കാരുണ്യത്തിന്റെ പ്രതിരൂപം!.. മകളുടെ വിവാഹത്തിനോടനുബന്ധിച്ച് പത്ത് യുവതീയുവാക്കള്‍ക്ക് മംഗല്യ സാഫല്യം

കുന്നംകുളം: മകളുടെ വിവാഹത്തിന്‍െറ ഭാഗമായി പത്ത് യുവതീയുവാക്കള്‍ക്ക് മാംഗല്യഭാഗ്യം. കടങ്ങോട് വെള്ളിയാട്ടില്‍ അബൂബക്കറിന്‍െറ (പെന്‍കോ ബക്കര്‍) മകള്‍ ഫര്‍സാനയുടെ വിവാഹത്തിന്‍െറ മുന്നോടിയായാണ് സമൂഹവിവാഹം സംഘടിപ്പിച്ചത്. വ്യത്യസ്ത മതങ്ങളില്‍പെട്ട പത്ത് ജോടി യുവതീയുവാക്കള്‍ സമൂഹ വിവാഹത്തിലൂടെ ഭാര്യാഭര്‍ത്താക്കന്മാരാകുന്ന ധന്യ മുഹൂര്‍ത്തത്തിന് ആയിരങ്ങളാണ് സാക്ഷ്യം വഹിച്ചത്.
പെരുമ്പിലാവ് ആല്‍ത്തറ മാമ്പുള്ളി ഞാലില്‍ ഷിബിന -കടങ്ങോട് പള്ളിപ്പുറം വലിയകത്ത് ഷെമീര്‍, തയ്യൂര്‍ ഊക്കയില്‍ മുഫീദ -പഴവൂര്‍ അമ്പലത്ത് വീട്ടില്‍ ഫൈസല്‍, പാലക്കാട് പത്താനാപുരം കവശേരി ചേറുംങ്കോട് റഫീദ -ആലത്തൂര്‍ ചേലമ്പരിയാരം വീട്ടില്‍ ഇസ്മായില്‍, കിഴക്കുമുറി കടങ്ങോട് വാകയില്‍ നസ്മ -വരവൂര്‍ കുമരപ്പനാല്‍ പറമ്പില്‍ പീടികയില്‍ മുഹമ്മദ് മുസ്തഫ, കടവല്ലൂര്‍ കുന്നത്തുപീടികയില്‍ ആസിറ -ചെറുതുരുത്തി പളയക്കോട്ടക്കാരന്‍ സജീര്‍, പാലക്കാട് കുന്നങ്കാട് ഷെമീന -പഴയന്നൂര്‍ കാളങ്ങാട്ടുപറമ്പില്‍ ഖാലിദ് സഖാഫി, പത്തിരിപാലം മങ്കര വെള്ളംകുന്ന് സെഫീന -പാലക്കാട് താവക്കോട് അബ്ദുല്‍റഹ്മാന്‍, വെള്ളറക്കാട് കൈതമാട്ടം ചേര്‍പ്പില്‍ വിനീത -തിരൂര്‍ ആലത്തിയൂര്‍ തറപറമ്പില്‍ സുഭാഷ്, വെള്ളറക്കാട് മണ്ണാംകുന്ന് കോളനി സൗമ്യ -കച്ചേരിപ്പടി ഞമനേങ്ങാട് പട്ടത്താണതൈല്‍ രാജീവ്, തിപ്പിലശേരി പൊന്നാംകുന്ന് ഇന്ദു -പൂക്കോട് ഇരിപ്പശേരി മണികണ്ഠന്‍ എന്നിവരാണ് വിവാഹിതരായത്.
അബൂബക്കറിന്‍െറ പിതാവിന്‍െറ സ്മരണാര്‍ഥം രൂപവത്കരിച്ച വെള്ളിയാട്ടില്‍ അലിക്കുട്ടി മെമ്മോറിയല്‍ ട്രസ്റ്റിന്‍െറ നേതൃത്വത്തില്‍ നടന്ന സമൂഹ വിവാഹത്തിന് ഖലില്‍ മുഖാരി തങ്ങള്‍, ന്യൂനപക്ഷ കമീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദാലി സഖാഫി, ഡോ. ദേവര്‍ശോല അബ്ദുസ്സലാം മൗലവി എന്നിവരാണ് സമൂഹ വിവാഹത്തിന് മുഖ്യകാര്‍മികത്വം വഹിച്ചത്. ചൊവ്വന്നൂര്‍ അല്‍ അമീന്‍ ഓഡിറ്റോറിയത്തില്‍ ചടങ്ങിന് ശേഷം നടന്ന അനുമോദന യോഗത്തില്‍ ബാബു എം. പാലിശേരി എം.എല്‍.എ, കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ സീത രവീന്ദ്രന്‍, ഫാ. മത്തായി ഒ.ഐ.സി, ഫാ. സോളമന്‍ ഒ.ഐ.സി, ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍കുട്ടി, യു.ഡി.എഫ് ചെയര്‍മാന്‍ ജോസഫ് ചാലിശേരി, ലെബീബ് ഹസന്‍ എന്നിവര്‍ സംസാരിച്ചു. നവ വധുവിന് 10 പവന്‍ സ്വര്‍ണാഭരണവും 25,000 രൂപയും വരന് 50,000 രൂപയുമാണ് പാരിതോഷികമായി ട്രസ്റ്റ് സമ്മാനിച്ചത്

Top