വധുവിനെ കിട്ടാനില്ല; കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്‌നം ഒറ്റപ്പെടുന്ന പുരുഷന്മാരാണെന്ന് മനഃശാസ്ത്രജ്ഞരും; കേരളത്തിലെ സവർണ ഹിന്ദുയുവാക്കളിൽ അവിവാഹിതരുടെ എണ്ണം പെരുകുന്നു

കോഴിക്കോട്:അടുത്ത കാലം വരെ യാഥാസ്ഥികരും ജാതി വിട്ട് ഒന്നും ചെയ്യാൻ ശ്രമിക്കാത്തവരുമായ സവർണ സമുദായക്കാർ ഇന്ന് ജാതി ഉപേക്ഷിക്കയാണ്. അത് മറ്റെന്തെങ്കിലും സാമൂഹിക പരിഷ്‌ക്കരണം ലക്ഷ്യമിട്ടാണെന്ന് കരുതരുത്.വിവാഹത്തിന് അനുയോജ്യയായ വധുവിനെ സ്വജാതിയിൽനിന്ന് കിട്ടാതെ വരുമ്പോഴാണ് ഇവരിൽ പലരും ‘വിപ്‌ളവകാരികളാവുന്നത’്. നമ്പൂതിരി, നായർ വിഭാഗങ്ങളിലും അതിന്റെ ഉപജാതികളായ വർമ്മ, മോനോൻ, അടിയോടി, തുടങ്ങിയ വിഭാഗങ്ങിലൊക്കെയുള്ള ചെറുപ്പക്കാർ വധുവിനെ കിട്ടാതെ അവസാനം ജാതി പ്രശ്‌നമില്ലെന്ന് പറഞ്ഞ് പരസ്യം ചെയ്യാൻ തയാറാവുകയാണ്.

ഇങ്ങനെ അനാഥാലയങ്ങളിൽ നിന്ന് വരെ വിവാഹംചെയ്തവർ ഈ സമുദായങ്ങളിൽ നിരവധിയാണ്.സാമൂഹിക ക്ഷേമവകുപ്പിന്റെ കണക്കുകൾ പ്രകാരം തന്നെ കഴിഞ്ഞ രണ്ടുവർഷങ്ങളായി കേരളത്തിലെ അനാഥാലയങ്ങളിൽനടന്ന് 200ലേറെ ഹൈന്ദവ വിവാഹങ്ങളിൽ ഭൂരിഭാഗത്തിലും വരനായത്തെിയത് ബ്രാഹ്മണ-നായർ സമുദായങ്ങളിൽ പെട്ടവരാണ്.ഇതിന്റെ എത്രയേ ഇരട്ടിപേർ അനാഥാലയങ്ങളിൽനിന്ന് വധുവിനെ കണ്ടത്തൊനുള്ള ഫോർമാലിറ്റികളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്.കേരളത്തിലെ അനാഥാലയങ്ങളിൽ തിരക്ക് ഏറിയതോടെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഇവർ നീങ്ങിയിരിക്കയാണ്.പാലക്കാടും-കോഴിക്കോടുമായി ഈയിടെ നടന്ന രണ്ടുവിവാഹങ്ങളിൽ വധു ഒഡീഷക്കാരിയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ സവർണ സമുദായത്തിൽപെട്ട മധ്യവർഗ യുവാക്കൾ അനുഭവിക്കുന്ന വലിയൊരു സാമൂഹിക പ്രശ്‌നമായി ഇത് മാറിയിരിക്കയാണെന്നാണ് കോഴിക്കോട് സുമംഗല മാരേജ് ബ്യൂറോയിലെ അജിത്ത് പറയുന്നത്.’ പ്രധാനമായും ഈ സമുദായങ്ങളിലെ സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ പുരോഗതിയാണ് ഈ വിഷയത്തിൽ ഏറ്റവും പ്രധാനഘടകമായി വന്നത്.സ്ത്രീകൾ നന്നായി പഠിച്ച് ഉയർന്ന ജോലിനേടുമ്പോൾ പുരുഷരിൽ ഒരു വലിയവിഭാഗവും അവിടെതന്നെ നിൽക്കുകയാണ്. അങ്ങനെ വരുമ്പോൾ പരമ്പരാഗത തൊഴിൽ ചെയ്തുവരുന്നവരും, വിദ്യാഭ്യാസപരമായും സാമ്പത്തികപരാമയും അൽപ്പം പിന്നോക്കം നിൽക്കുന്നവരും, വല്ലാതെ പിറകോട്ടടിക്കുന്നു’-അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം സമുദായങ്ങളിൽ സർക്കാർ ജോലിയടക്കമുള്ള സുരക്ഷിതമേഖലയെക്കുറിച്ചുള്ള കമ്പം ശക്തമായിരിക്കയാണെന്ന് കോഴിക്കോട്ടെ ക്‌ളിനിക്കൽ സൈക്കോളജിസ്റ്റു ഫാമിലി കൗൺസിലറുമായ ഡോ.ആശ ചൂണ്ടിക്കാട്ടുന്നു.’ കുടുംബങ്ങൾ സാമ്പത്തിക സുരക്ഷിതത്വം പ്രധാന വിഷയമായി എടുക്കുന്നതോടെ, സർക്കാർ ജോലിയില്ലാത്ത നായർ യുവാക്കൾക്ക്ും മറ്റും അവിവാഹിതരായി മരിക്കേണ്ട അവസ്ഥ വരികയാണ്.ഇതോടൊപ്പം ജാതകം,പൊരുത്തം തുടങ്ങിയ അന്ധവിശ്വാസങ്ങൾ കൂടിയാവുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായി. നല്ല പ്രായത്തിൽ മുഴുവൻ ജാതകപൊരുത്തം നോക്കി നടക്കുന്നവർ 35 വയസ്സ് കഴിയുന്നതോടെയാണ് മടുത്ത് ജാതക വിരോധികളാവുന്നത്.അപ്പോഴേക്കും അവർ വിവാഹ കമ്പോളത്തിൽനിന്ന് ഏതാണ്ട് പുറത്താകുകയും ചെയ്യും.’- ഡോ.ആശ പറഞ്ഞു.
ബ്രാഹ്മണ സമുദായമൊക്കെ സ്വജാതി വിവാഹങ്ങൾക്ക് കടുത്ത പ്രശ്‌നങ്ങളാണ് ഇപ്പോൾ നേരിടുന്നത്.ഐ.ടി ഫീൽഡിലേക്കും മറ്റുമായി എത്തുന്ന ഇവിടുത്തെ പെൺകുട്ടികൾ സമുദായം നോക്കാതെ തങ്ങൾക്ക്തുല്യ ജോലി സ്റ്റാറ്റസുള്ള ഒരാളെ വിവാഹംചെയ്ത് അവിടെതന്നെ സെറ്റിൽ ചെയ്യുന്ന അവസ്ഥയുണ്ട്.ബുദ്ധിയും ഊർജവുമുള്ള യുവാക്കളും യുവതികളുമൊക്കെ പുറംനാട്ടിലേക്ക് വലിയ ശമ്പളമുള്ള ജോലിക്കായി പോവുന്നതോടെ കേരളത്തിലെ പല ബ്രാഹ്മണ തെരുവുകളും അഗ്രഹാരങ്ങളും ഇന്ന് വയോധികസദനങ്ങൾക്ക് സമാനമായ അവസ്ഥയിലാണ്്.
പാലക്കാട് കൽപ്പാത്തി തെരുവിലെ അഗ്രഹാരങ്ങളിലൊക്കെ നിങ്ങൾക്ക് ഇപ്പോൾ വയോധികരെ മാത്രമേ കാണാൻ കഴിയൂ. അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം കൂടിയതോടെയാണ് കടുത്ത യഥാസ്ഥികരായ നമ്പൂതിരി സമുദായം പോലും ജാതിവിട്ടുള്ള വിവാഹത്തെകുറിച്ച് ചിന്തിച്ച് തുടങ്ങിയത്. മുമ്പൊക്കെ ഇതേകാരണത്താൽ ഭ്രഷ്ടും, പടിയടച്ച് പിണ്ഡംവെക്കലും നടത്തിയവർക്ക് ഇപ്പോൾ മൗനത്തിലാണ്.ചൊവ്വാദോഷത്തിന്റെ പേരിൽ ആയിരക്കണക്കിന് സ്ത്രീകളെ കണ്ണീരുകുടിപ്പിച്ചവർക്ക് ഇപ്പോൾ ജാതകംതന്നെ പ്രശ്‌നമല്ലാതായിരക്കുന്നു!

