കൊച്ചി: വിവാഹ തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ച മേഘാഭാര്‍ഗവിനെ പോലീസ് കൊച്ചിയിലെത്തിച്ചു. നിരവധി വിവാഹതട്ടിപ്പുകള്‍ നടത്തിയ സംഘത്തിലെ അഞ്ച് തട്ടിപ്പുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ അഞ്ചു തട്ടിപ്പുകളില്‍ നിന്നായി ഇവര്‍ ഒന്നര കോടിയോളം രൂപയുമായി മുങ്ങിയെന്നാണ് വ്യക്തമാകുന്നത്. നോയിഡ സ്വദേശിയ മേഘ ഭാര്‍ഗവ് (27)യുടെ സംഘത്തില്‍ ചേച്ചി പ്രാചി (29), മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് ദേവേശ് ശര്‍മ (32) എന്നിവരും ഉള്‍പ്പെടും. ഇവരെ കടവന്ത്രയിലെ സ്റ്റേഷനില്‍ എത്തിച്ചാണ് ചോദ്യം ചെയ്തത്.
തട്ടിപ്പിനായി വിശ്വാസത്തെയും കൂട്ടുപിടിച്ചിരുന്നു ഈ സംഘം. ജൈന മതവിശ്വാസിയായിരുന്നു മേഘയും കുടുംബവും വിവാഹം കഴിച്ച് ഒപ്പം നില്‍ക്കുമെങ്കിലും ശാരീരിക ബന്ധം പുലര്‍ത്താതെ തന്ത്രപരമായി ഭര്‍ത്താവില്‍ നിന്നകന്ന് നിന്ന ശേഷമാണ് മേഘ പണവും ആഭരണങ്ങളുമായി മുങ്ങുന്നത്. ഭര്‍ത്താവ് നിര്‍ബന്ധിക്കുമ്പോള്‍ മതത്തിലെ കാര്യങ്ങള്‍ പറഞ്ഞാണ് മേഘ സുരക്ഷ ഒരുക്കിയത്. ഇതേ സമുദായത്തില്‍ പെട്ടവരെയാണ് ഇവര്‍ തട്ടിപ്പിനിരയാക്കിയിട്ടുള്ളത്. സമുദായത്തില്‍ അല്പം പ്രായം ചെന്നവര്‍ക്ക് വധുവിനെ ലഭിക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ചെറിയ വൈകല്യമുള്ളവരെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് മേഘയും സംഘവും രംഗപ്രവേശം ചെയ്യുന്നത്.
ചെറിയ വൈകല്യങ്ങളുള്ള സമ്പന്നരെ വിവാഹം ചെയ്ത ശേഷം പണവും സ്വര്‍ണവുമായി മുങ്ങുന്നതാണ് ഇവരുടെ രീതി. വൈറ്റില പൊന്നുരുന്നിയില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശി ലെനിന്‍ ജിതേന്ദര്‍ (32) നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവാഹത്തിന് ഇടനിലക്കാരനായി അവതരിക്കുന്ന ഇവരുടെ സുഹൃത്ത് മഹേന്ദ്ര ഗുണ്ടേല എന്നയാളെ പിടികിട്ടിയിട്ടില്ല. നാലുപേരെ കൂടി സമാന രീതിയില്‍ പറ്റിച്ച് ഇവര്‍ ഒരു കോടിയിലേറെ രൂപയും സ്വര്‍ണവും തട്ടിയതായി വ്യക്തമായിട്ടുണ്ടെന്ന് സെന്‍ട്രല്‍ സിഐ അനന്തലാല്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. വിവാഹ പരസ്യം നല്‍കി പരിചയപ്പെട്ട ശേഷം വീട്ടുകാര്‍ മുഖേന ആലോചിച്ച് വിവാഹം നടത്തും. പെണ്‍കുട്ടിയുടെ കുടുംബത്തില്‍ പണമില്ലാത്തതിനാല്‍ സഹായിക്കണമെന്നും പറയും. ഇങ്ങനെ ലെനിന്റെ പക്കല്‍ നിന്ന് 9 ലക്ഷം രൂപയും 25 പവനും കരസ്ഥമാക്കിയാണ് വിവാഹം കഴിച്ചത്.
