സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോടതി തോൽപ്പിച്ചാൽ കല്യാണപന്തലിൽ നേരിട്ടെത്തി ബിവറേജസ് കോർപ്പറേഷൻ മദ്യം വിൽക്കും. കഴിഞ്ഞ ദിവസം പാലോട്ടെ കല്യാണമണ്ഡപത്തിൽ ബിവറേജസ് കോർപ്പറേഷൻ അധികൃതർ നടത്തിയത് ഇത്തരത്തിലൊരു ‘ധീര’മായ നീക്കമായിരുന്നു. കല്യാണത്തിനു എത്തിയവരിൽ രണ്ടെണ്ണം അടിക്കുന്നവർ ക്യൂവിൽ നിന്നു സമാധാനപരമായി മദ്യവും വാങ്ങി വീട്ടിലേയ്ക്കു മടങ്ങി. അങ്ങിനെ കല്യാണവും കള്ളുകുടിയും ഒരേ പന്തലിൽ സമാധാനപരമായി നടത്തി ബീവറേജസ് കോർപ്പറേഷൻ റെക്കോർഡുമിട്ടു.
പാലോട് പാണ്ടിയാൻപാറ വിശാഖ് ഓഡിറ്റോറിയത്തിലായിരുന്നു ഇന്നലെ കല്യാണവും കള്ളുകുടിയും ഒന്നിച്ചു നടന്നത്. പാലോട് പെരിങ്ങമല റോഡിൽ പ്രവർത്തിച്ചിരുന്ന ബിവറേജസ് കോർപ്പറേഷന്റെ മദ്യചില്ലറ വിൽപന ശാല കഴിഞ്ഞ ദിവസമാണ് ഈ ഓഡിറ്റോറിയത്തിനുള്ളിലേയ്ക്കു മാറ്റിയത്. ഓഡിറ്റോറിയത്തിനുള്ളിലെ ഒരു ഭാഗം മദ്യവിൽപന ശാലയ്ക്കു നൽകാൻ ഉടമകൾ തീരുമാനിക്കുകയായിരുന്നു. ബിവറേജസ് കോർപ്പറേഷന്റെ ഈ ചില്ലറ വിൽപനശാല സ്ഥാപിക്കാനെത്തിയ സ്ഥലത്തെല്ലാം തർക്കങ്ങൾ ഉടലെടുത്തതോടെയാണ് ഓഡിറ്റോറിയം ഉടമ തന്നെ ബിവറേജസ് കോർപ്പറേഷന്റെ ഷോറൂമിനു കെട്ടിടം വാടകയ്ക്കു നൽകിയത്.
മദ്യശാലയ്ക്കു ഓഡിറ്റോറിയം വിട്ടു നൽകുന്നതിനു ഇവിടെ ഒരു കല്യാണം ബുക്ക് ചെയ്തിരുന്നു. ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗം മദ്യശാലയ്ക്കു വിട്ടു നൽകിയതോടെ ബുക്ക് ചെയ്ത പണം തിരികെ വേണമെന്നായി കല്യാണം ഉറപ്പിച്ച ബന്ധുക്കൾ. തർക്കം രൂക്ഷമായതോടെ ഓഡിറ്റോറിയത്തെ രണ്ടായി തിരിച്ച് മതിൽ കെട്ടി. ബിവറേജസ് ഷോപ്പിലേയ്ക്കു ഒരു വഴിയും ഓഡിറ്റോറിയത്തിലേയ്ക്കു മറ്റൊരു വഴിയും. എല്ലാം പറഞ്ഞു പരിഹരിച്ച ശേഷം കല്യാണവും മദ്യവിൽപനയും ഒന്നിച്ചു നടത്തുകയായിരുന്നു.
കല്യാണം പ്രമാണിച്ചു രാവിലെ 10 മുതൽ പന്ത്രണ്ടു വരെ മദ്യവിൽപനശാല പ്രവർത്തിക്കില്ലെന്നു പറഞ്ഞതോടെ അതിരാവിലെ മുതൽ തന്നെ ബിവറേജസ് ഷോപ്പിനു മുന്നിൽ ക്യൂവായിരുന്നു.