ആലപ്പുഴ: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന് മാത്രമേ നല്‍കിയിട്ടുള്ളൂ എന്ന് പിടിയിലായ അബിന്‍ സി രാജ് നല്‍കിയ മൊഴിപൂര്‍ണമായും ശരിയല്ലെന്ന് തെളിയിക്കുന്ന സൂചനകള്‍ പുറത്ത്.
ഡിവൈഎഫ്‌ഐ കായംകുളം ചിറക്കടവം മേഖലാ ഭാരവാഹിയും സിപിഎം പ്രവര്‍ത്തകനുമായ യുവ നേതാവിന്റെ നിയമബിരുദ സര്‍ട്ടിഫിക്കറ്റാണു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിഖില്‍ തോമസിനു സര്‍ട്ടിഫിക്കറ്റ് കിട്ടിയ അതേ കാലയളവില്‍ തന്നെയാണ് ഇദ്ദേഹത്തിനും സര്‍ട്ടിഫിക്കറ്റ് ലഭ്യമായത്. യുവനേതാവ് ഈ സമയത്ത് കായംകുളത്തിനു പുറത്ത് എവിടെയെങ്കിലും പഠിക്കാന്‍ പോയതായി ആര്‍ക്കുമറിയില്ല.
2 ലക്ഷം രൂപ വാങ്ങി എറണാകുളത്തെ എജന്‍സിയില്‍നിന്ന് നിഖിലിനു മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളൂ എന്നാണ് അബിന്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചത്. മറ്റു പലര്‍ക്കും വ്യാജ കലിംഗ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടാകാം എന്ന സംശയം പൊലീസിനുണ്ട്. പരാതികള്‍ ലഭിക്കാത്തതിനാല്‍ ഇത്തരക്കാരിലേക്ക് പൊലീസ് അന്വേഷണം നീണ്ടിട്ടില്ല. നേരത്തെ കായംകുളത്തെ ചില സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക് പ്രൊഫൈലുകളില്‍ കലിംഗ സര്‍വകലാശാലയില്‍നിന്ന് കോഴ്‌സുകള്‍ പാസായതായി ചേര്‍ത്തിരുന്നു. നിഖില്‍ തോമസിന്റെ കേസുണ്ടായതോടെ പലരും പ്രൊഫൈല്‍ എഡിറ്റ് ചെയ്തു.