കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് മറുനാടന്‍ മലയാളിയക്ക് ഒരു കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്. യുവ നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന പരാതികള്‍ക്കിടയിലാണ് മറുനാടന്‍ മലയാളി പ്രതികൂട്ടിലാകുന്നത്. നേരത്തെയും വ്യാജ വാര്‍ത്തകളുടെ പേരില്‍ കുടുങ്ങിയട്ടുള്ള മഞ്ഞപത്രത്തിന് ഈ കേസ് പുലിവാലായി മാറുമെന്നുറപ്പാണ്.
പത്രത്തിന്റെ സി ഇ ഒ, ചീഫ് എഡിറ്റര്‍, സിനിമാ പ്രവര്‍ത്തകനായ ബൈജുകൊട്ടാരക്കര എന്നിവര്‍ക്ക് മുതിര്‍ന്ന അഭിഭാഷകനും ചന്ദ്രബോസ് കേസുള്‍പ്പെടെ പ്രധാനപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറുമായ സിപി ഉദയഭാനു മുഖേനെയാണ് ഇവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്.
നടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ തനിക്ക് മാനഹാനിയുണ്ടാക്കുവിധം വാര്‍ത്ത നല്‍കിയെന്നാരോപിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോരജ് കാരന്തൂരാണ് നിയമ നടപടികള്‍ സ്വീകരിക്കുന്നത്.
യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ തന്റെ പേര് തെറ്റായി പ്രചരിപ്പിച്ചുവെന്നാരോപിച്ച് നടന്‍ ദിലീപും നേരത്തെ ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ കേസില്‍ കൊച്ചി പോലീസ് അന്വേഷണം കഴിഞ്ഞ ദിവസം അന്വേഷണം ആരംഭിച്ചിരുന്നു.