കൊച്ചി: സ്ത്രീകളുടെ കാല് കഴുകി പെസഹാ ആചരിക്കേണ്ടെന്ന് സീറോ മലബാര്‍ സഭ സിനഡ് തീരുമാനം. പെസഹാ ആചരണത്തോടനുബന്ധിച്ച് സ്ത്രീകളുടെ കാല്‍ കഴുകണമെന്ന നിര്‍ദ്ദേശം മാര്‍പ്പാപ്പ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ പുരുഷന്മാരെയും ആണ്‍കുട്ടികളെയും മാത്രമെ പരിഗണിക്കാവൂ എന്ന് കാട്ടി മേജര്‍ ആര്‍ച്ച് ബിഷപ്പ് ഇടയലേഖനം പുറത്തിറക്കി.
ആഗോള കത്തോലിക്കാ സഭയില്‍ 2000 വര്‍ഷത്തോളമായി നിലനിന്ന പാരമ്പര്യങ്ങളെ മാറ്റികൊണ്ട് കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകള്‍ക്കും പങ്കാളിത്തം നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയായിരുന്നു.
ഫ്രാന്‍സിസ് മാര്‍പ്പാപയുടെ നിര്‍ദ്ദേശപ്രകാരം കാല്‍ കഴുകലിന് സ്ത്രീകളെ കൂടി പരിഗണിക്കണമെന്ന് കാട്ടി വത്തിക്കാന്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്‍ തോമസില്‍ ചേര്‍ന്ന സിനഡ് മാര്‍പാപ്പയുടെയും കര്‍ദ്ദിനാള്‍ സംഘത്തിന്റെയും നിര്‍ദ്ദേശം തള്ളുകയായിരുന്നു.
പൗരസ്ത്യ സഭകളുടെ ആരാധന ക്രമത്തില്‍ കാല്‍കഴുകല്‍ ശ്രുശുഷയ്ക്ക് പ്രത്യേക പദവിയാണ് ഉള്ളതെന്നും അതിനാല്‍ പാരമ്പര്യങ്ങളെ മാറ്റി നിര്‍ത്തികൊണ്ട് പെരുമാറാനാകില്ലെന്ന് തീരുമാനിച്ചതായും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂടിയായ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പുറത്തിറക്കിയ ഇടയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
മാര്‍പാപ്പയുടെ നിര്‍ദ്ദേശം വത്തിക്കാനിലെ കൂദാശകള്‍ക്കുളള കര്‍ദ്ദിനാള്‍ സംഘം അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ പെസഹാ ദിനത്തില്‍ തടവുകാരുടെയും വനിതകളുടെയും അടക്കമുള്ളവരുടെ പാദങ്ങള്‍ കഴുകിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹാ ആചരിച്ചത്.
മാര്‍പാപ്പയുടെ നിര്‍ദ്ദേശം കേരളത്തിലെ ലത്തീന്‍ ലിറ്റര്‍ജി പിന്തുടരുന്ന പള്ളികളിലും ആചരിച്ചു. എന്നാല്‍ കേരളത്തിലെ പൗരസ്ത്യ കത്തോലിക്കാ സഭകളായ സീറോ മലബാര്‍ സഭയിലും സീറോ മലങ്കര സഭയിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സഭ സിനഡുകളാണെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. സീറോ മലബാര്‍ ലിറ്റര്‍ജി പിന്തുടരുന്ന എല്ലാ സ്ഥലങ്ങളിലും സിനഡിന്റെ ഈ നിയമം ബാധകമായിരിക്കുമെന്നും ഇടയലേഖനത്തില്‍ പറയുന്നു.