17 ദിവസം ലെനിനൊപ്പം താമസിച്ച ശേഷം പെണ്‍കുട്ടി മാത്രമായി വീട്ടിലേക്ക് പോകുന്ന ചടങ്ങുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ പോയത്. വിവാഹം കഴിഞ്ഞ് നാട്ടിലേക്ക് പോയ സഹോദരി പ്രാചി തിരിച്ചു വന്നാണ് മേഘയെ കൊണ്ടുപോയത്. ഈ സമയം പണവും സ്വര്‍ണവും ഇവര്‍ കൊണ്ടുപോയി. പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് ലെനിനും പിതാവും ഇവരുടെ വീട്ടിലെത്തി വിളിച്ചെങ്കിലും ഇവര്‍ കൂടെ പോന്നില്ല. പിന്നീട് അന്വേഷിച്ചപ്പോള്‍ ഇവര്‍ താമസം മാറ്റിയതായി മനസ്സിലായി. തുടര്‍ന്നാണ് ലെനിന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഇവര്‍ ഡല്‍ഹി, പുണെ, യു.പി. എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളില്‍ മാറി മാറി താമസിച്ചു വരികയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ച് പേരെ വിവാഹം ചെയ്ത് പണവും ആഭരണവും തട്ടിയ വിവരമാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിട്ടുള്ളത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം കുറച്ചുനാള്‍ കഴിയുകയും സ്വര്‍ണവും പണവും കൈക്കലാക്കി നാട്ടിലേക്കു പോകുകയുമായിരുന്നു മേഘയുടെ രീതിയെന്നു പൊലീസ് പറഞ്ഞു. ഭര്‍ത്താവ് അന്വേഷിച്ചു ചെല്ലുമ്പോള്‍ കുടുംബവുമായി മറ്റൊരു സംസ്ഥാനത്തേക്കു മുങ്ങുകയാണു ചെയ്തിരുന്നത്.
തട്ടിപ്പിനു കൂട്ടുനിന്നതിനാണു പ്രാചിയെയും ദേവേശിനെയും അറസ്റ്റ് ചെയ്തത്. വിവാഹം നടത്താന്‍ ഇടനിലക്കാരനായി നിന്ന മഹേന്ദ്ര ഗുണ്ടേല ജാമ്യത്തിലാണ്. പ്രത്യേക സമുദായത്തിലെ സംസാര വൈകല്യമോ, ശാരീരിക വൈകല്യമോ ഉള്ള യുവാക്കളെയാണു മേഘ ഇരയാക്കിയിരുന്നത്. ഈ വര്‍ഷമാദ്യമാണ് ലെനിനെ മതാചാര പ്രകാരം കലൂരിലെ ക്ഷേത്രത്തില്‍ വിവാഹം ചെയ്തത്. മഹേന്ദ്ര ഗുണ്ടേല വഴിയായിരുന്നു വിവാഹാലോചന.
വിവാഹത്തിനു മുന്‍പായി 15 ലക്ഷം രൂപയും 25 പവന്‍ സ്വര്‍ണാഭരണങ്ങളും കൈപ്പറ്റി. 17 ദിവസം കൊച്ചിയില്‍ ഒപ്പം കഴിഞ്ഞശേഷം സഹോദരി പ്രാചിക്കൊപ്പം ഇന്‍ഡോറിലേക്കു പോയ മേഘ പിന്നീട് മടങ്ങിവന്നില്ല. ലെനിന്‍ അന്വേഷിച്ചെത്തിയപ്പോള്‍ സംസ്ഥാനം വിട്ടു പോകുകയായിരുന്നു.
ഡിസിപി ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണയുടെ നിര്‍ദേശപ്രകാരം എസ്ഐമാരായ എം.കെ. സജീവ്, ടി. ഷാജി, സീനിയര്‍ സിപിഒ സുനില്‍കുമാര്‍, വനിതാ സിപിഒമാരായ ബിജി, പ്രവീണ എന്നിവരടങ്ങുന്ന പൊലീസ് സംഘം ഉത്തര്‍പ്രദേശിലെ നോയിഡയിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. വിവാഹത്തട്ടിപ്പ്, സാമ്പത്തിക വഞ്ചന എന്നിവയടക്കമുള്ള കുറ്റങ്ങളാണു ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.