കോഴിക്കോട്: പോലീസ് പിടിയിലായ നോവലിസ്റ്റ് കമല്‍സിക്കൊപ്പം ആശുപത്രിയില്‍ കൂട്ടിരിക്കുമ്പോള്‍ പോലീസ് പിടിച്ചുകൊണ്ട് പോയി, വ്യാപക പ്രതിഷേധത്തിനൊടുവില്‍ വിട്ടയക്കപ്പെടുകയും പിന്നീട് യുഎപിഎ ചുമത്തപ്പെടുകയും ചെയ്ത വ്യക്തിയാണ് നദീര്‍.
കണ്ണൂരിലെ ആറളം ഫാമിലും പരിസരത്തെ ആദിവാസി കോളനികളിലും മാവോവാദികള്‍ക്കൊപ്പം ആയുധമണിഞ്ഞെത്തിയെന്ന് ആരോപിച്ചാണ് യുഎപിഎ ചുമത്തിയത്. എന്നാല്‍ കോഴിക്കോട് സ്വദേശി നദീറിന് പാര്‍ട്ടിയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് സിപിഐ (മാവോയിസ്റ്റ്) കബനീദളം ഏരിയാ കമ്മിറ്റി തങ്ങളുടെ ലഘുലേഖയിലൂടെ അറിയിച്ചു. മാവോയിസ്റ്റുകള്‍ക്കെതിരേ ഭരണകൂട ശക്തികള്‍ പ്രചരിപ്പിക്കുന്ന അതേ രാഷ്ട്രീയ നിലപാടുകള്‍ മുന്നോട്ടുവച്ച് ലേഖനം എഴുതിയ വ്യക്തിയാണ് നദീര്‍. ഇങ്ങനെയൊരാള്‍ മാവോവാദി-കളുടെ ജനകീയ വിമോചനസേന (പിഎല്‍ജിഎ)യില്‍ പ്രവര്‍ത്തിച്ചു എന്ന പോലിസ് വാദം സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. ഇതു ഭരണകൂടത്തിന്റെ ഗൂഢാലോചനയാണ്. ഒരു സാമൂഹികപ്രവര്‍ത്തകനെ കേസില്‍ കുടുക്കാന്‍ ഇത്രത്തോളം വിലകുറഞ്ഞ അടവുകള്‍ പറയുന്ന പോലിസും കോടതിയും ഇവിടുത്തെ ജനാധിപത്യവും എത്രത്തോളം ഭീകരവും കപടവുമാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാവുകയാണ്. ഈ ജനാധിപത്യത്തെയാണ് ലോകത്തിലെ തന്നെ മാതൃകാ ജനാധിപത്യമായി പലരും എഴുന്നള്ളിക്കുന്നത്. ഈ ജനാധിപത്യം കപടം മാത്രമല്ല ഭീകരവുമാണ്. ഭരണകൂടത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവരെ മാത്രമല്ല, നാളെ പ്രവര്‍ത്തിക്കാന്‍ ആരും സന്നദ്ധരാവരുതെന്ന് കരുതി തോന്നിയപോലെ പലരുടെ മേലും ഭീകര നിയമങ്ങള്‍ ചുമത്തി പീഡിപ്പിക്കുകയാണ്.
ജനങ്ങളെ ആയുധംകാട്ടി ഭീഷണിപ്പെടുത്തല്‍ മാവോവാദികളുടെ പണിയല്ലെന്ന് പ്രസ്താവന പറയുന്നു. അത് ചെയ്യുന്നത് പോലിസാണ്. ആയുധവും ജയിലും കേസും ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍ എന്നിവയെല്ലാം കാട്ടി ഭീഷണിപ്പെടുത്തുന്നത് ഇവിടുത്തെ പോലിസാണ്. കൊലയും കൂട്ടക്കൊലയും നടത്തിയും ഇവര്‍ ഭീഷണിപ്പെടുത്തുന്നു. ജനങ്ങളോട് രാഷ്ട്രീയം പറയാനും അവരുടെ പ്രശ്നങ്ങള്‍ പഠിക്കാനും വേണ്ടി ജനങ്ങളുടെ അടുത്തേക്ക് പോവുന്ന ഞങ്ങള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞാല്‍ അത് ആരും വിശ്വസിക്കാന്‍ പോവുന്നില്ല. നിലവില്‍ പോലിസിന് അധികാരമുള്ളതുകൊണ്ട് എന്തും പറഞ്ഞ് കേസാക്കാന്‍ കഴിയും. അതാണ് ഇവിടെ ആവര്‍ത്തിക്കുന്നത്. കാട്ടുതീക്ക് വേണ്ടി വരിസംഖ്യ പിരിച്ചു എന്നത് പോലിസിന്റെ കള്ളക്കഥയാണ്. മാസത്തില്‍ ഒരുതവണ ഒരു എ ഫോര്‍ ഷീറ്റില്‍ അടിച്ചിറക്കുന്ന കാട്ടുതീക്ക് എന്ത് വരിസംഖ്യ. കാട്ടുതീക്ക് വേണ്ടി വരിസംഖ്യ പിരിക്കല്‍ പരിപാടിയില്ല. അത് സൗജന്യമായി ജനങ്ങള്‍ക്കും പത്രങ്ങള്‍ക്കും മറ്റും നല്‍കുന്നതാണെന്നും പ്രസ്താവന പറയുന്നു.