ന്യുസിലാന്റ് മുന്‍ക്രിക്കറ്റ് താരം മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു;മരണം രക്താര്‍ബുദം ബാധിച്ച് ചികിത്ദ്‌സയിലിരിക്കെ.

ഓക് ലന്‍ഡ്: ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ (53) അന്തരിച്ചു. രക്താര്‍ബുദം ബാധിച്ച് നാല് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. മരണവിവരം ബന്ധുക്കളാണ് പ്രസ്താവനയിലൂടെ ലോകത്തെ അറിയിച്ചത്. ന്യൂസിലന്‍ഡിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ടെസ്റ്റ് ബാറ്റ്‌സ്മാനുമായിരുന്നു മാര്‍ട്ടിന്‍ ഡേവിഡ് ക്രോ.

19ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ എത്തിയ ക്രോ ആ തലമുറയിലെ ഏറ്റവും സാങ്കേതിക മികവുള്ള ബാറ്റ്‌സ്മാനായിരുന്നു. മാര്‍ട്ടിന്‍ ക്രോയുടെ ക്യാപ്റ്റന്‍സിയില്‍ ന്യൂസിലന്‍ഡ് ടീം 1992ലെ ലോകകപ്പ് ക്രിക്കറ്റ് സെമിയിലെത്തിയിരുന്നു. 14 വര്‍ഷം ന്യൂസിലന്‍ഡ് ടീമിന്റെ ഭാഗമായിരുന്ന ക്രോ 1996ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

77 ടെസ്റ്റുകളില്‍ നിന്ന് 5444 റണ്‍സും 143 ഏകദിനത്തില്‍ നിന്ന് 4704 റണ്‍സും നേടിയിട്ടുണ്ട്. 17 ടെസ്റ്റ് സെഞ്ചുറികളും നാല് ഏകദിന സെഞ്ചുറികളും ക്രോ തന്റെ പേരില്‍ കുറിച്ചു. 1991ല്‍ ശ്രീലങ്കക്കെതിരെ നേടിയ 299 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍.

2012 ല്‍ കാന്‍സര്‍ കണ്ടെത്തിയെങ്കിലും രോഗത്തെ നേരിട്ട ക്രോയുടെ ധീരത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവശതയിലും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ലോകകപ്പിലെ ന്യൂസിലന്‍ഡിന്റെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മല്‍സരം കാണാന്‍ ഈഡന്‍പാര്‍ക് സ്റ്റേഡിയത്തില്‍ ക്രോ എത്തിയിരുന്നു.

ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരസ്‌കാരമായ വിസ്ഡന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. മുന്‍ മിസ് യൂനിവേഴ്‌സ് ലോറന്‍ ഡൗണ്‍സാണ് ഭാര്യ. മക്കള്‍: എമ്മ, ഹില്‍ട്ടന്‍, ജാസ്മിന്‍.

Top