തിരുവനന്തപുരം : പള്ളികളില്‍ നടക്കുന്ന ആനയും അമ്പാരിയും വെടിയും പടക്കവും ചെണ്ടമേളവും ബാന്‍ഡും ഊട്ടു നേര്‍ച്ചയും എല്ലാം അനാവശ്യമാണെന്നും ഈ പണം ഉണ്ടെങ്കില്‍ പാവങ്ങള്‍ക്ക് വീടുകള്‍ വെച്ച് നല്‍കാമെന്നും, സഭയുടെ ആഡംബരങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി മാര്‍ ആലഞ്ചേരി. മറ്റു സമുദായ നേതാക്കളും ഏറ്റുപിടിച്ചാല്‍ തുടക്കമാവുന്നത് രണ്ടാം നവോത്ഥാനം ആയിരിക്കുമെന്ന് നിരീക്ഷര്‍.
പള്ളിപ്പരിസരങ്ങളില്‍ നേര്‍ച്ചവസ്തുക്കള്‍ പാചകം ചെയ്തു കഴിക്കുന്ന രീതിയും ഊട്ടുനേര്‍ച്ച തിരുനാളുകളും നിരുല്‍സാഹപ്പെടുത്തണമെന്നു സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആര്‍ഭാടങ്ങളും അനാചാരങ്ങളും നിയന്ത്രിച്ച് ആത്മീയതയ്ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കണമെന്നു ‘തിരുനാള്‍ ആഘോഷങ്ങള്‍ക്കൊരു പുനര്‍വായന’ എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തില്‍ കര്‍ദിനാള്‍ നിര്‍ദേശിക്കുന്നു.
പള്ളിപ്പെരുനാളുകള്‍ അടിമുടി നവീകരിക്കണമെന്നാണ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ആഹ്വാനം. പള്ളിമുറ്റങ്ങളെ ബഹളമയമാക്കുന്ന വെടിക്കെട്ട്, ഊട്ട്, മൈക്ക് അനൗണ്‍സ്മെന്റ്, വാദ്യമേളങ്ങള്‍ എല്ലാം ഉപേക്ഷിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. ആത്മീയമായ അനുഭൂതി നല്‍കുന്നതാവണം തിരുനാളുകള്‍. തിരുനാള്‍ ആഘോഷങ്ങള്‍ക്കൊരു പുനര്‍വായന എന്ന പേരില്‍ പുറത്തിറക്കിയ കുറിപ്പിലാണ് കര്‍ദിനാള്‍ ഈ ആവശ്യം ഉന്നയിച്ചത്.