ലക്‌നൗ :
വിവാഹിതയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് 23 കാരനെ മൂന്ന് പേര്‍ ചേർന്ന് തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ മിസാപ്പൂരിലെ കിര്‍ത്താര്‍താര ഗ്രാമത്തിലാണ് സംഭവം. മിര്‍സാപ്പൂരിലെ മെഡിക്കല്‍ സ്‌റ്റോറില്‍ ജോലി ചെയ്യുന്ന കൃപാശങ്കര്‍ ബിന്ദാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
പ്രഭാതനടത്തത്തിനിടെ മൂന്നംഗസംഘം ബിന്ദിനെ ആക്രമിക്കുകയായിരുന്നു. വടികൊണ്ട് മര്‍ദ്ദിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. അതിനിടെ സാരമായി പരിക്കേറ്റ ബിന്ദ് ചികിത്സ തേടിയെങ്കിലും ജില്ലാ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ബിന്ദിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. മൂന്ന് പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.