
ലയണല്‍ മെസിയെ നിരന്തരമായി വിമര്‍ശിച്ച് രംഗത്തെത്തുന്ന ഇതിഹാസതാരം മറഡോണയും അദ്ദേഹത്തിന്റെ പല വാക്കുകളും അടുത്തിടെയായി ഫുട്‌ബോള്‍ ലോകത്ത് ഏറെ ചര്‍ച്ചയായ കാര്യമാണ്. മറഡോണ എത്ര തവണ മെസിയെ വിമര്‍ശിച്ചിട്ടുണ്ടെന്നും മാറ്റി പറഞ്ഞിട്ടുണ്ടെന്നും എന്നതിന് കണക്കുകള്‍ പോലും ഇല്ല. ഇടയ്ക്ക് മെസിയെ പുകഴ്ത്തുകയും മറ്റ് ചിലപ്പോള്‍ പരിഹസിക്കുകയും ചെയ്യുന്നതാണ് മറഡോണയുടെ പതിവ്. ഇപ്പോള്‍ ഇതാ വീണ്ടും മെസി വിഷയത്തില്‍ പുതിയ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മറഡോണ.
ഇത്തവണ വിമര്‍ശനവുമായല്ല മെസിയുമായുള്ള തന്റെ സൗഹൃദത്തിന്റെ കണക്കുകള്‍ നിരത്തിയാണ് മറഡോണ രംഗത്തെത്തിയിരിക്കുന്നത്. ‘എനിക്കറിയാം മെസി ആരാണെന്ന്, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസി എന്നെനിക്കറിയാം’ മറഡോണ പറഞ്ഞു. നേരത്തെ അര്‍ജന്റീനയിലും ബാഴ്‌സലോണയിലും ഒരേ ആത്മാര്‍ഥതയോടെ മെസി കളിക്കുന്നില്ലെന്നും മത്സരത്തിന് മുമ്പ് ഇരുപത് തവണ മെസി ടൊയ്‌ലെറ്റില്‍ പോകുമെന്നും നേരത്തെ മറഡോണ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.
ഇതിന് മറുപടിയാണ് ഇപ്പോഴത്തെ മലക്കം മറിച്ചില്‍. താനും മെസിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ മറഡോണ, 20 തവണ ടൊയ്‌ലെറ്റില്‍ പോകുമെന്ന് പറഞ്ഞെങ്കിലും, അത് മെസിയാണെന്ന് പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. മാധ്യമങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ വലുതാണ് താനും മെസിയും തമ്മിലുള്ള സൗഹൃദമെന്നും ഇതിഹാസം പറഞ്ഞു.