കോഴിക്കോട്: നിലമ്പൂരിലെ മാവോയിസറ്റ് വേട്ടയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത് പോലീസും ആദിവാസികളും തമ്മിലുള്ള ബന്ധം. മാവോയിസ്റ്റ് വാട്‌സാപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ ചോര്‍ത്തി നടത്തിയ നീക്കത്തിലാണ് രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
ഇന്നലെ നിലമ്പുര്‍ വനത്തിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജ്(57) ദക്ഷിണേന്ത്യന്‍ വനമേഖലകളില്‍ മാവോയിസറ്റ് പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലക്ഷങ്ങള്‍ തലക്ക് വിലയുള്ള പ്രതിയാണ്. 2015 ഡിസംബറില്‍ കുപ്പു ദേവരാജിന്റെ നേതൃത്വത്തില്‍ 20 അംഗ സായുധ മാവോ കേഡറുകള്‍ പാലക്കാട്ടത്തെിയിരുന്നു. ഈ സംഘം തന്നെയാണ് നിലവില്‍ നിലമ്പൂര്‍ മേഖലയിലുള്ളതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
കുപ്പു ദേവരാജ് നാലു സംസ്ഥാനങ്ങള്‍ തിരയുന്ന മാവോയിസ്റ്റ് നേതാവായിരുന്നു. മാവോയിസ്റ്റ് പാര്‍ട്ടിയുടെ തെക്കു പടിഞ്ഞാറന്‍ ബ്യൂറോ മെംബറായ ദേവരാജിനെ തേടി ആന്ധ്രയിലെ മാവോയിസ്റ്റ് വിരുദ്ധ സേനയായ ഗ്രേ ഹണ്ടും തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ട് ഏറെക്കാലമായി. കര്‍ണാടക സര്‍ക്കാര്‍ ഏഴു ലക്ഷം രൂപയും തമിഴ്നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപയും ചത്തീസ്ഗഡ് സര്‍ക്കാര്‍ 10 ലക്ഷം രൂപയും ജാര്‍ഘണ്ഡ് സര്‍ക്കാര്‍ 10 ലക്ഷം രൂപയുമാണ് ദേവരാജിന് വിലയിട്ടിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗവുമായ ദേവരാജ് തമിഴ്നാടു സ്പെഷല്‍ ഓര്‍ഗനൈസേഷന്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു കുപ്പുസ്വാമി എന്ന പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു.
തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തങ്ങിയിരുന്ന ഇയാള്‍ തെലങ്കാന സ്വദേശിയാണ്. ഒന്‍പതു മാസമായി മാവോയിസ്റ്റിന്റെ സേനാ വിഭാഗമായ പീപ്പള്‍സ് ആര്‍മി നിലമ്പൂരില്‍ താവളമടിച്ചിരുന്നതായാണ് വിവരം. ഇയാള്‍ ഉള്‍പ്പെട്ട സംഘം കേരളം ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോ മാസങ്ങള്‍ക്കു മുമ്പേ മുന്നറിയിപ്പു നല്‍കിയിരുന്നു. കേരളത്തിലെ ആദിവാസി ഊരുകള്‍ ലക്ഷ്യമിട്ടാണ് ഇയാള്‍ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. ആദിവാസികളെ ആകര്‍ഷിച്ച് സര്‍ക്കാര്‍ വിരുദ്ധ മുന്നണി രൂപീകരിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാല്‍ കേരളത്തിലെ ആദിവാസികളെ മാവോയിസ്റ്റുകള്‍ ആകര്‍ഷിക്കുന്നതു തടയാന്‍ സര്‍ക്കാരും ഇവിടെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ആദിവാസികള്‍ മാവോയിസ്റ്റുകളുടെ സ്വാധീന വലയത്തില്‍ എത്തുന്നത് തടയാനായിരുന്നു സര്‍ക്കാരിന്റെ ആദ്യ ശ്രമം. ആ നീക്കം ഫലം കണ്ടു തുടങ്ങിയതിന്റെ ആദ്യ ഫലസൂചനയാണ് നിലമ്പൂര്‍ സംഭവം.
നിലമ്പൂര്‍ മാവോയിസ്റ്റുകള്‍ താവളമാക്കുകയാണെന്ന് വ്യക്താമക്കുന്ന നിരവധി സംഭവങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ സെപ്റ്റംബര്‍ 26 ന് കരുളായി മുണ്ടക്കടവ് കോളനിക്ക് സമീപം പൊലീസിന് നേരെ മാവോവാദികള്‍ വെടിയുതിര്‍ത്തിരുന്നു. ഒരു വനിതയുള്‍പ്പെടെയുള്ള ഏഴംഗ മാവോയിസറ്റ് സംഘം കോളനിയിലെ കമ്യൂണിറ്റി ഹാളില്‍ ആദിവാസികളെ വിളിച്ചുവരുത്തി മെഴുകുതിരി വെളിച്ചത്തില്‍ യോഗം ചേരുമ്പോഴായിരുന്നു സംഭവം. വിവരമറിഞ്ഞത്തെിയ പൊലീസിനെ കണ്ട് ചിതറിയോടുന്നതിനിടയിലാണ് മാവോവാദികള്‍ ആദ്യം വെടിയുതിര്‍ത്തത്. പൊലീസ് ജീപ്പിന് തകരാര്‍ സംഭവിക്കുകയും ചെയ്തു. അന്ന് തലനാരിഴക്കാണ് പൊലീസ് രക്ഷപ്പെട്ടത്. തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങള്‍ ഉള്‍പ്പെടെ വനത്തില്‍ പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ സാധിച്ചില്ല. വനംവകുപ്പിലെ വാച്ചര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനും വനപാലകരെ ബന്ദിയാക്കിയതിനും പൂക്കോട്ടുംപാടം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വനംവകുപ്പിന്റെ ടി.കെ കോളനി പൂത്തോട്ടം കടവിലെ ഔട്ട്പോസ്റ്റ് തീയിട്ട് നശിപ്പിച്ചതിനും കേസെടുത്തിരുന്നു.പക്ഷേ ഈ സംഭവങ്ങളില്‍ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
2010ലാണ് നിലമ്പൂര്‍ വനമേഖലയില്‍ മാവോവാദി സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത്. നിലമ്പൂര്‍ഷൊര്‍ണൂര്‍ ട്രെയിനിന്റെ കേബിള്‍ മുറിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണമാണ് സാന്നിധ്യം കണ്ടത്തൊന്‍ ഇടയാക്കിയത്. ട്രെയിന്‍ കേബിള്‍ മുറിച്ചതില്‍ മാവോവാദികള്‍ക്ക് ബന്ധമില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും അന്വേഷണത്തിനിടെ സുപ്രധാന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. എറണാകുളം സ്വദേശിയായ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതോടെയാണ് നിലമ്പൂരിനെ പ്രധാന കേന്ദ്രമായി മാറ്റാനുള്ള മാവോവാദി നീക്കം അറിയുന്നത്. ജയിലില്‍ കഴിയുന്ന രൂപേഷടക്കമുള്ളവര്‍ ഇവിടെ ക്യാമ്പ് ചെയ്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് രൂപേഷിനെതിരെ കേസ് നിലവിലുണ്ട്.