ഭുവനേശ്വര്‍: ഒഡിഷയില്‍ കോരാപുത്തില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഒഡിഷ – ആന്ധ്ര അതിര്‍ത്തിയിലാണ് കോരാപുത്ത്. പരിശീലനത്തിനായി കട്ടക്കില്‍ നിന്നും കോരാപുത്തിലേക്ക് പോവുകയായിരുന്നു പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പന്ത്രണ്ട് പൊലീസുകാരും ഒരു സിവിലിയനുമാണ് മിനി ബസിലുണ്ടായിരുന്നത്. ബസ് മോഗാര്ഗുമ ഗ്രാമത്തിലെ ഹൈവേയിലെത്തിയപ്പോള്‍ ഐ.ഇ.ഡി പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഹൈവേയില്‍ ഏഴ് അടി താഴ്ചയില്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണങ്ങള്‍ കുറഞ്ഞു വന്ന സാഹചര്യത്തിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 26ഓളം മാവോയിസ്റ്റ് നേതാക്കന്മാരും 700ഓളം പ്രവര്‍ത്തകരും സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ മാല്‍കാംഗിരി ജില്ലയില്‍ നടന്ന പൊലീസ് നടപടിയില്‍ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.