്, ഫിറ്റ്നസിൽ താല്പര്യമുള്ളവർക്കായി എന്ന അടിക്കുറിപ്പോടെ മാനുഷി ട്വിറ്ററിൽ പങ്കുവച്ചത് ഇങ്ങനെ…
1. പ്രാതൽ ഒഴിവാക്കരുത്. ഒഴിവാക്കിയാൽ ദിവസം മുഴുവനും വിശപ്പ് തോന്നിക്കൊണ്ടിരിക്കും.
2. കൃത്യ സമയത്തുള്ള ഭക്ഷണം, അതും ചെറിയ അളവുകളിൽ. ഇങ്ങനെ ചെയ്താൽ കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള നമ്മൾ വെറുതെ കൊറിക്കുന്ന ഭക്ഷണം ഒഴിവാക്കാൻ സാധിക്കും.
3. മധുരം പാടെ ഒഴിവാക്കുക, റിഫൈൻഡ് ഷുഗർ പ്രത്യേകിച്ചും.
ഭാവി പരിപാടികൾ
തത്കാലം ബോളിവുഡിലേക്കില്ലെന്നും മെഡിസിൻ പഠനം തുടരാനാണ് താത്പര്യമെന്നും വ്യക്തമാക്കിയ ലോക സുന്ദരിക്ക് ബോളിവുഡിൽ അമീർഖാനൊപ്പം അഭിനയിക്കുവാനാണ് താത്പര്യം. അതിനുള്ള കാരണവും മാനുഷി വെളിപ്പെടുത്തി. അമീർഖാന് സിനിമകൾ വെറും വിനോദം മാത്രമല്ല, സാമൂഹിക പ്രസക്തമായ വിഷയങ്ങളാണ് അദ്ദേഹം സിനിമകളിലൂടെ മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് തനിക്ക് സംതൃപ്തി നൽകുമെന്നാണ് പ്രതീക്ഷ മാനുഷി പറഞ്ഞു. ലോക സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി റീത്ത ഫാരിയയാണ് മാനുഷിയുടെ റോൾ മോഡൽ. ബോളിവുഡ് വേണ്ടെന്ന് പ്രഖ്യാപിച്ച് പഠനം തെരഞ്ഞെടുക്കുകയായിരുന്നു റീത്ത. റീത്തയെ നേരിട്ട് കാണുകയെന്നതും മാനുഷിയുടെ ആഗ്രഹങ്ങളിലൊന്നാണ്.
ലോകസുന്ദരി പട്ടം നേടിയ ഇന്ത്യൻ സുന്ദരികൾ
റീത്ത ഫാരിയ (1966)
ഐശ്വര്യറായ് (1994)
ഡയാന ഹെയ്ഡൻ (1997)
യുക്താമുഖി (1999)
പ്രിയങ്ക ചോപ്ര (2000)
മാനുഷി ചില്ലർ (2017)
ലോകസുന്ദരി മത്സരം
1951 ൽ ബ്രിട്ടനിലാണ് ലോകസുന്ദരി മത്സരം ആരംഭിച്ചത്. കിക്കി ഹാക്കൻസണ്‍ എന്ന സ്വീഡൻകാരിയാണ് ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി. ഇന്ത്യയിൽ ബംഗളൂരുവിൽ മാത്രമാണ് മിസ് വേൾഡ് മത്സരം നടന്നിട്ടുള്ളത്. 1996 ലായിരുന്നു അത്.