കോഴിക്കോട് :നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ഹര്‍ജി മഞ്ചേരി സെഷന്‍സ് കോടതി തള്ളി. ഇന്ന് രാത്രി വരെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിക്കും. കൊല്ലപ്പെട്ട കുപ്പുദേവരാജിന്‍റെ സഹോദരന്‍ ശ്രീധരന്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ഇന്ന് ഉച്ചയോടെയാണ് ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.മാവോയിസ്റ്റുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് പൊലീസ് ചെയ്യേണ്ടതെന്നും കൊലപ്പെടുത്തുകയല്ലെന്നും കോടതി നിരീക്ഷിച്ചു. ബന്ധുക്കള്‍ എത്താത്ത സാഹചര്യത്തില്‍ ഇന്ന് 5.30ന് ശേഷം മൃതദേഹം സംസ്കരിക്കാമെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍, കുപ്പുദേവരാജിന്‍റെ മൃതദേഹം റീപോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന ആവശ്യവുമായി സഹോദരന്‍ ഇന്ന് തന്നെ ഹൈകോടതിയെ സമീപിക്കും. ഇതിനുവേണ്ട എല്ലാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ശ്രീധരനും അഭിഭാഷകനും മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.മാവോയിസ്റ്റ് വേട്ടയില്‍ പൊലീസിന്‍റെ വെടിയേറ്റ് കുപ്പു ദേവരാജ്, അജിത എന്നിങ്ങനെ രണ്ട് പേരാണ് മരിച്ചത്. അജിതയുടെ ബന്ധുക്കളെ കണ്ടുപിടിക്കാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.