കൊച്ചി: തണ്ണീര്‍ത്തട നിയമം ലംഘിച്ച് മൂത്തൂറ്റ് ഗ്രൂപ്പിന്റെ ഫഌറ്റ് നിര്‍മ്മാണം ആംആദ്മി പ്രവര്‍ത്തകര്‍ തടഞ്ഞു. മരടിലെ കണ്ടനൂരിലാണ് ബിസിനസ് ഗ്രൂപ്പായ മൂത്തറ്റ് കളക്ടറുടെ ഓര്‍ഡറിന്റെ മറവില്‍ നിയമ ലംഘനം നടത്തുന്നത്. ഇതിനെതിരെ പരാതി നല്‍കിയട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെയാണ് പ്രത്യക്ഷ സമരവുമായി ആം ആദ്മിപ്രവര്‍ത്തകര്‍ രംഗത്തെത്തുന്നത്.
ഭൂവിനിയോഗ നിയമത്തിന്റെ കൂട്ടു പിടിച്ച് സ്ഥലത്തിന്റെ ബിടിആറിലുള്‍പ്പെടെ മാറ്റം വരുത്തിയാണ് ഇവരുടെ നിയമലംഘനം എന്നാരോപിച്ച് സ്ഥലത്തെത്തിയ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭൂമി നികത്തിയെടുക്കാനുള്ള നീക്കം തടഞ്ഞു. വര്‍ഷങ്ങളായി വയലായിരുന്ന സ്ഥലം നേരം വെളുത്തപ്പോള്‍ നികത്ത് ഭൂമിയായി മാറുകയായിരുന്നു. മരട് നഗരസഭയുടെയും പോലീസിന്റെയും ഒത്താശയോടെയാണ് ഭൂമി നികത്ത് നടത്തുന്നതെന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
സ്ഥലത്തെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ നികത്തുഭൂമിയില്‍ കൊടിനാട്ടിയാണ് പ്രവര്‍ത്തനം തടഞ്ഞു. മരടിലെ പ്രമുഖമായ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയോടു ചേര്‍ന്ന ഭൂമികള്‍ക്കെല്ലം തണ്ണീര്‍ത്തട സംരക്ഷണ നിയമമുള്‍പ്പെടെ ബാധകമാണെന്നിരിക്കെയാണ് നിലമായി കിടക്കുന്ന ഭൂമിയില്‍ മുത്തൂറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം. സംഗതി വിവാദമായപ്പോള്‍ പൊലീസെത്തി നികത്തല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. തൊട്ടടുത്ത സ്ഥലങ്ങള്‍ക്കെല്ലാം ബാധകമായ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഈ രണ്ടര ഏക്കര്‍ സ്ഥലത്തിന്റെ കാര്യത്തില്‍ മാത്രം ലംഘിക്കപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്.
മരട് നഗരസഭയില്‍ വ്യാപകമായി നടന്നുവരുന്ന തീരദേശപരിപാലന നിയമലംഘനങ്ങളെയും, ദൂമികൈയേറ്റത്തേയും കുറിച്ച് വ്യാപക പരാതിയാണുള്ളത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സി.ആര്‍.ഇഡെസ് നിയമം കൊച്ചി കോര്‍പ്പറേഷന്‍, മരട്, നഗരസഭ, കുമ്പളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ വന്‍തോതില്‍ ലംഘിച്ചുവരുന്നതായി നേരത്തെ പരാതിഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ദേശീയപാതക്ക് അരികിലായി കായല്‍തീരത്തെ നക്ഷത്രഹോട്ടല്‍ നിര്‍മ്മാണത്തിനായി തീരദേശനിയമം ലംഘിച്ചതായും കൈയേറ്റം നടത്തിയതായും വിവരം പുറത്തുവന്നത്.