അടുത്ത പത്തുവർഷത്തിനുള്ളിൽ കേരളം കാണുന്ന ഏറ്റവും വലിയ സാമൂഹിക ദുരന്തമായിരിക്കും അവിവാഹിതരായ പുരഷന്മാരെന്ന് മനഃശാസ്ത്രജ്ഞൻ ഡോ.കെ.എസ് ഡേവിഡും നിരീക്ഷിക്കുന്നു. അനുദിനം മൽസരാധിഷ്ഠിതവും ആർക്കും ആരെയും നോക്കാൻ നേരവുമില്ലാത്ത ഈ ലോകത്ത് ഇങ്ങനെ ഒറ്റപ്പെട്ടുപോവുന്നവരുടെ അവസ്ഥ എന്താകുമെന്നും അദേഹം ചോദിക്കുന്നു.

ഇന്ന് ഓരോ മാരേജ് ബ്യൂറോകളിലും ഓൺലൈൻ സൈറ്റുകളിലും സവർണ സമുദായങ്ങളിലെ മുപ്പത്തിയഞ്ച് കഴിഞ്ഞ അവിവാഹിതരുടെ നൂറുകണക്കിന് പ്രൊപ്പോസലുകളാണ് ഒന്നുമാവാതെ കിടക്കുന്നത്.ഈ സാഹചര്യത്തിലാണ്് അനാഥാലയങ്ങളിലെ പെൺകുട്ടികൾക്ക് ഒരു ‘ജീവിതം കൊടുക്കാൻ’ വരെ അവർ തയാറാവുന്നത്. എന്നാൽ അതിനുള്ള നടപടി ക്രമങ്ങളും അത്ര എളുപ്പമല്ല. ഇവിടെയും ഇപ്പോൾ കടുത്ത മൽസരമാണ്.നിങ്ങളുടെ ബാങ്ക് ബാലൻസ് തൊട്ട് സ്വഭാവംവരെ വിലയിരുത്തിയതിന് ശേഷമേ അധികൃതർ വിവാഹത്തിന് പച്ചക്കൊടി കാണിക്കൂ.അതുകൊണ്ടാണ് ചിലർ അന്യസംസ്ഥാനങ്ങളിലേക്ക് തിരിക്കുന്നതും. എതായാലും ഓർഫനേജിലെ പെൺകുട്ടികളെ നിരത്തി നിർത്തിയുള്ള ‘പ്രാഞ്ചിയേട്ടൻ മോഡൽ’ സമൂഹവിവാഹത്തിന്റെയൊന്നും ആവശ്യം ഇനിയുള്ള കാലത്ത് ഉണ്ടാവില്ലെന്നും ചുരുക്കം.

Top