മാരത്തണ്ണില്‍ ഗിര്‍മയുടെ ഗര്‍ജനം: ചരിത്രം പിറന്നത്‌ കിളിക്കൂട്ടില്‍

ബെയ്ജിങ്: ഹെലെ ഗബ്രെസലാസി. ദീര്‍ഘദൂര ട്രാക്കില്‍ മേല്‍വിലാസം ആവശ്യമില്ലാത്തൊരു പേര്. രണ്ട് ഒളിമ്പിക്സ് സ്വര്‍ണവും അഞ്ച് ലോകചാമ്പ്യന്‍ഷിപ് സ്വര്‍ണവും മാരത്തണിലും 10,000 മീറ്ററിലുമായി ഒട്ടേറെ റെക്കോഡുകളുമുള്ള ഗബ്രെസലാസി ട്രാക്കിനോട് വിടപറയുമ്പോള്‍ കണ്ണീര്‍ വീഴ്ത്തിയവര്‍ ഒരുപാടാണ്. എന്നാല്‍, ഇത്യോപ്യന്‍ ഇതിഹാസത്തിന്‍െറ നഷ്ടത്തില്‍ നൊമ്പരപ്പെട്ടവര്‍ക്ക് ആശ്വാസമായി മറ്റൊരു ഗബ്രെസലാസി ബെയ്ജിങ്ങിലെ കിളിക്കൂട്ടില്‍ പിറവിയെടുത്തു. മാരത്തണിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായി ചരിത്രം കുറിച്ച എറിത്രീയന്‍ കൗമാരക്കാരന്‍ ഗിര്‍മെ ഗബ്രെസലാസിയുടെ പേരിലാവും ബെയ്ജിങ് ലോകചാമ്പ്യന്‍ഷിപ്പും അറിയപ്പെടുക. ലോകചാമ്പ്യന്മാരെയും ഒളിമ്പിക്സ് ജേതാക്കളെയും പിന്തള്ളി ബെയ്ജിങ്ങില്‍ സുവര്‍ണപീഠമേറും വരെ അത്ലറ്റിക്സ് ലോകത്തിന് അപരിചിതനായിരുന്നു ഗിര്‍മെ ഗബ്രെസലാസി. സമസ്തവിവരങ്ങളുടെയും കേന്ദ്രമായ ഗൂഗ്ളും അറിഞ്ഞത് ബേഡ്സ് നെസ്റ്റ് സ്റ്റേഡിയത്തിലേക്ക് ഗബ്രെസലാസി ഓടിക്കയറിയപ്പോള്‍ മാത്രം.
ട്രാക്കിനെ പ്രണയിച്ച മാതാപിതാക്കള്‍, ആഫ്രിക്കക്കാരുടെ വീരപുത്രന്‍െറ പേരാണ് മകനു നല്‍കിയതെങ്കിലും പഠിച്ച് മിടുക്കനാവാനായി പേരെടുക്കാനാണ് ഉപദേശിച്ചത്. പക്ഷേ, സര്‍വകലാശാലാ തലത്തില്‍ വിജയിച്ച് ദേശീയ ശ്രദ്ധ നേടിയ ഗബ്രെസലാസി ലോകചാമ്പ്യന്‍ഷിപ്പില്‍ സുവര്‍ണമണിഞ്ഞ് തീരുമാനം ശരിയെന്നു തെളിയിച്ചു. മാതാപിതാക്കള്‍ക്കുള്ള സര്‍പ്രൈസാണ് തന്‍െറ നേട്ടമെന്നായിരുന്നു എറിത്രീയയുടെ ചരിത്രത്തിലെ ആദ്യ ലോക ചാമ്പ്യന്‍ഷിപ് മെഡല്‍നേട്ടക്കാരനായ ശേഷം ഗിര്‍മെയുടെ പ്രതികരണം.

42 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ മാരത്തണ്‍ 2 മണിക്കൂര്‍ 12.28 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ഗിര്‍മെ ഗബ്രെസലാസി സ്വര്‍ണമണിഞ്ഞത്. ഇത്യോപ്യയുടെ സീഗെ യെമാനെ രണ്ടും യുഗാണ്ടയുടെ മുതായ് മുന്‍യോ സോളമന്‍ മൂന്നും സ്ഥാനത്തത്തെി.
28 ഡിഗ്രിക്കു മുകളില്‍ ചൂടനുഭവപ്പെട്ട ബെയ്ജിങ്ങില്‍ ലോകചാമ്പ്യന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ തളര്‍ന്നപ്പോള്‍, വ്യക്തമായ ലീഡോടെയായിരുന്നു ഗിര്‍മെ ഗബ്രെസലാസി സ്റ്റേഡിയത്തിലെ ഫിനിഷിങ് ലൈനിനോടടുത്തത്. ‘ആദ്യ അഞ്ചില്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, സ്വര്‍ണ നേട്ടം തീര്‍ത്തും അപ്രതീക്ഷിതമായി’ -ഗിര്‍മെ പറഞ്ഞു. ഒളിമ്പിക്സ്-ലോകചാമ്പ്യന്‍ഷിപ് നിലവിലെ ജേതാവ് യുഗാണ്ടയുടെ സ്റ്റീഫന്‍ കിപ്റോറ്റിച്ചിന് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ. കെനിയയുടെ ലോകറെക്കോഡിനുടമ ഡെന്നിസ് കിമെറ്റോയും മുന്‍ റെക്കോഡുകാരന്‍ വില്‍സണ്‍ കിപ്സാങ്ങും ഫിനിഷ് ചെയ്തില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top