മാരുതി സുസുക്കി വിപണിയിലെത്തിച്ച പുത്തന്‍ വാണിജ്യ വാഹനമാണ് സൂപ്പര്‍ ക്യാരി. ചെറു വാണിജ്യ വാഹന ശ്രേണിയിലാണ് സൂപ്പര്‍ ക്യാരിയെ മാരുതി അവതരിപ്പിച്ചത്. ടാറ്റയുടെ എയ്സാണ് പ്രധാന എതിരാളി. പിന്നെ, മഹീന്ദ്രയുടെ ജീതോയും മാക്സിമോയും. സൂപ്പര്‍ ക്യാരിയ്ക്ക് 4.01 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഡീസല്‍ എന്‍ജിനാണുള്ളത്. കര്‍ക്കശ മലിനീകരണ നിയന്ത്രണങ്ങളുള്ള ഡല്‍ഹി പോലെയുള്ള നഗരങ്ങള്‍ക്കായി സി.എന്‍.ജി എന്‍ജിനും മാരുതി ഉദ്ദേശിക്കുന്നു.3500 ആര്‍.പി.എമ്മില്‍ 33 ബി.എച്ച്.പി കരുത്തുള്ളതാണ് ഇതിലെ രണ്ട് സിലിണ്ടര്‍ 793 സി.സി ഡീസല്‍ എന്‍ജിന്‍. ഉയര്‍ന്ന് ടോര്‍ക്ക് 2000 ആര്‍.പി.എമ്മില്‍ 75 ന്യൂട്ടണ്‍ മീറ്റര്‍.
പരമാവധി ഭാരവും വഹിച്ച്, ഡ്രൈവറെ നിരാശപ്പെടുത്താടെ ഏതു നിരത്തിലൂടെയും അനായാസം നീങ്ങാന്‍ സൂപ്പര്‍ ക്യാരിയ്ക്ക് ഈ എന്‍ജിന്‍ ധാരാളം. പേലോഡ് കപ്പാസിറ്റി 740 കിലോഗ്രാം. നാല് മീറ്ററിനടുത്ത് നീളവും ഒന്നര മീറ്രര്‍ വീതയുമുണ്ട് സൂപ്പര്‍ ക്യാരിക്ക്. ഉയരം 1.8 മീറ്റര്‍. 160 എം.എം ഗ്രൗണ്ട് ക്ളിയറന്‍സും പ്ളസ് പോയിന്റാണ്. ഗിയറുകള്‍ അഞ്ച്. ലിറ്ററിന് 22.07 കിലോമീറ്റര്‍ വരെ മൈലേജ് കിട്ടും. പരമാവധി വേഗം 80 കിലോമീറ്റര്‍. 4.3 മീറ്റര്‍ ടേണിംഗ് റേഡിയസ് നഗര നിരത്തുകള്‍ക്ക് ഏറെ അനുയോജ്യം.രണ്ടു മീറ്ററാണ് വീല്‍ബെയ്സ്. പരമാവധി ഭാരം വഹിച്ച്, ഉയര്‍ന്ന വേഗത്തില്‍ പോകുമ്പോള്‍ സുഖകരമായ ഡ്രൈവിംഗ് ആസ്വദിക്കാന്‍ ഇതുമൂലം കഴിയും. കാറുകള്‍ക്ക് സമാനമായ ഫീച്ചറുകള്‍ ഇല്ലെങ്കിലും മൊബൈല്‍ ചാര്‍ജിംഗിനും മ്യൂസിക് പ്ളെയര്‍ ഘടിപ്പിക്കാനുമുള്ള സൗകര്യങ്ങള്‍ അകത്തളത്തിലെ ആകര്‍ഷണമാണ്. രണ്ടു പേര്‍ക്ക് യാത്ര ചെയ്യാം. പിന്നിലെ വിന്‍ഡോ ഗ്ളാസ് തുറക്കാവുന്നതാണെന്നതും മറ്റൊരു മികവ്. വിന്‍ഡ് സ്ക്രീന്‍ വിശാലമായ കാഴ്ച നല്‍കുന്നുണ്ട്. വെള്ള, സീല്‍വര്‍ നിറഭേദങ്ങളില്‍ സൂപ്പര്‍ ക്യാരി ലഭിക്കും.